മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ വണ്ടിപ്പെരിയാര്‍ വിറച്ചു: വീടുകളും പാലങ്ങളും വെള്ളത്തില്‍: ദേശീയപാതയില്‍ ഗതാഗത തടസം
മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ വണ്ടിപ്പെരിയാര്‍ വിറച്ചു: വീടുകളും പാലങ്ങളും വെള്ളത്തില്‍: ദേശീയപാതയില്‍ ഗതാഗത തടസം
ഇടുക്കി: കനത്തമഴയില്‍ വണ്ടിപ്പെരിയാര്‍ മേഖലകളില്‍ വെള്ളപ്പൊക്കം. ചോറ്റുപാറ കൈത്തോട്ടില്‍ ജലനിരപ്പ് ഉയര്‍ന്ന് വീടുകളില്‍ വെള്ളം കയറി. കൊട്ടാരക്കര-ദിണ്ടിക്കല്‍ ദേശീയപാതയില്‍ ഗതാഗതം ഭാഗികമായി തടസപ്പെട്ടു. ചുരക്കുളം ഭാഗത്ത് നാല് വീടുകളില്‍ വെള്ളം കയറിയതോടെ വീട്ടുകാര്‍ തൊട്ടടുത്ത് പാര്‍ക്ക് ചെയ്ത ബസിലാണ് കഴിഞ്ഞത്. വണ്ടിപ്പെരിയാര്‍ സിഎച്ച്‌സിയിലും വെള്ളം കയറി.
കനത്തമഴയില്‍ ചോറ്റുപാറ കൈത്തോട്ടിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുകയായിരുന്നു. രാത്രി 11ഓടെ 62-ാമൈല്‍ ഭാഗത്തെ ഭൂരിഭാഗം വീടുകളിലും വെള്ളം കയറി. സാധനസാമഗ്രികള്‍ നശിച്ചു. 62-ാം മൈല്‍, ജവഹര്‍ നഗര്‍, പ്രിയദര്‍ശിനി നഗര്‍, നെല്ലിമല എന്നിവിടങ്ങളിലേക്കുള്ള പാലവും വെള്ളത്തിനടിയിലായി. ചോറ്റുപാറ, 63-ാം മൈല്‍ എന്നിവിടങ്ങളില്‍ ഉരുള്‍പൊട്ടിയതും ചെക്ക്ഡാമുകള്‍ നിറഞ്ഞതുമാണ് വെള്ളപ്പൊക്കത്തിനുകാരണം. മഴ ശമിച്ചതോടെയാണ് വീടുകളില്‍ കയറാനായത്. അഗ്നിരക്ഷാസേനയും സന്നദ്ധപ്രവര്‍ത്തകരുംചേര്‍ന്ന് വീടുകള്‍, ആശുപത്രി എന്നിവിടങ്ങളിലെ ചെളി നീക്കി.
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 137അടി പിന്നിട്ടതോടെ 13 ഷട്ടറുകള്‍ തുറന്നു. സെക്കന്‍ഡില്‍ 7163 ക്യുസെക്‌സ് വെള്ളമാണ് പുറത്തേയ്ക്ക് ഒഴുക്കുന്നത്. പെരിയാര്‍ നദിയില്‍ ജലനിരപ്പ് നന്നേ കുറവായിരുന്നതിനാല്‍ മുല്ലപ്പെരിയാറില്‍നിന്നുള്ള വെള്ളം ഒഴുകിയെത്തിയിട്ടും തീരപ്രദേശങ്ങളിലെ വീടുകളില്‍ വെള്ളം കയറുന്ന സ്ഥിതിയുണ്ടായിട്ടില്ല. തീവ്രമഴയ്ക്ക് സാധ്യതയുള്ളതിനാലും തമിഴ്നാട്ടിലും കനത്തമഴ തുടരുന്നതിനാലും ജലനിരപ്പ് ഉയര്‍ന്ന് കൂടുതല്‍ ഷട്ടറുകള്‍ തുറക്കേണ്ട സാഹചര്യമുണ്ടായാല്‍ ആളുകളെ മാറ്റിപ്പാര്‍പ്പിക്കാന്‍ ക്യാമ്പുകള്‍ സജ്ജമാക്കിയിട്ടുണ്ട്.
What's Your Reaction?