കാട്ടുതീ: ജാഗ്രതാ നിര്‍ദേശവുമായി അഗ്നിരക്ഷാസേന

കാട്ടുതീ: ജാഗ്രതാ നിര്‍ദേശവുമായി അഗ്നിരക്ഷാസേന

Feb 25, 2025 - 17:51
Feb 25, 2025 - 18:38
 0
കാട്ടുതീ: ജാഗ്രതാ നിര്‍ദേശവുമായി അഗ്നിരക്ഷാസേന
This is the title of the web page

ഇടുക്കി: വേനല്‍ ചൂടില്‍ കാട്ടുതീ പടരാതിരിക്കാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ വിശദീകരിച്ച് കട്ടപ്പന അഗ്നിരക്ഷാ സേന അധികൃതര്‍. പൊതുജനങ്ങള്‍ ജാഗ്രതയോടെ പെരുമാറിയാല്‍ കാട്ടുതീ ഒരുപരിധി വരെ തടയാനാകുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 
പാഴ്വസ്തുക്കള്‍ നിര്‍മാര്‍ജനം ചെയ്യാന്‍ തീ കത്തിക്കുന്നത് കാട്ടു തീ പടരുന്നതിന് കരണമാകുന്നുണ്ട് പ്ലാസ്റ്റിക് വസ്തുക്കള്‍ കത്തിക്കുന്നതും, അലക്ഷ്യമായി ചപ്പ് ചവറുകള്‍ കത്തിക്കുന്നതും കാട്ടുതീ പടരുന്നതിലേക്ക് നയിക്കുന്നു. ഇതോടൊപ്പം അലക്ഷ്യമായി വലിച്ചെറിയുന്ന ബീഡി കുറ്റികള്‍ പോലും  വലിയ കാട്ടുതീയിലേയേക്ക് നയിക്കും. ജില്ലയില്‍ ശക്തമായ കാറ്റ് അനുഭവപ്പെടുന്നത് തീ പടര്‍ന്നു പിടിക്കുന്നതിനുള്ള സാധ്യത വര്‍ധിപ്പിക്കുകയാണ്. ഇതോടൊപ്പമാണ് കച്ചിത്തുറുകളില്‍ നിന്നും പടരുന്ന അഗ്നിബാധ. കൂട്ടിയിട്ടിരിക്കുന്ന കച്ചിത്തുറുകളില്‍ ഈര്‍പ്പം അടിക്കാനുള്ള സാധ്യത ഉണ്ടായാല്‍ കച്ചിത്തുറുവിനുള്ളില്‍ രാസപ്രവര്‍ത്തനം നടക്കുകയും ഇത് തീ ഉണ്ടാക്കുന്നതിന് കാരണമാകുകയും ചെയ്യും. കൃഷിസ്ഥലങ്ങളിലും ജനവാസ  മേഖലകളിലേക്കും പടര്‍ന്നുപിടിക്കുന്ന കാട്ടുതീയുടെ അപകട ഭീഷണി കുറവാണെങ്കില്‍ സുരക്ഷയോടെ ഇലയോട് കൂടിയുള്ള പച്ച മരച്ചില്ലകള്‍ ഉപയോഗിച്ചുകൊണ്ട് കാട്ടുതീ കെടുത്താനാവും. കൂടാതെ മുന്‍കരുതലെന്നോണം കൃഷിയിടങ്ങളില്‍ ഫയര്‍ലൈന്‍ തെളിക്കുകയും തീ കത്തുന്നതിന് കാരണമാകുന്ന വസ്തുക്കള്‍ നീക്കം ചെയ്യുകയും വേണം. അതേസമയം ഏത് അത്യാവശ്യഘട്ടങ്ങളിലും കട്ടപ്പന  അഗ്നിരക്ഷാസേന സജ്ജമാണെന്ന്‌സ്റ്റേഷന്‍ അസിസ്റ്റന്റ് ഓഫീസര്‍ പോള്‍ ഷാജി ആന്റണി പറഞ്ഞു. കഴിഞ്ഞ വേനല്‍ ചൂടില്‍ 130ലേറെ കോളുകളാണ് ഓഫീസില്‍ എത്തിയത്. ഇക്കൊല്ലവും അത്രമാത്രം കേസുകള്‍ തന്നെയാണ് പ്രതീക്ഷിക്കുന്നത്. എങ്കിലും പൊതുജനങ്ങള്‍ വേനല്‍ക്കാലത്ത്  പരമാവധി മാലിന്യങ്ങള്‍ കത്തിക്കുന്നത് ഒഴിവാക്കണം. പഞ്ചായത്ത് തലങ്ങളിലും നഗരസഭാ തലങ്ങളിലുമുള്ള എംസിഎഫുകളില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ അധികാരികള്‍ ഉറപ്പാക്കേണ്ടതുണ്ട്. തീപിടുത്തോ മറ്റ് അത്യാഹിതങ്ങളോ ഉണ്ടായാല്‍  101 എന്ന നമ്പറില്‍ ഉടന്‍തന്നെ ബന്ധപ്പെടണം. കട്ടപ്പന സ്റ്റേഷന്‍ പരിധിയിലെ വലിയ മേഖലകളില്‍ പരിമിതമായ സൗകര്യങ്ങളില്‍ നിന്നുകൊണ്ട് തന്നെ  മികച്ച സേവനം ഉറപ്പാക്കും എന്നും അധികൃതര്‍ പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow