കോണ്‍ഗ്രസ് കട്ടപ്പന ഡിവൈഎസ്പി ഓഫീസ് പടിക്കലേക്ക് മാര്‍ച്ച് നടത്തി
കോണ്‍ഗ്രസ് കട്ടപ്പന ഡിവൈഎസ്പി ഓഫീസ് പടിക്കലേക്ക് മാര്‍ച്ച് നടത്തി

ഇടുക്കി: കട്ടപ്പനയിലെ വ്യാപാരി സാബുവിന്റെ ആത്മഹത്യത ചെയ്ത സംഭവത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കട്ടപ്പന ഡിവൈഎസ്പി ഓഫീസ് പടിക്കലേക്ക് മാര്‍ച്ച് നടത്തി. പൊലീസ് സ്റ്റേഷന് സമീപം മാര്‍ച്ച് തടഞ്ഞു. നേരിയ സംഘര്‍ഷത്തിന് ഇടയില്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റിന്റെ നേതൃത്വത്തില്‍ പൊലീസ് ഉദ്യോഗസ്ഥന്റെ കൈയില്‍ ഇരുന്ന ലാത്തി പിടിച്ചുവാങ്ങി കൊടികെട്ടാന്‍ ശ്രമം നടത്തി. തുടര്‍ന്ന് നടന്ന പ്രതിഷേധയോഗം എഐസിസി അംഗം അഡ്വ. ഇ എം ആഗസ്തി ഉദ്ഘാടനം ചെയ്തു. സഹകരണ സ്ഥാപനം എന്ന കള്ളപേര് പ്രചരിപ്പിച്ചുകൊണ്ട് സാബുവിനെ പോലെയുള്ള സത്യസന്ധരായവരുടെ മുഴുവന്‍ സമ്പാദ്യവും തട്ടിയെടുക്കുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കാരാണ് നാട്ടിലെ വയ്യാവേലികള്‍. വ്യക്തമായ തെളിവുകള്‍ ഉണ്ടായിട്ടും പ്രതികളെ കണ്ടെത്താനും അറസ്റ്റ് ചെയ്യാനും പൊലീസിന് കഴിയുന്നില്ലെന്നും കേരളത്തിലെ മുഴുവന്‍ സഹകരണ സ്ഥാപനങ്ങളെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കൊള്ളയടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കട്ടപ്പന റൂറല്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലെ നിക്ഷേപം തിരികെ കിട്ടാതെ വന്നതോടെയാണ് വ്യാപാരിയായിരുന്ന മുളങ്ങാശേരി സാബു ആത്മഹത്യ ചെയ്തത്. ഭാര്യയുടെ ചികിത്സ ആവശ്യത്തിന് പണം തിരികെ ചോദിച്ചപ്പോള്‍ അപമാനിക്കപ്പെട്ടതില്‍ മനംനൊന്താണ് സാബു ജീവനൊടുക്കിയതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. ആത്മഹത്യ കുറിപ്പും ശബ്ദരേഖയും ഉണ്ടായിട്ടും ഭരണ നേതൃത്വത്തിന്റെ ഇടപെടല്‍ കൊണ്ടാണ് പൊലീസ് നിഷ്‌ക്രിയമായി നില്‍ക്കുന്നത്. സാബുവിന്റെ കുടുംബത്തിന് നീതി ലഭിക്കുന്നതുവരെ ശക്തമായ സമരം നടത്തുമെന്നും നേതാക്കള്‍ പറഞ്ഞു. കട്ടപ്പന ബ്ലോക്ക് പ്രസിഡന്റ് തോമസ് മൈക്കിള്‍ അധ്യക്ഷനായി. യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി, കെപിസിസി സെക്രട്ടറി തോമസ് രാജന്‍, നേതാക്കളായ അഡ്വ. സേനാപതി വേണു, ജോര്‍ജ് ജോസഫ് പടവന്‍, എം ഡി അര്‍ജുനന്‍, അഡ്വ. കെ ജെ ബെന്നി, കെ ബി സെല്‍വം, ജെയ്സണ്‍ കെ ആന്റണി, മനോജ് മുരളി, ജോസ് മുത്തനാട്ട്, ഫ്രാന്‍സിസ് അറക്കപ്പറമ്പില്‍, ബീനാ ടോമി മിനി സാബു, സിജു ചക്കുംമൂട്ടില്‍, അനീഷ് മണ്ണൂര്‍, പി. എം. ഫ്രാന്‍സിസ്, ലിനീഷ് അഗസ്റ്റിന്‍,ജെയിംസ് കാപ്പന്‍, ഷാല്‍ വെട്ടിക്കാട്ട് തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






