കട്ടപ്പന കുന്തളംപാറ റേഷന്‍കടപ്പടി ഭാഗത്തെ തോട്ടില്‍ ശുചിമുറി മാലിന്യം ഒഴുക്കുന്നു: ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് അനാസ്ഥയെന്ന് ആക്ഷേപം
കട്ടപ്പന കുന്തളംപാറ റേഷന്‍കടപ്പടി ഭാഗത്തെ തോട്ടില്‍ ശുചിമുറി മാലിന്യം ഒഴുക്കുന്നു: ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് അനാസ്ഥയെന്ന് ആക്ഷേപം

ഇടുക്കി: കട്ടപ്പനയാറിന്റെ കൈത്തോട്ടില്‍ കുന്തളംപാറ റേഷന്‍കടപ്പടി ഭാഗത്ത് ശുചിമുറി മാലിന്യം അടിഞ്ഞുകൂടി ദുര്‍ഗന്ധം വമിക്കുമ്പോഴും ആരോഗ്യ വകുപ്പ് നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം. തോട്ടിലെ മാലിന്യപ്രശ്നങ്ങള്‍ സംബന്ധിച്ച് പലതവണ നഗരസഭയില്‍ പരാതി നല്‍കിയെങ്കിലും നടപടി സ്വീകരിച്ചിട്ടില്ല. പേഴുംകവല, ഇടശേരി ജങ്ഷന്‍, പുതിയ ബസ് സ്റ്റാന്‍ഡ്, നഗരസഭ ഓഫീസ്, ശാന്തിനഗര്‍, കുന്തളംപാറ റേഷന്‍കടപ്പടി, സ്‌കൂള്‍ ജംങ്ഷന്‍ എന്നിവിടങ്ങളിലൂടെ ഒഴുകി പമ്പ്ഹൗസ് ഭാഗത്ത് എത്തുന്ന തോട്ടിലാണ് ടൗണിലെ മാലിന്യങ്ങള്‍ നിറയുന്നത്. സാഗര തീയറ്ററിന്റെ ഭാഗംമുതല്‍ പുതിയ ബസ് സ്റ്റാന്‍ഡിലെ ഹോട്ടലുകളില്‍ നിന്നും മറ്റു സ്ഥാപനങ്ങളില്‍ നിന്നുമാണ് ശുചിമുറി മാലിന്യം തോട്ടിലേക്ക് തള്ളുന്നതെന്നും പ്രദേശത്ത് വലിയ ദുര്‍ഗന്ധം വമിക്കുകയാണെന്നും പ്രദേശവാസികള്‍ പറഞ്ഞു. തോടിന്റെ കരയിലും സമീപത്തും താമസിക്കുന്നവര്‍ക്ക് ജീവിക്കാന്‍ പറ്റാത്ത അവസ്ഥയാണുള്ളത്. കുടിവെള്ള സ്രോതസുകള്‍ മലിനമാകുന്നതിനും കൊതുക് പെരുകുന്നതിനും കാരണമാകാറുണ്ട്. നഗരസഭാ സെക്രട്ടറിക്ക് പരാതി നല്‍കാനും നടപടിയുണ്ടാകാത്ത പക്ഷം ഹൈകോടതിയെ സമീപിക്കാനുമാണ് പ്രദേശവാസികളുടെ തീരുമാനം.
What's Your Reaction?






