പെരിയാര്‍ നദിയില്‍ ജലനിരപ്പ് ഉയര്‍ന്നു
പെരിയാര്‍ നദിയില്‍ ജലനിരപ്പ് ഉയര്‍ന്നു

ഇടുക്കി: ബുധനാഴ്ച രാത്രിയില്‍ പെയ്ത ശക്തമായ മഴയില്‍ പെരിയാറിലും ചോറ്റുപാറ കൈത്തോട്ടിലും ജലനിരപ്പ് ഉയര്‍ന്നു. തീരദേശവാസികള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ജാഗ്രത പാലിക്കണമെന്നും അധികൃതര്‍. നിലവിലുണ്ടായിരുന്നതിലും രണ്ടടികൂടി വെള്ളം ഉയര്‍ന്നു. ഇനിയും ജലനിരപ്പ് ഉയര്‍ന്നാല്‍ റോഡിലേക്ക് വെള്ളം എത്തുന്ന സ്ഥിതിയാണ്. നെല്ലിമല ജങ്ഷന്‍, ചുരക്കുളം ആശുപത്രി പരിസരം, കക്കിക്കവല, ചുരക്കുളംക്കവല എന്നിവിടങ്ങളിലാണ് വെള്ളം കയറാനുള്ള സാധ്യത. മഴ ശക്തമായി തുടരുന്നതിനാല്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പും ക്രമാതീതമായി ഉയരുന്നുണ്ട്. 136 അടി റൂള്‍ കര്‍വ് കഴിയുന്നതോടെ ഷട്ടറുകള്‍ ഉയര്‍ത്തി പെരിയാര്‍ നദിയിലേക്ക് മുല്ലപ്പെരിയാറിലെ അധിക ജലം ഒഴുക്കും. അണക്കെട്ട് തുറന്നാല്‍ തീരദേശവാസികളുടെ വീടുകളിലേക്ക് വെള്ളം കയറാനും സാധ്യതയുണ്ട്. ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നിര്‍ദ്ദേശപ്രകാരം വണ്ടിപ്പെരിയാര്‍ പഞ്ചായത്ത്, പീരുമേട് താലൂക്ക് ഓഫീസ്, വില്ലേജ് ഓഫീസ് എന്നിവിടങ്ങളില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ആരംഭിച്ചിട്ടുണ്ട്. ഇതോടൊപ്പം ആളുകളെ മാറ്റി പാര്‍പ്പിക്കുന്നതിനുവേണ്ടി വണ്ടിപ്പെരിയാര്‍ കമ്യൂണിറ്റി ഹാള്‍, ഗവ. യുപി സ്‌കൂള്‍, എല്‍പി സ്‌കൂള്‍ എന്നിവിടങ്ങളില്‍ സൗകര്യം ഏര്‍പ്പെടുത്തി. അടിയന്തര സാഹചര്യമുണ്ടായാല്‍ ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കുന്നതിനുവേണ്ടി അനൗണ്‍സ്‌മെന്റ് സംവിധാനം ഏര്‍പ്പെടുത്തി.
What's Your Reaction?






