കുമളിയിലെ നവജാത ശിശുവിന്റെ മരണം: പോസ്റ്റ്‌മോര്‍ട്ടത്തിനായി കല്ലറ തുറന്ന് മൃതദേഹം പുറത്തെടുത്തു
കുമളിയിലെ നവജാത ശിശുവിന്റെ മരണം: പോസ്റ്റ്‌മോര്‍ട്ടത്തിനായി കല്ലറ തുറന്ന് മൃതദേഹം പുറത്തെടുത്തു

ഇടുക്കി: കുമളിയിലെ സ്വകാര്യ ആശുപത്രിയില്‍ നവജാത ശിശു മരിച്ച സംഭവത്തില്‍ അച്ഛന്റെ പരാതിയെ തുടര്‍ന്നുള്ള അന്വേഷണത്തിന്റെ ഭാഗമായി കല്ലറയില്‍നിന്ന് മൃതദേഹം പുറത്തെടുത്തു. ഫോറന്‍സിക് സംഘം ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കിയശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കുമളി ആറാംമൈല്‍ നെല്ലിക്കല്‍ സേവ്യര്‍- ടിനു ദമ്പതികളുടെ ആണ്‍കുഞ്ഞാണ് കഴിഞ്ഞ 10ന് പ്രസവ ശസ്ത്രക്രിയയ്ക്കിടെ മരിച്ചത്. മരണകാരണം വ്യക്തമാക്കാത്ത ആശുപത്രി അധികൃതരുടെ നടപടിക്കെതിരെ സേവ്യര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. സംഭവത്തില്‍ ആശുപത്രി അധികൃതര്‍ക്ക് വീഴ്ച സംഭവിച്ചുണ്ടോയെന്ന് പരിശോധിക്കും.
സേവ്യറിന്റെ ഭാര്യ ടിനുവിനെ ഗര്‍ഭകാല പരിശോധനയുടെ ഭാഗമായി കുമളി സെന്റ് അഗസ്റ്റിന്‍ ആശുപത്രിയിലെത്തിച്ചപ്പോഴാണ് ഗര്‍ഭപാത്രത്തില്‍ കുഞ്ഞ് ചരിഞ്ഞുകിടക്കുകയാണെന്ന് കണ്ടത്. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 10 രാവിലെ യുവതി അസ്വസ്ഥത പ്രകടിപ്പിക്കുകയും പരിശോധനയില്‍ കുഞ്ഞിന്റെ ഹൃദയമിടിപ്പ് കുറയുന്നതായും കണ്ടെത്തി. ഇതോടെ അടിയന്തര ശസ്ത്രക്രിയ നടത്തി. എന്നാല്‍ കുഞ്ഞിനെ മരിച്ചനിലയിലാണ് ഗര്‍ഭപാത്രത്തില്‍നിന്ന് പുറത്തെടുത്തതെന്ന് ആശുപ്രതി അധികൃതര്‍ ബന്ധുക്കളെ അറിയിക്കുകയായിരുന്നു. അന്നേദിവസം വൈകിട്ടോടെ കുഞ്ഞിന്റെ സംസ്‌കാരം നടത്തി. എന്നാല്‍ മരണകാരണം സംബന്ധിച്ച് വ്യക്തമായ മറുപടി ലഭിക്കാത്തതിനാല്‍ ദമ്പതികള്‍ പരാതി നല്‍കുകയായിരുന്നു.
തുടര്‍ന്ന് പൊലീസ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ തീരുമാനിച്ചു. വെള്ളിയാഴ്ച ഇന്‍ക്വസ്റ്റ് നടപടി പൂര്‍ത്തിയാക്കി മൃതദേഹം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇടുക്കി സബ് കലക്ടര്‍ അനൂപ് ഗാര്‍ഗിന്റെ സാന്നിധ്യത്തിലായിരുന്നു നടപടി. അതേസമയം ചികിത്സാപ്പിഴവ് ഉണ്ടായിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. പുലര്‍ച്ചെ വരെ കുഞ്ഞിന്റെ ഹൃദയമിടിപ്പ് സാധാരണ നിലയിലായിരുന്നു. പെട്ടെന്നു ഹൃദയമിടിപ്പ് കുറഞ്ഞ് നിലച്ചു. അന്നുതന്നെ പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ തങ്ങള്‍ നിര്‍ദേശിച്ചിരുന്നുവെന്നും അധികൃതര്‍ വ്യക്തമാക്കി. ഏതെങ്കിലും തരത്തില്‍ ആശുപത്രി അധികൃതര്‍ക്ക് വീഴ്ച ഉണ്ടായിട്ടുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. വിശദമായ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നശേഷം മാത്രമേ ഇക്കാര്യങ്ങളില്‍ വ്യക്തത ഉണ്ടാകൂ.
What's Your Reaction?






