അടിസ്ഥാന സൗകര്യങ്ങളില്ല: അവഗണനയുടെ പുറമ്പോക്കില്‍ അടിമാലി വേലിയാംപാറക്കുടി
അടിസ്ഥാന സൗകര്യങ്ങളില്ല: അവഗണനയുടെ പുറമ്പോക്കില്‍ അടിമാലി വേലിയാംപാറക്കുടി

ഇടുക്കി: അടിമാലി പഞ്ചായത്ത് പരിധിയിലെ വേലിയാംപാറക്കുടിയില്‍ അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് പ്രതിസന്ധി സൃഷ്ടിക്കുന്നു. മുതുവാന്‍ വിഭാഗക്കാരാണ് മേഖലയില്‍ താമസിക്കുന്നത്. 15 കുടുംബങ്ങളാണ് മേഖലയില്‍ താമസിക്കുന്നത്. ഇവര്‍ക്ക് കുടിയിലേയ്‌ക്കെത്താന്‍ റോഡ് ഇതുവരെ യാഥാര്‍ഥ്യമായിട്ടില്ല. റോഡിന് കുറുകെ ഒഴുകുന്ന തോടിന് പാലം നിര്‍മിക്കാത്തതിനാല്‍ മഴക്കാലത്ത് യാത്ര വഴിമുട്ടും. വേനല്‍ക്കാലത്ത് വെള്ളം കുറയുന്നതോടെ തോട്ടിലൂടെയാണ് വാഹനങ്ങള്‍ അക്കരെയിക്കരെ എത്തിക്കുന്നത്. മഴക്കാലങ്ങളില്‍ അടിയന്തിര ചികിത്സ ലഭ്യമാക്കേണ്ടി വന്നാല്‍ കാല്‍നടയായി ചുമന്ന് പാലം കടത്തി രോഗിയെ വാഹനത്തില്‍ എത്തിക്കേണ്ട സ്ഥിതിയാണ്. ഗര്‍ഭിണികളായവരും മറ്റും ബന്ധുവീടുകളില്‍ താമസിച്ചാണ് ചികിത്സ തേടുന്നത്. യാത്രാ സൗകര്യത്തിന്റെ അഭാവം കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങള്‍ക്കും വെല്ലുവിളിയാണ്. ഗോത്രസാരഥി പദ്ധതി ഈ പ്രദേശത്ത് നടപ്പിലാക്കിയിട്ടില്ല. ഇക്കാരണത്താല്‍ ഒട്ടുമിക്ക കുട്ടികളും പഠനം നടത്തുന്നത് വീടുകളില്‍ നിന്ന് മാറി നിന്നാണ്. കുടിയില്‍ കാട്ടാന ശല്യം അതിരൂക്ഷമാണ്. ദിവസങ്ങള്‍ക്ക് മുമ്പ് ഇവിടുണ്ടായിരുന്ന അമ്പലം കാട്ടാന തകര്‍ത്തിരുന്നു. കാട്ടാന ആക്രമണത്തില്‍ കൃഷിനാശവും പതിവാണ്. കാട്ടാന ശല്യം പ്രതിരോധിക്കാന്‍ അനുവദിച്ച കിടങ്ങിന്റെ നിര്‍മാണം പാതിവഴിയില്‍ നിലച്ചു. അമ്പലത്തിന് സമീപം ഒരുഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കണമെന്നാവശ്യവും കുടിനിവാസികള്‍ മുമ്പോട്ട് വയ്ക്കുന്നു.
What's Your Reaction?






