പിഎംഎവൈ പദ്ധതി വീടിന് പെര്‍മിറ്റ് നല്‍കണം: വീട്ടമ്മ കാഞ്ചിയാര്‍ പഞ്ചായത്ത് ഓഫീസ് പടിക്കല്‍ സമരം ആരംഭിച്ചു
പിഎംഎവൈ പദ്ധതി വീടിന് പെര്‍മിറ്റ് നല്‍കണം: വീട്ടമ്മ കാഞ്ചിയാര്‍ പഞ്ചായത്ത് ഓഫീസ് പടിക്കല്‍ സമരം ആരംഭിച്ചു

ഇടുക്കി: പിഎംഎവൈ പദ്ധതി പ്രകാരം അനുവദിച്ച വീടിന് പെര്‍മിറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് വീട്ടമ്മ കാഞ്ചിയാര്‍ പഞ്ചായത്ത് ഓഫീസ് പടിക്കല്‍ അനിശ്ചിതകാല നിരാഹാരം ആരംഭിച്ചു. കാന്‍സര്‍ രോഗിയും വിധവയുമായ വീണാ ഷാജിയാണ് സമരവുമായി രംഗത്തെത്തിയത്.ക്യാന്‍സര്‍ രോഗിയായ കോവില്‍മല പുതുപ്പറമ്പില്‍ വീണ ഷാജിയാണ് നിരാഹാര സമരം ആരംഭിച്ചിരിക്കുന്നത്. പിഎംഎവൈ പദ്ധതിയില്‍ അനുവദിച്ച വീടിന് പെര്‍മിറ്റ് നല്‍കാത്തതിനാലാണ് വിധവയായ വീട്ടമ്മ നിരാഹാര സമരവുമായെത്തിയത്. നടപടിയുണ്ടാകും വരെ സമരം തുടരുമെന്ന് വീണ പറഞ്ഞു. പഞ്ചായത്തോ സര്‍ക്കാരോ അല്ല വീടിന് പ്രതിസന്ധിയായിരിക്കുന്നത് കോവില്‍മല രാജാവ് രാമന്‍ രാജമന്നാന്‍ കോടതിയെ സമീപച്ചതാണ് തിരിച്ചടിയായതെന്നാണ് ആരോപണം. കോവില്‍മല തേക്ക് പ്ലാന്റേഷനുസമീപമാണ് കഴിഞ്ഞ 50 വര്‍ഷമായി വീണയും കുടുംബവും താമസിക്കുന്നത്. ബ്ലോക്ക് പഞ്ചായത്തില്‍ നിന്ന് പിഎംഎവൈ പദ്ധതിയില്‍ വീട് അനുവദിച്ചെങ്കിലും തറവലിക്കാന്‍ തുടങ്ങിയപ്പോള്‍ വനം വകുപ്പ് തടഞ്ഞു. വീടിന് പെര്‍മിറ്റിനായി പഞ്ചായത്ത് കയറി ഇറങ്ങിയിട്ടും നടപടിയുണ്ടായില്ല. തുടര്‍ന്ന് മന്ത്രി റോഷി അഗസ്റ്റിനെ പല തവണ കണ്ടുവെങ്കിലും പ്രശ്‌നത്തിന് പരിഹാരമുണ്ടായില്ല. ഇവരെ കൂടാതെ 20 കുടുംബങ്ങള്‍ കൂടി സര്‍ക്കാരിന്റെ അവഗണനയില്‍ ഇവിടെ ദുരിത ജീവിതം നയിക്കുകയാണ്. എസ്ടി വിഭാഗമല്ലാത്തവര്‍ക്ക് യാതൊരു ആനുകൂല്യവും നല്‍കാന്‍ പാടില്ലെന്നാണ് വനം വകുപ്പ് നിര്‍ദേശമെന്ന് പഞ്ചായത്ത് സെക്രട്ടറി പറഞ്ഞു. വീണയുടെ നിരാഹാരം തുടരുകയാണ്.
What's Your Reaction?






