സിഎച്ച്ആര്‍: സത്യവാങ്മൂലത്തില്‍ തെറ്റായ വിവരം നല്‍കിയത് അന്വേഷിക്കണമെന്ന് ഡിസിസി ജനറല്‍ സെക്രട്ടറി ബിജോ മാണി
സിഎച്ച്ആര്‍: സത്യവാങ്മൂലത്തില്‍ തെറ്റായ വിവരം നല്‍കിയത് അന്വേഷിക്കണമെന്ന് ഡിസിസി ജനറല്‍ സെക്രട്ടറി ബിജോ മാണി

ഇടുക്കി: സിഎച്ച്ആറിന്റെ വിസ്തൃതി സംബന്ധിച്ച് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നല്‍കിയ
സത്യവാങ്മൂലത്തില്‍ തെറ്റായ വിവരങ്ങള്‍ ഉള്‍പ്പെട്ടതെങ്ങനെയെന്ന് അന്വേഷിക്കണമെന്ന് ഡിസിസി ജനറല്‍ സെക്രട്ടറി ബിജോ മാണി ആവശ്യപ്പെട്ടു. 4 താലൂക്കുകളിലെ ലക്ഷക്കണക്കിന് കര്‍ഷകരെ ബാധിക്കുന്ന വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് സംശയാസ്പദമാണ്. സിഎച്ച്ആറിനെ കൂടി സംരക്ഷിത വനമാക്കി ജില്ലയില്‍ വീണ്ടും വനവിസ്തൃതി വര്‍ധിപ്പിക്കാനുള്ള ഗൂഢ നീക്കമാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
കൊളാറ്ററല്‍ നടപടികളില്‍ സമര്‍പ്പിച്ചിട്ടുള്ള രേഖകളിലും സത്യവാങ്മൂലങ്ങളിലും സിഎച്ച്ആറിന്റെ വിസ്തൃതിയിലുള്ള പൊരുത്തക്കേടുകള്‍ പരിഹരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് 2024 ഏപ്രില്‍ 15ന് സുപ്രീംകോടതി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിനുശേഷം 2024 ഒക്‌ടോബര്‍ 23ല്‍ നല്‍കിയ സത്യവാങ്മൂലത്തിലും ലാന്‍ഡ് റവന്യു കമ്മിഷണര്‍ റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് 2024 ജൂലൈ 12ല്‍ നല്‍കിയ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പോലും അവഗണിച്ച് 413 ചതുരശ്ര മൈലാണ് സിഎച്ച്ആറിന്റെ വിസ്തൃതിയെന്ന തെറ്റായ കണക്കാണ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയത്.
ഇത് കേസില്‍ തിരിച്ചടിയാകുമെന്ന് മാത്രമല്ല ഈ മേഖലയില്‍ നല്‍കിയിട്ടുള്ള പട്ടയങ്ങളുടെ നിയമസാധുതപോലും ചോദ്യം ചെയ്യപ്പെടുന്ന സ്ഥിതിയുണ്ടാക്കും. ഇനി പട്ടയം നല്‍കുന്നതിനെയും പ്രതികൂലമായി ബാധിച്ചേക്കും. സര്‍ക്കാരിനെക്കൊണ്ട് തെറ്റ് തിരുത്തിക്കേണ്ട ജില്ലയില്‍ നിന്നുള്ള മന്ത്രിയടക്കമുള്ള സിഎച്ച്ആര്‍ മേഖലയിലെ ജനപ്രതിനിധികള്‍ വിഷയം പഠിക്കാതെ പ്രസ്താവനകള്‍ നടത്തി ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്നു.
ലാന്‍ഡ് റവന്യു കമ്മിഷണര്‍ റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ സിഎച്ച്ആറിന്റെ വിസ്തൃതി സംബന്ധിച്ച് 3 കാര്യങ്ങളാണ് പറയുന്നത്.
1. 1917ല്‍ പ്രസിദ്ധീകരിച്ച തിരുവതാംകൂര്‍ ഫോറസ്റ്റ് മാനുവല്‍ പ്രകാരം 336 ചതുരശ്ര മൈലാണ് സിഎച്ച്ആറിന്റെ വിസ്തൃതി. 2. ഉടുമ്പന്‍ചോല താലൂക്ക് ഹെഡ് സര്‍വേയറുടെ 2024 ജൂലൈ 5ലെ റിപ്പോര്‍ട്ട് പ്രകാരം 392.1987ചതുരശ്ര മൈലാണ് സിഎച്ച്ആറിന്റെ വിസ്തൃതി. 3. 2020- 21 ലെ വനംവകുപ്പിന്റെ വാര്‍ഷിക ഭരണ റിപ്പോര്‍ട്ട് പ്രകാരം 329.051 ചതുരശ്രമൈലാണ് സിഎച്ച്ആറിന്റെ വിസ്തൃതി.
താലൂക്ക് ഹെഡ് സര്‍വേയര്‍ സിഎച്ച്ആറിന്റെ വിസ്തൃതി കണ്ടെത്താന്‍ ഉപയോഗിച്ചത് 1970ല്‍ തയാറാക്കിയ സര്‍വേ ഓഫ് ഇന്ത്യയുടെ മാപ്പാണ്. ഇതില്‍ സിഎച്ച്ആറിന്റെ അതിര്‍ത്തി അടയാളപ്പെടുത്തി വിസ്തൃതി കണക്കുകൂട്ടുകയാണ് ചെയ്തത്. ഈ മൂന്നുകണക്കും മറികടന്നാണ് 413 ചതുരശ്ര മൈലാണ് സിഎച്ച്ആറിന്റെ വിസ്തൃതിയെന്ന് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. 413 ചതുരശ്രമൈലാണ് സിഎച്ച്ആര്‍ വിസ്തൃതിയെന്നും ചീഫ് സെക്രട്ടറി നല്‍കിയ സത്യവാങ്മൂലത്തില്‍ കാര്യങ്ങള്‍ വ്യക്തമാണെന്നും സുപ്രീംകോടതിയില്‍ നിന്ന് കര്‍ഷകര്‍ക്ക് അനുകൂലമായി വിധിയുണ്ടാകുമെന്നുമാണ് ജില്ലയില്‍ നിന്നുള്ള മന്ത്രി പറയുന്നത്. എന്ത് രേഖകളുടെ അടിസ്ഥാനത്തിലാണ് സിഎച്ച്ആര്‍ വിസ്തൃതി 413 ചതുരശ്രമൈലാണെന്ന് പറഞ്ഞതെന്ന് മന്ത്രി വ്യക്തമാക്കണം. കാല്‍നൂറ്റാണ്ടായി സിഎച്ച്ആര്‍ ഉള്‍പ്പെടുന്ന മേഖലയില്‍നിന്നുള്ള ജനപ്രതിനിധിയായിട്ടും വിഷയം പഠിച്ച് കര്‍ഷക താല്‍പര്യം സംരക്ഷിക്കാന്‍ നടപടി സ്വീകരിക്കാത്തത് വഞ്ചനയാണ്. സിഎച്ച്ആര്‍ വിഷയത്തില്‍ ചീഫ് സെക്രട്ടറി സത്യവാങ്മൂലം നല്‍കിയിട്ടുണ്ടന്നും കര്‍ഷകര്‍ക്ക് ആശങ്ക വേണ്ടന്നുമാണ് സിപിഎം, സിപിഐ നേതാക്കളും പറയുന്നത്. വസ്തുതകള്‍ പരിശോധിക്കാതെയാണ് ഈ പ്രതികരണങ്ങളെന്ന് വ്യക്തമാണ്.
സിഎച്ച്ആറിന്റെ വിസ്തൃതി സംബന്ധിച്ച് വ്യക്തത വരുത്തണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടശേഷവും തെറ്റായ കണക്ക് നല്‍കിയത് വിഷയം സങ്കീര്‍ണമാക്കും. സിഎച്ച്ആര്‍ മേഖലയില്‍നിന്നുള്ള എംഎല്‍എമാര്‍ ഈ വിഷയം പഠിക്കാന്‍ തയാറാകണമെന്നും സര്‍ക്കാരിനെക്കൊണ്ട് തെറ്റ് തിരുത്തിച്ച് കര്‍ഷകതാല്‍പര്യം സംരക്ഷിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും ബിജോ മാണി ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് തോമസ് മൈക്കിള്‍, മണ്ഡലം പ്രസിഡന്റ് സിജു ചക്കുംമൂട്ടില്‍, യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ആനന്ദ് തോമസ് എന്നിവരും പങ്കെടുത്തു.
What's Your Reaction?






