വണ്ടിപ്പെരിയാറില്‍ ഓട്ടോറിക്ഷകള്‍ക്ക് മീറ്റര്‍ നിര്‍ബന്ധമാക്കി: എതിര്‍ത്ത് യൂണിയനുകള്‍
വണ്ടിപ്പെരിയാറില്‍ ഓട്ടോറിക്ഷകള്‍ക്ക് മീറ്റര്‍ നിര്‍ബന്ധമാക്കി: എതിര്‍ത്ത് യൂണിയനുകള്‍

ഇടുക്കി: വണ്ടിപ്പെരിയാര്‍ ടൗണിലെ ഓട്ടോറിക്ഷകളില്‍ മീറ്റര്‍ നിര്‍ബന്ധമാക്കാനും സമാന്തര സര്‍വീസുകള്‍ തടയാനും പെര്‍മിറ്റും ലൈസന്‍സുമില്ലാതെ സര്‍വീസ് നടത്തുന്നവരെ നിയന്ത്രിക്കാനും സംയുക്ത യോഗത്തില്‍ തീരുമാനം. വാഴൂര്‍ സോമന്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ ജനപ്രതിനിധികള്‍, മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍, വിവിധ ട്രേഡ് യൂണിയന്‍ നേതാക്കള്‍, പൊതുപ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. അതേസമയം മീറ്റര്‍ നിര്‍ബന്ധമാക്കിയ നടപടിക്കെതിരെ പ്രതിഷേധിക്കുമെന്ന് യൂണിയനുകള്‍ പറഞ്ഞു. മോട്ടോര്‍ വാഹന നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കണമെന്ന് എംഎല്‍എ അറിയിച്ചു. ഓട്ടോറിക്ഷകളില്‍ ഡ്രൈവര്‍ സീറ്റില്‍ മറ്റൊരാളെ കൂടി ഇരുത്തി സവാരി നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഹഫീസ് യൂസഫ് പറഞ്ഞു. വണ്ടിപ്പെരിയാര്‍ ടൗണില്‍നിന്ന് വാളാര്‍ഡി 62 ഭാഗങ്ങളിലേക്ക് സമാന്തര സര്‍വീസ് നടത്തുന്ന ഓട്ടോറിക്ഷകള്‍ അമിത കൂലി ഈടാക്കുന്നതായി പരാതിയുയര്‍ന്നു. വണ്ടിപ്പെരിയാര്‍ സിഎച്ച്‌സി വരെയുള്ള സവാരിക്ക് 10 രൂപയാക്കി പുതുക്കി നിശ്ചയിച്ചു. സ്‌കൂള്‍ വിദ്യാര്‍ഥികളെ കുത്തിനിറച്ച് സവാരി നടത്തുന്നവര്‍ക്കെതിരെയും അനധികൃതമായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നവര്‍ക്കെതിരെയും കര്‍ശന നടപടിയുണ്ടാകും. ഓട്ടോറിക്ഷകളില്‍ മീറ്റര്‍ ഘടിപ്പിക്കണമെന്ന സര്‍ക്കാര്‍ ഉത്തരവിലും അമിതകൂലി വാങ്ങുന്നതായുള്ള പരാതിയെ തുടര്‍ന്നുമാണ് അടിയന്തരയോഗം ചേര്‍ന്നത്. മീറ്റര്‍ ഘടിപ്പിക്കണമെന്ന തീരുമാനത്തിനെതിരെ യൂണിയനുകള്‍ രംഗത്തെത്തി. ഹൈറേഞ്ചിലെ ഉള്‍പ്രദേശങ്ങളിലെ ദുര്‍ഘടപാതകളില്‍ യാത്ര ദുഷ്‌കരമാണ്. മീറ്റര്‍ ഘടിപ്പിച്ചുള്ള സവാരി നഷ്ടമുണ്ടാക്കും. വര്‍ധിച്ച ഇന്ധനവിലയും ഭാരിച്ച അറ്റകുറ്റപ്പണി ചെലവുകളും ഡ്രൈവര്‍മാര്‍ നേരിടുന്ന പ്രശ്‌നമാണ്. തീരുമാനത്തെ എതിര്‍ക്കുമെന്ന് ഓട്ടോറിക്ഷ തൊഴിലാളി കാളിദാസ് പറഞ്ഞു.
അഴുത ബ്ലോക്ക് പഞ്ചായത്തംഗം പി എം നൗഷാദ്, പഞ്ചായത്തംഗം കെ മാരിയപ്പന്‍, മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരായ അജയ് മോഹന്‍ദാസ്, എസ് എം അരുണ്‍കുമാര്‍, ഹഫീസ് യൂസഫ്, പൊതുപ്രവര്‍ത്തകരായ രാജന്‍ കൊഴുവന്‍മാക്കല്‍, പി എ അബ്ദുള്‍ റഷീദ് തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






