ഇടുക്കി: സാധാരണക്കാരെ പ്രതിസന്ധിയിലാക്കി വിപണിയില്‍ തേങ്ങയുടെയും വെളിച്ചെണ്ണയുടെയും വില കുതിക്കുകയാണ്. തേങ്ങയുടെയും കൊപ്രയുടെയും വില വര്‍ധിച്ചതാണ് വെളിച്ചെണ്ണയുടെ വില വര്‍ധിക്കുന്നതിന് കാരണം. ഇത് സാധാരണക്കാരുടെ കുടുംബ ബജറ്റിനെ താളം തെറ്റിക്കുകയാണ്.
നിലവില്‍ തേങ്ങാ കിലോയ്ക്ക് 75 രൂപയും വെളിച്ചെണ്ണക്ക് 300 രൂപയും കൊപ്രക്ക് കിലോ 160 രൂപയുമാണ്. കഴിഞ്ഞ ഓണക്കാലം മുതലാണ് വിലയില്‍ വര്‍ധനവുണ്ടായത്. ഓണക്കാലത്തിന് തൊട്ടു മുമ്പുവരെ 112 രൂപയായിരുന്നു ഒരു കിലോ കൊപ്രക്ക്. തേങ്ങയുടെ വില 40 ന് മുകളിലായിരുന്നു. വെളിച്ചെണ്ണ 240ന് അടുത്തും. വില വര്‍ധനവ് മില്ലുടമകളെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. മുന്‍കാലങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ നാളികേര ഉല്‍പാദനം വന്‍ തോതില്‍ കുറഞ്ഞു. സംസ്ഥാനത്തിന് പുറത്ത് നിന്ന് തേങ്ങ കൂടുതലായി എത്തുന്നുണ്ട്. കൊപ്രയുടെ ഇപ്പോഴത്തെ വില വര്‍ധനവ് തുടര്‍ന്നാല്‍ വെളിച്ചെണ്ണയുടെ വിലയില്‍ ഇനിയും വര്‍ധനവുണ്ടാകും.