ഇടുക്കി: വണ്ടിപ്പെരിയാര്‍ പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതിയില്‍ ക്രമക്കേട് കാണിച്ച് പുറത്താക്കിയ ഉദ്യോഗസ്ഥരെ തിരികെ ജോലിയില്‍ പ്രവേശിപ്പിക്കരുതെന്ന് ഹൈക്കോടതി ഉത്തരവ്. പഞ്ചായത്ത് പ്രസിഡന്റിനും സെക്രട്ടറിക്കുമാണ് ഉത്തരവ് ലഭിച്ചത്. തൊഴിലുറപ്പ് പദ്ധതി ജോയിന്റ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്ററുടെ ഓഫീസില്‍ നിന്ന് നടത്തിയ പരിശോധനയിലാണ് വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തിയത്. ഇതിനെ തുടര്‍ന്ന് 5 പേരെ പുറത്താക്കികൊണ്ട് കലക്ടര്‍ വി. വിഘ്‌നേശ്വരി ഉത്തരവിറക്കിയിരുന്നു. ഇതില്‍ 2 പേരാണ് കോടതിയെ സമീപിച്ച് ജോലിയില്‍ തിരികെ പ്രവേശിച്ചത്. ഇതോടെ പഞ്ചായത്ത് സെക്രട്ടറി ഇരുവരുടെയും പെര്‍ഫോമന്‍സ് വിവരങ്ങള്‍ അടക്കമുള്ള രേഖകള്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന് സമര്‍പ്പിക്കുകയും ഈ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇവര്‍ ജോലിയില്‍ തുടരേണ്ടതില്ലെന്ന് കാണിച്ച് പഞ്ചായത്ത് സെക്രട്ടറിക്കും പ്രസിഡന്റിനും ഉത്തരവ് നല്‍കുകയുമായിരുന്നു. ഹൈക്കോടതി ജഡ്ജ് അനില്‍ കെ നരേന്ദ്രന്‍, എസ് മുരളീകൃഷ്ണ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബഞ്ചാണ് തിരികെ ജോലിയില്‍ പ്രവേശിച്ചവരെ പുറത്താക്കിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.