ഇടുക്കി: രാജകുമാരി നോര്‍ത്ത് രാമചന്ദ്രംദേവി ശ്രീഅയ്യപ്പ ക്ഷേത്രത്തില്‍ മകരവിളക്ക് മഹോത്സവം സമാപിച്ചു. സമാപനദിനത്തില്‍ കുരുവിളാസിറ്റിയില്‍നിന്ന് വാദ്യമേളങ്ങളുടെ അകമ്പടിയില്‍ തെയ്യം, മയിലാട്ടം, കാവടി എന്നിവ അണിനിരന്ന താലപ്പൊലി ഘോഷയാത്രയില്‍ നൂറുകണക്കിന് ഭക്തര്‍ പങ്കെടുത്തു. മകരവിളക്ക് ദിനത്തില്‍ നിരവധിയാളുകളാണ് ക്ഷേത്രത്തിലെത്തിയത്. വിവിധ ദിവസങ്ങളിലായി മഹാഗണപതി ഹോമം, മറ്റ് പൂജകള്‍ എന്നിവ നടന്നു.
ഘോഷയാത്രയില്‍ ഭഗവാനെ എഴുന്നള്ളിച്ചുള്ള രഥം ക്ഷേത്രാങ്കണത്തില്‍ എത്തിച്ചേര്‍ന്നതോടെ വിശേഷാല്‍ ദീപാരാധനയും പുഷ്പാഭിഷേകവും നടന്നു. തന്ത്രി അക്കിരമണ്‍ കാളിദാസന്‍ ഭട്ടതിരിപ്പാടും മേല്‍ശാന്തി പി യു സുമേഷ് ശാന്തിയും മുഖ്യകാര്‍മികത്വം വഹിച്ചു. പ്രസിഡന്റ് സി എന്‍ സുരേഷ്, സെക്രട്ടറി വി ആര്‍ സുനില്‍കുമാര്‍, ഉത്സവകമ്മിറ്റി ചെയര്‍മാന്‍ പി ജി രാജേഷ്, കണ്‍വീനര്‍ ദീപു ഭാസ്‌കരന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.