സാബുവിനെ അധിക്ഷേപിച്ച മുന്‍ മന്ത്രിയുടെ മനോനില പരിശോധിക്കണമെന്ന് കോണ്‍ഗ്രസ്; ജനുവരി 6ന് രമേശ് ചെന്നിത്തല സാബുവിന്റെ കുടുംബത്തെ സന്ദര്‍ശിക്കും: 9ന് കട്ടപ്പന ഡിവൈഎസ്പി ഓഫീസ് മാര്‍ച്ച്
സാബുവിനെ അധിക്ഷേപിച്ച മുന്‍ മന്ത്രിയുടെ മനോനില പരിശോധിക്കണമെന്ന് കോണ്‍ഗ്രസ്; ജനുവരി 6ന് രമേശ് ചെന്നിത്തല സാബുവിന്റെ കുടുംബത്തെ സന്ദര്‍ശിക്കും: 9ന് കട്ടപ്പന ഡിവൈഎസ്പി ഓഫീസ് മാര്‍ച്ച്

ഇടുക്കി: കട്ടപ്പനയില്‍ ജീവനൊടുക്കിയ വ്യാപാരി മുളങ്ങാശേരിയില്‍ സാബുവിനെയും കുടുംബത്തെയും അധിക്ഷേപിച്ച എം എം മണിയുടെ മനോനില അടിയന്തരമായി പരിശോധിക്കണമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ കട്ടപ്പനയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജനുവരി 6ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കട്ടപ്പനയിലെത്തി സാബുവിന്റെ കുടുംബത്തെ സന്ദര്‍ശിക്കും. 9ന് കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി കട്ടപ്പന ഡിവൈഎസ്പി ഓഫീസിലേക്ക് മാര്‍ച്ച് നടത്തും. നിക്ഷേപിച്ച പണം ഭാര്യയുടെ ചികിത്സയ്ക്കായി ആവശ്യപ്പെട്ട് സിപിഎം നേതാവ് വി ആര്‍ സജിയോട് കെഞ്ചുന്ന സാബുവിന്റെ ഫോണ്‍ സംഭാഷണം എല്ലാവരുടെയും കൈവശമുണ്ട്. വി ആര്‍ സജിയുടെ ഭീഷണിയാണ് സാബുവിനെ മരണത്തിലേക്ക് നയിച്ചതെന്ന് അറിയാത്തവര്‍ പൊലീസും സിപിഎമ്മുകാരും മാത്രമാണ്. മരണത്തിന്റെ ഉത്തരവാദിത്വത്തില്‍നിന്ന് ഒഴിയാന്‍ വേണ്ടി മുന്‍ മന്ത്രിയെ കട്ടപ്പനയില്‍ കൊണ്ടുവന്ന് സാബുവിനെയും കുടുംബത്തെയും അപമാനിക്കുന്നത് നോക്കിനില്‍ക്കാനാകില്ല. ശരിയായ മനോനിലയുള്ള ആര്‍ക്കും ഇത്തരം പ്രസ്താവന നടത്താനാകില്ല. ആരെയും അപമാനിക്കുകയും പുലഭ്യം പറയുകയും ചെയ്യുന്ന സിപിഎമ്മുകാരെ അക്രമത്തിന് പ്രചോദിപ്പിക്കുകയും ചെയ്യുന്ന എം എം മണിയുടെ മനോനിലയാണ് പരിശോധിക്കണം. കോണ്‍ഗ്രസ് തകര്‍ത്ത സഹകരണ സ്ഥാപനങ്ങളുടെ പുനരുദ്ധാരണം ഏറ്റെടുത്തുവെന്ന സിപിഎം വാദം അപഹാസ്യമാണ്. റൂറല്‍ ഡെവലപ്‌മെന്റ് സഹരണ സംഘത്തില്‍നിന്ന് ഭരണം ഒഴിയുംമുമ്പ് സാബുവിന്റെ മുഴുവന്‍ നിക്ഷേപവും തിരികെ നല്‍കിയിരുന്നു. എന്നാല്‍ സിപിഎം ജില്ലയില്‍നിന്നുള്ള മുന്‍ മന്ത്രിയെ കട്ടപ്പനയില്‍ കൊണ്ടുവന്ന് സാബുവിനെ വിളിച്ചുവരുത്തി പണത്തിന് ഉറപ്പുനല്‍കി നിക്ഷേപം തിരികെ വാങ്ങുകയായിരുന്നുവെന്നും കോണ്‍ഗ്രസ് ആരോപിച്ചു. സിപിഎം റൂറല്‍ ഡെവലപ്‌മെന്റ് സഹകരണ സംഘം പിടിച്ചെടുത്തശേഷമാണ് കടുത്ത സാമ്പത്തിക പ്രതിസന്ധി ഉണ്ടായത്. ബാങ്കിന്റെ കെടുകാര്യസ്ഥതക്കെതിരെ ഓഡിറ്റ് റിപ്പോര്‍ട്ട് ഉള്‍പ്പെടെ നല്‍കിയ സഹകരണ വകുപ്പ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റുകയും ഭീഷണിപ്പെടുത്തികയും ചെയ്തു. സിപിഎമ്മിന് താല്‍പര്യമുള്ളവരെ നിയമിച്ചാണ് വഴിവിട്ട സാമ്പത്തിക ഇടപാടുകള്‍ നടത്തിയത്. നിക്ഷേപത്തിന്റെ 20 ശതമാനം കരുതല്‍ ധനമായി അപ്പക്സ് ബാങ്കില്‍ സൂക്ഷിക്കണമെന്ന ചട്ടപ്രകാരം അഞ്ചു കോടിയിലേറെ കരുതല്‍ ധനം സംഘത്തില്‍ ഉണ്ടാകണം. എന്നാല്‍ രണ്ട് ലക്ഷം രൂപ തിരികെ ചോദിച്ച സാബുവിനെ ജീവനക്കാരും സിപിഎം നേതാവും ഭീഷണിപ്പെടുത്തി. സമ്മേളനം നടത്തി കുടുംബത്തെ ഒന്നടങ്കം അപമാനിച്ച സിപിഎം മാപ്പുപറയണമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. സാബുവിന്റെ മരണത്തിന്റെ യഥാര്‍ഥ ഉത്തരവാദിയായ സിപിഎം മുന്‍ ഏരിയാ സെക്രട്ടറിയെ കേസില്‍ പ്രതി ചേര്‍ത്ത് അടിയന്തരമായി അറസ്റ്റ് ചെയ്യണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
വാര്‍ത്താസമ്മേളനം എഐസിസി അംഗം അഡ്വ. ഇ എം ആഗസ്തി, കെപിസിസി സെക്രട്ടറി തോമസ് രാജന്‍, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സിജു ചക്കുംമൂട്ടില്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






