ഇടുക്കി: പൊലീസ് പരിശോധന കണ്ട് അമിതവേഗത്തില്‍ പിന്നിലേക്ക് ഓടിച്ച കാര്‍ ഓട്ടോറിക്ഷയില്‍ ഇടിച്ച് അപകടത്തില്‍പ്പെട്ടു. കാര്‍ ഓടിച്ചിരുന്നയാള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. കട്ടപ്പന വെള്ളയാംകുടി- വെട്ടിക്കുഴക്കവല റോഡിലാണ് ഓള്‍ട്ടോ കാര്‍ അപകടത്തില്‍പെട്ടത്. ഞായറാഴ്ച വൈകിട്ട് 5ഓടെയാണ് സംഭവം. കട്ടപ്പന ട്രാഫിക് പൊലീസ് പരിശോധന നടത്തുന്നതിനിടെയാണ് ഓള്‍ട്ടോ ഇതുവഴി എത്തിയത്. പൊലീസിനെകണ്ട് പെട്ടെന്ന് പിന്നോട്ടെടുത്ത കാര്‍ ഓട്ടോറിക്ഷയില്‍ ഇടിച്ചശേഷം നിയന്ത്രണം നഷ്ടമായി റോഡില്‍നിന്ന് തെന്നിമാറി. കല്ലില്‍ തട്ടിനിന്നതിനാല്‍ വന്‍ അപകടം ഒഴിവായി. വെള്ളയാംകുടി സ്വദേശികളാണ് കാറിലുണ്ടായിരുന്നത്. പൊലീസ് നടപടി സ്വീകരിച്ചു.