പെരിയാര്‍ നദി തീരത്ത് മണ്ണ് തള്ളിയ സംഭവത്തില്‍ ഇറിഗേഷന്‍ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി
പെരിയാര്‍ നദി തീരത്ത് മണ്ണ് തള്ളിയ സംഭവത്തില്‍ ഇറിഗേഷന്‍ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി

ഇടുക്കി: ആലടി മുതല്‍ ചപ്പാത്ത് വരെയുള്ള പെരിയാര്‍ നദിയുടെ തീരങ്ങളില്‍ മണ്ണ് തള്ളിയ സംഭവത്തില്‍ ഇറിഗേഷന്‍ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. മലയോര ഹൈവേ നിര്‍മാണത്തിന്റെ മറവില്‍ അനധികൃത പ്രവര്‍ത്തനങ്ങളെ കുറിച്ച് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് സംഘം ആലടിയിലെത്തി പരിശോധന നടത്തിയത്. മാനദണ്ഡങ്ങള്‍ പാലിക്കാതെ പുറംപോക്ക് ഭൂമിയില്‍ മണ്ണ് തള്ളിയ സംഭവത്തെ കുറിച്ച് ചങ്ങനാശേരി ഡിവിഷന്‍ ഉദ്യോഗസ്ഥര്‍ക്കും ജില്ലാ കലക്ടര്‍ക്കും റിപ്പോര്‍ട്ട് നല്‍കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മണ്ണ് തള്ളിയ സ്ഥലത്ത് സ്വകാര്യ വ്യക്തി കല്ലുകെട്ടി തിരിക്കുകയും നിലമൊരുക്കി നിര്‍മാണം നടത്തുന്നതിനുള്ള ശ്രമങ്ങള്‍ നടത്തുകയും ചെയ്തിരുന്നു. പട്ടയമുള്ള ഭൂമിയുടെ ഉടമയോട് അനുവാദം വാങ്ങി റവന്യു അധികാരികളില്‍ നിന്ന് പെര്‍മിഷന്‍ എടുത്തശേഷമേ മണ്ണ് തള്ളാന്‍ പാടുള്ളുവെന്ന നിയമമാണ് മലയോര ഹൈവേ നിര്‍മാതാക്കള്‍ ലംഘിച്ചിരിക്കുന്നത്. കാലവര്‍ഷമാകുന്നതോടെ പെരിയാര്‍ നദികര കവിഞ്ഞൊഴുകിയാല്‍ ഈ മണ്ണ് ഇടുക്കി ജലസംഭരണിയിലേക്ക് ഒഴുകി എത്തും. ഇത് ജലജന്യജീവികളുടെ നാശത്തിനും, ഇടുക്കി അണക്കെട്ടിന്റെ സുരക്ഷിതത്വത്തിനുതന്നെ ഭീഷണിയാകുമെന്നും പരിസ്ഥിതി സംഘടനകള്‍ പറയുന്നു. മേജര്‍ ഇറിഗേഷന്‍ കുമളി സെക്ഷനിലെ ഉദ്യോഗസ്ഥരായ അസിസ്റ്റന്റ് എഞ്ചിനീയര്‍ ബിനു മാത്യു, ഓവര്‍സീയര്‍ എ.ജെ ജോസുകുട്ടി എന്നിവരാണ് പരിശോധന നടത്തിയത്.
What's Your Reaction?






