ഉപ്പുതറ പഞ്ചായത്തിലെ താല്‍ക്കാലിക ജീവനക്കാരനെ പിരിച്ചുവിടാന്‍ തീരുമാനം
ഉപ്പുതറ പഞ്ചായത്തിലെ താല്‍ക്കാലിക ജീവനക്കാരനെ പിരിച്ചുവിടാന്‍ തീരുമാനം
ഇടുക്കി: ഉപ്പുതറ പഞ്ചായത്ത് ഓഫീസിലെ താല്‍ക്കാലിക ജീവനക്കാരനെ പിരിച്ചുവിടാന്‍ ഭരണസമിതി തീരുമാനിച്ചു. ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം നിയോഗിച്ച അപ്രൈസല്‍ കമ്മിറ്റി തീരുമാനത്തെ തുടര്‍ന്ന് നടന്ന പഞ്ചായത്ത് കമ്മിറ്റിയിലാണ് ടെക്‌നിക്കല്‍ അസിസ്റ്റന്റ് ബിബിന്‍ തോമസിനെതിരെ നടപടിയെടുക്കാന്‍ തീരുമാനിച്ചത്.
2012 മുതല്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന ജീവനക്കാരനെതിരെ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. കരാര്‍ പുതുക്കാതെ തസ്തികയില്‍ തുടരുകയും പഞ്ചായത്ത് രജിസ്റ്റര്‍, ഇ- മെയിലുകള്‍ എന്നിവ തിരുത്തുകയും ചെയ്തു. ബില്ലുകള്‍ വ്യാജമായി ഒപ്പിട്ട് പണം കൈപ്പറ്റല്‍ ഉള്‍പ്പെടെയുള്ള ആരോപണങ്ങളാണ് ഉയര്‍ന്നത്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി പഞ്ചായത്തംഗങ്ങള്‍ ഹൈക്കോടതിയെ സമീപിച്ചപ്പോള്‍, ജീവനക്കാരന്‍ പഞ്ചായത്ത് കമ്മിറ്റി തീരുമാനം വ്യാജമായി തയാറാക്കി നല്‍കി കോടതിയേയും തെറ്റിദ്ധരിപ്പിച്ചിരുന്നു.
അടുത്തിടെ ഉടലെടുത്ത വിവാദങ്ങള്‍ക്കുപിന്നാലെ ആറാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ജില്ലാ അപ്രൈസല്‍ കമ്മിറ്റി ഓഗസ്റ്റ് 12ന് പഞ്ചായത്ത് ഓഫീസില്‍ നടത്തിയ അന്വേഷണത്തില്‍ ബിബിന്‍ തോമസ് ഗുരുതരമായ കൃത്യവിലോപവും അധികാര ദുര്‍വിനിയോഗവും നടത്തിയതായി കണ്ടെത്തി. തുടര്‍ന്ന് 16ന് ചേര്‍ന്ന അപ്രൈസല്‍ കമ്മിറ്റി, ജീവനക്കാരനെതിരെ നടപടിയെടുക്കണമെന്ന് ഉത്തരവിട്ടു. തുടര്‍ന്നാണ് ചൊവ്വാഴ്ച നടന്ന പഞ്ചായത്ത് കമ്മിറ്റിയില്‍ തീരുമാനമെടുത്തത്. 12 അംഗങ്ങളില്‍ 10 പേര്‍ തീരുമാനത്തെ പിന്തുണച്ചു. ഇന്നുതന്നെ ജീവനക്കാരനെ പിരിച്ചുവിടാന്‍ തീരുമാനിച്ചതായി പ്രസിഡന്റ് കെ ജെ ജെയിംസ് പറഞ്ഞു.
അര്‍ഹതയില്ലാതെ ജോലിചെയ്ത കാലയളവിലെ മുഴുവന്‍ തുക ഇയാളില്‍നിന്ന് ഈടാക്കും. നിര്‍മാണം പൂര്‍ത്തീകരിക്കാതെ ബില്ല് മാറിയ കണ്ണംപടിയിലെ സാംസ്‌കാരിക നിലയം ഉള്‍പ്പെടെയുള്ള പദ്ധതികള്‍ പൂര്‍ത്തീകരിക്കാന്‍ ആവശ്യമായ തുകയും ഇയാളില്‍നിന്ന് ഇടാക്കാനും പഞ്ചായത്ത് കമ്മിറ്റി തീരുമാനമെടുത്തതായും പ്രസിഡന്റ് അറിയിച്ചു.
What's Your Reaction?