ശാന്തിഗ്രാം പാലം: ഗതാഗത നിരോധന ഉത്തരവ് ലംഘിച്ച് രാത്രിയില്‍ വാഹനയാത്ര
ശാന്തിഗ്രാം പാലം: ഗതാഗത നിരോധന ഉത്തരവ് ലംഘിച്ച് രാത്രിയില്‍ വാഹനയാത്ര

ഇടുക്കി : ഇരട്ടയാര്‍ ശാന്തിഗ്രാം പാലത്തിലൂടെയുള്ള ഗതാഗത നിരോധന ഉത്തരവ് ലംഘിച്ച് രാത്രിയില്‍ വാഹനങ്ങള്‍ കടന്നുപോകുന്നത് അപകട ഭീഷണി വര്‍ധിപ്പിക്കുന്നു. പഞ്ചായത്ത്, പൊലീസ് അടക്കമുള്ളവര്‍ സ്ഥാപിച്ച അപകട മുന്നറിയിപ്പ് സംവിധാനങ്ങള്‍ മറികടന്നാണ് വാഹനങ്ങള്‍ കടന്നുപോകുന്നത്. രാത്രി ഇതുവഴി വാഹനങ്ങള്‍ കടന്നുപോയത് ചോദ്യം ചെയ്ത നാട്ടുകാരെ ഡ്രൈവര്‍മാര്‍ അസഭ്യം പറയുകയും ചെയ്തു. കഴിഞ്ഞ ദിവസമുണ്ടായ കനത്തമഴയിലാണ് പാലത്തിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞത്. ഇതിനെത്തുടര്‍ന്ന് പാലത്തിലൂടെ ഇരുചക്ര വാഹനങ്ങള്‍ ഒഴികെയുള്ള മറ്റ് വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ബുധനാഴ്ച പഞ്ചായത്ത് പ്രസിഡന്റ് ജിഷാ ഷാജി, കട്ടപ്പന ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥര്‍ അടക്കം സ്ഥലത്തെത്തി പാലത്തിന്റെ ഇരുവശത്തും അപകട മുന്നറിയിപ്പ് സുരക്ഷാ സംവിധാനങ്ങള്‍ സ്ഥാപിച്ചു. ഇത് ലംഘിച്ച് പാലത്തിലൂടെ കടന്നുപോകുന്ന മറ്റുവാഹനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.
What's Your Reaction?






