ഇടുക്കി: എല്‍ഡിഎഫ് സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങളിലും വനനിയമ ഭേദഗതി ബില്‍, സിഎച്ച്ആര്‍ വിഷയത്തിലെ അനാസ്ഥ എന്നിവയിലും പ്രതിഷേധിച്ച് യുഡിഎഫ് ഉടുമ്പന്‍ചോല നിയോജകമണ്ഡലം കമ്മിറ്റി 6ന് രാവിലെ 10മുതല്‍ രാജകുമാരിയില്‍ ജനകീയ വിചാരണ സദസും മാര്‍ച്ചും നടത്തും. ഉച്ചകഴിഞ്ഞ് 3ന് സദസ് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രാവിലെ 10ന് ധര്‍ണ കേരള കോണ്‍ഗ്രസ് ഡെപ്യൂട്ടി ചെയര്‍മാന്‍ അഡ്വ. കെ ഫ്രാന്‍സിസ് ജോര്‍ജ് എംപി ഉദ്ഘാടനം ചെയ്യും.
സദസിന് മുന്നോടിയായി ദൈവമാതാ പള്ളി ഭാഗത്തുനിന്ന് മാര്‍ച്ച് ആരംഭിക്കും. അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി മുഖ്യപ്രഭാഷണം നടത്തും. മുസ്ലീംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ടി എം സലിം, യുഡിഎഫ് ജില്ലാ നേതാക്കള്‍ എന്നിവര്‍ സംസാരിക്കും.
വന്യജീവികളുടെ ആക്രമണങ്ങളില്‍നിന്ന് കര്‍ഷകരെ സംരക്ഷിക്കാനും അര്‍ഹതപ്പെട്ട നഷ്ടപരിഹാരം നല്‍കുന്നതിനും നിയമ ഭേദഗതി ചെയ്യേണ്ടതിനുപകരം സര്‍ക്കാര്‍, ദ്രോഹനയങ്ങള്‍ ഉള്‍പ്പെടുന്ന ബില്ല് അവതരിപ്പിച്ചു. വനം മന്ത്രിയുടെ നേതൃത്വത്തില്‍ മന്ത്രിസഭയുടെ അറിവോടെ ഇറക്കിയ ബില്ല് കര്‍ഷകരെ കുടിയിറക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ്. ജില്ലയില്‍നിന്നുള്ള മന്ത്രി റോഷി അഗസ്റ്റിനും അറിഞ്ഞുകൊണ്ടാണ് ബില്ല് ഇറക്കിയതെന്നും യുഡിഎഫ് നേതാക്കള്‍ കുറ്റപ്പെടുത്തി. വാര്‍ത്താസമ്മേളനത്തില്‍ നിയോജക മണ്ഡലം ചെയര്‍മാന്‍ എം ജെ കുര്യന്‍, കണ്‍വീനര്‍ ബെന്നി തുണ്ടത്തില്‍, കോ ഓര്‍ഡിനേറ്റര്‍ അഡ്വ. സേനാപതി വേണു, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എം പി ജോസ്, മുസ്ലീംലീഗ് നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി ജമാല്‍ ഇടശേരിക്കുടി, കേരളാ കോണ്‍ഗ്രസ്(ജേക്കബ്ബ്) നിയോജക മണ്ഡലം പ്രസിഡന്റ് ജോസ് ചിറ്റടി എന്നിവര്‍ പങ്കെടുത്തു.