ഇടുക്കി: ജില്ലയില്‍ കാട്ടാന ആക്രമണത്തില്‍ ഈവര്‍ഷം മാത്രം ഏഴുപേരുടെ ജീവന്‍ നഷ്ടമാകുകയും വന്യജീവി ശല്യം വര്‍ധിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ വനം വകുപ്പിനെതിരെ വ്യാപക പ്രതിഷേധം. വനപാലകരുടെ ഇടപെടലുകള്‍ ഫലപ്രദമല്ലെന്നാണ് ആക്ഷേപം. മുമ്പ് നടപ്പാക്കിയ പദ്ധതികള്‍ കാര്യക്ഷമമായി മുന്നോട്ടുപോകുന്നില്ല.
കഴിഞ്ഞദിവസം മുള്ളരിങ്ങാട്ട് കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടതാണ് ഒടുവിലത്തെ സംഭവം. ജില്ലയില്‍ 30ലേറെ പേര്‍ക്ക് വന്യജീവി ആക്രമണത്തില്‍ പരിക്കേറ്റു. 100ല്‍പ്പരം വീടുകള്‍ക്കും കടകള്‍ക്കും നാശമുണ്ടാക്കി. 500ലേറെ ഹെക്ടര്‍ സ്ഥലത്താണ് കൃഷിനാശം. ദേവികുളം താലൂക്കിലെ 13 പഞ്ചായത്തുകളിലും കാട്ടാന ശല്യമുണ്ട്. ഉടുമ്പന്‍ചോല, ഇടുക്കി താലൂക്കുകളില്‍ കാട്ടാന ശല്യം രൂക്ഷമാണ്. മൂന്നാറിലെ ജനവാസ മേഖലകളില്‍ സദാസമയം വന്യമൃഗങ്ങള്‍ വിഹരിക്കുന്നു. ഓരോദിവസവും കാട്ടാനശല്യം വര്‍ധിച്ചുവരികയാണ്. വേനല്‍ കനക്കുന്നതോടെ ഇവറ്റകള്‍ കൂട്ടത്തോടെ ജനവാസ കേന്ദ്രങ്ങളിലെത്തും. വനംവകുപ്പിന്റെ ഫലപ്രദമായ ഇടപെടലിനായി മുറവിളി ഉയരുകയാണ്.