വന്യജീവി ആക്രമണം: വനംവകുപ്പിന്റെ നഷ്ടപരിഹാരം മുടങ്ങിയിട്ട് മാസങ്ങള്‍: പ്രതിസന്ധിയിലായി കര്‍ഷകര്‍
വന്യജീവി ആക്രമണം: വനംവകുപ്പിന്റെ നഷ്ടപരിഹാരം മുടങ്ങിയിട്ട് മാസങ്ങള്‍: പ്രതിസന്ധിയിലായി കര്‍ഷകര്‍

ഇടുക്കി: വന്യജീവികള്‍ മൂലമുള്ള കൃഷി നാശത്തിന് വനംവകുപ്പിന്റെ നഷ്ടപരിഹാരം മുടങ്ങിയിട്ട് മാസങ്ങള്‍. വന്യജീവി ആക്രമണത്തില്‍ കൃഷിനാശം സംഭവിക്കുന്ന കര്‍ഷകര്‍ക്ക് നാമമാത്രമായ തുകയാണ് നഷ്ടപരിഹാരമായി ലഭിക്കുന്നത്. കാട്ടാനയും കാട്ടുപന്നികളുമാണ് കാര്‍ഷിക വിളകള്‍ പ്രധാനമായും നശിപ്പിക്കുന്നത്. കഴിഞ്ഞദിവസം രാജകുമാരി മഞ്ഞകുഴി പാടശേഖരത്തെ വിളവെടുപ്പിനുപാകമായ നെല്‍കൃഷി കാട്ടുപന്നികള്‍ നശിപ്പിച്ചിരുന്നു. ഒരേക്കര്‍ പാടശേഖരത്തില്‍ നെല്‍കൃഷിയിറക്കണമെങ്കില്‍ കര്‍ഷകന് കുറഞ്ഞത് 30000 രൂപ ചെലവ് വരും. എന്നാല്‍ വന്യജീവികളുടെ ആക്രമണത്തില്‍ ഒരു ഹെക്ടറിലെ കൃഷി നശിച്ചാല്‍ പോലും ഇത്രയും തുക നഷ്ടപരിഹാരമായി കര്‍ഷകന് ലഭിക്കുന്നില്ല. കൃഷി വകുപ്പിന്റെ വിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടാത്ത കര്‍ഷകരുടെ കൃഷി വന്യജീവികള്‍ നശിപ്പിച്ചാല്‍ നഷ്ടപരിഹാരം പേരിന് മാത്രമാണ്. 9 വര്‍ഷം മുമ്പ് സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാര തുകയാണ് ഇപ്പോഴും വനംവകുപ്പ് നല്‍കുന്നത്. അപേക്ഷകളുടെ മുന്‍ഗണനാക്രമമനുസരിച്ചാണ് നഷ്ടപരിഹാരം നല്‍കുന്നത്. കൃഷിനാശം സംബന്ധിച്ച് കൃഷി ഓഫീസറുടെ റിപ്പോര്‍ട്ട് സഹിതമാണ് അപേക്ഷ നല്‍കേണ്ടത്. ഇതില്‍ വനംവകുപ്പ് നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഡിവിഷനല്‍ ഓഫീസ് മുഖേന നഷ്ടപരിഹാരം അനുവദിക്കുന്നത്. മുടക്കുമുതലിന്റെ നാലില്‍ ഒന്നുപോലും കര്‍ഷകര്‍ക്ക് നഷ്ടപരിഹാരമായി ലഭിക്കാത്ത സാഹചര്യത്തില്‍ നാമമാത്രമായ തുകയ്ക്കായി സര്‍ക്കാര്‍ ഓഫീസുകള്‍ കയറി ഇറങ്ങുവാനും കര്‍ഷകര്‍ മടിക്കുന്നു.
What's Your Reaction?






