മുരിക്കാട്ടുകുടി സര്‍ക്കാര്‍ ട്രൈബല്‍ സ്‌കൂളിന്റെ പഴയ കെട്ടിടം പൊളിച്ച് നീക്കണമെന്ന ആവശ്യം ശക്തം
മുരിക്കാട്ടുകുടി സര്‍ക്കാര്‍ ട്രൈബല്‍ സ്‌കൂളിന്റെ പഴയ കെട്ടിടം പൊളിച്ച് നീക്കണമെന്ന ആവശ്യം ശക്തം

ഇടുക്കി: മുരിക്കാട്ടുകുടി സര്‍ക്കാര്‍ ട്രൈബല്‍ സ്‌കൂളിന്റെ അപകടാവസ്ഥയിലുള്ള പഴയ കെട്ടിടം പൊളിച്ചുമാറ്റാന്‍ നടപടി വൈകുന്നതായി പരാതി. പഴയ കെട്ടിടത്തിന്റെ വാര്‍ക്ക താഴേയ്ക്ക് ഇരുന്നതിനാല്‍ ഭിത്തിയുടെ പലഭാഗങ്ങളും വിണ്ടുകീറിയ നിലയിലാണ്. ജില്ലാ പഞ്ചായത്തില്‍ നിരവധി തവണ പരാതി നല്‍കിയിട്ടും നടപടി ഉണ്ടാകുന്നില്ലെന്ന് പി ടി എ അംഗങ്ങളും ആക്ഷേപമുയര്‍ത്തുന്നു. 2002-2003 കാലഘട്ടത്തില്‍ പ്ലസ്ടു കമ്പ്യൂട്ടര്‍ ലാബിനായാണ് ഈ കെട്ടിടം നിര്‍മിച്ചത്. അന്നത്തെ എംപിയായിരുന്ന കെ.ഫ്രാന്‍സിസ് ജോര്‍ജാണ് ഫണ്ട് അനുവദിച്ചത്. തുടര്‍ന്ന് ഇതിനോടു ചേര്‍ന്ന് ക്ലാസ് മുറിയും ആരംഭിച്ചു. നാല് മുറികളുള്ള ഈ കെട്ടിടത്തിന്റെ പലയിടങ്ങളിലും വിള്ളല്‍ വീഴാന്‍ തുടങ്ങിയതോടെ പുതിയ കെട്ടിടം നിര്‍മിച്ച് ക്ലാസ് മുറികളും ലാബും അവിടേയ്ക്ക് മാറ്റി. തുടര്‍ന്ന് കെട്ടിടം പൊളിച്ചു നീക്കാന്‍ നടപടിയെടുക്കണമെന്ന് വ്യക്തമാക്കി ജില്ലാ പഞ്ചായത്തിന് കത്തും നല്‍കി.
പലതവണ കത്ത് നല്‍കിയതോടെ കെട്ടിടം പൊളിച്ചുനീക്കാനുള്ള എസ്റ്റിമേറ്റ് തയാറാക്കാനായി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി മടങ്ങുകയും ചെയ്തു. എന്നാല്‍ പുതിയ അധ്യായന വര്‍ഷം ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രമുള്ളപ്പോഴും കെട്ടിടം പൊളിച്ച് നീക്കിയിട്ടില്ല. കെട്ടിടം ചരിഞ്ഞ് കൊണ്ടിരിക്കുന്നതിനാല്‍ വന്‍ അപകട ഭീഷണിയാണ് നിലനില്‍ക്കുന്നത്. അതിനാല്‍ ഏത്രയുംവേഗം കെട്ടിടം പൊളിക്കണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.
What's Your Reaction?






