കോണ്‍ഗ്രസ് ഉപ്പുതറ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു
കോണ്‍ഗ്രസ് ഉപ്പുതറ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു

ഇടുക്കി: മേമാരി, വാക്കത്തി ഗോത്രവര്‍ഗ ഗ്രാമങ്ങളിലെ സാംസ്‌കാരിക നിലയത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ഉപ്പുതറ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു. യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിന്റെ ഭരണത്തില്‍ വീഴ്ച വരുത്തുന്ന പഞ്ചായത്ത് പ്രസിഡന്റ് രാജിവച്ച് പുറത്തുപോകണമെന്ന് അദ്ദേഹം പറഞ്ഞു. പഞ്ചായത്ത് ഓഫീസിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞു. തുടര്‍ന്ന് പൊലീസും പ്രവര്‍ത്തകരും തമ്മില്‍ നേരിയ സംഘര്‍ഷവുമുണ്ടായി. മേമാരി, വാക്കത്തി ഗോത്രവര്‍ഗ ഗ്രാമങ്ങളിലെ സാംസ്‌കാരിക നിലയത്തിന്റെ നിര്‍മാണം 70 ശതമാനം മാത്രം പൂര്‍ത്തിയാക്കി മുഴുവന്‍ തുകയും മാറിയതായിട്ടാണ് ആരോപണം. 2017 - 18ലെ പദ്ധതി 2021 - 22 ലാണ് കരാറായത്. മേമാരി സാംസ്‌കാരിക നിലയത്തിന് 21. 37ലക്ഷം രൂപയും വാക്കത്തിയില്‍ 12.87 ലക്ഷം രൂപയുമാണ് അനുവദിച്ചത്. ബില്ല് മാറുന്നതിനായി പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി, എ ഇ തുടങ്ങിയ ഉദ്യോഗസ്ഥര്‍ കൂട്ടുനിന്ന് ലക്ഷക്കണക്കിന് രൂപയുടെ അഴിമതി നടത്തിയെന്ന് നേതാക്കള്‍ ആരോപിച്ചു. പഞ്ചായത്തംഗം, എസ്ടി പ്രൊമോട്ടര്‍, ഊരുമൂപ്പന്‍ എന്നിവര്‍ നടത്തിയ അന്വേഷണത്തില്‍ മുഴുവന്‍ തുകയും കരാറുകാരന്‍ മാറിയെടുത്തതായി കണ്ടെത്തി. കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ഷാല്‍ വെട്ടിക്കാട്ടില്‍, ഫ്രാന്‍സിസ് അറക്കപ്പറമ്പില്‍, ഡിസിസി ജനറല്‍ സെക്രട്ടറി അഡ്വ. അരുണ്‍ പൊടിപാറ, ഏലപ്പാറ ബ്ലോക്ക് പ്രസിഡന്റ് ജോര്‍ജ് ജോസഫ് കുറുമ്പുറം എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






