നെടുങ്കണ്ടം താലൂക്ക് ആശുപത്രി കെട്ടിട നിര്‍മാണം: കരാറുകാരന് 15 ദിവസത്തെ സമയം

നെടുങ്കണ്ടം താലൂക്ക് ആശുപത്രി കെട്ടിട നിര്‍മാണം: കരാറുകാരന് 15 ദിവസത്തെ സമയം

Oct 27, 2025 - 17:21
 0
നെടുങ്കണ്ടം താലൂക്ക് ആശുപത്രി കെട്ടിട നിര്‍മാണം: കരാറുകാരന് 15 ദിവസത്തെ സമയം
This is the title of the web page

ഇടുക്കി: നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലെ പുതിയ ബ്ലോക്കുകളുടെ നിര്‍മാണത്തിന് 15 ദിവസത്തെ സമയം നല്‍കാന്‍ മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ നടന്ന അവലോകന യോഗത്തില്‍ തീരുമാനം. നിര്‍മാണം അടിയന്തരമായി പൂര്‍ത്തീകരിച്ചില്ലെങ്കില്‍ കരാര്‍ കമ്പനിയെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തും. പ്രതിദിനം 150 മുതല്‍ 200 വരെ ജോലിക്കാരെ നിയോഗിച്ച് നിര്‍മാണം വേഗത്തിലാക്കാനാണ് നിര്‍ദേശം. നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലെ ഒപി ബ്ലോക്കുകളുടെ നിര്‍മാണ പുരോഗതി മന്ത്രി നേരിട്ട് വിലയിരുത്തി. കിഫ്ബിയിലൂടെ അനുവദിച്ച 149 കോടി രൂപ ചെലവഴിച്ചാണ് നിര്‍മാണം. നേരത്തെ നിലവിലെ കരാറുകാരനെ കിഫ്ബി നീക്കംചെയ്തിരുന്നു. എന്നാല്‍, ഇയാള്‍ കോടതി വിധി സമ്പാദിച്ച് നിര്‍മാണം പുനരാരംഭിച്ചു. സംസ്ഥാനത്ത് ഏറ്റവുമധികം തുക അനുവദിച്ചിട്ടുള്ള ആശുപത്രികളിലൊന്നാണ് നെടുങ്കണ്ടം താലൂക്ക് ആശുപത്രി. നിലവില്‍ ഒപി, കാഷ്വാലിറ്റി ബ്ലോക്കുകളുടെ നിര്‍മാണമാണ് പുരോഗമിക്കുന്നത്. കിഫ്ബിയില്‍നിന്ന് കരാറുകാരന് മുഴുവന്‍ ബില്ലുകളും മാറിനല്‍കി. കരാറുകാരന് സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നു വ്യക്തമാക്കിയതിന്റെ അടിസ്ഥാനത്തില്‍ നേരിട്ട് നിര്‍മാണ സാമഗ്രികള്‍ ഇറക്കി നല്‍കാന്‍ കിഫ്ബി, സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിളായ ഹൈറ്റ്സ്, കരാര്‍ കമ്പനി എന്നിവര്‍ ചേര്‍ന്ന് ത്രികക്ഷി കരാറിലേര്‍പ്പെട്ടു. എത്രയും വേഗം നിര്‍മാണം പൂര്‍ത്തീകരിച്ച് ആശുപത്രിയുടെ സേവനം ലഭ്യമാക്കുകയാണ് ലക്ഷ്യം. കൂടുതല്‍ തൊഴിലാളികളെ ഏര്‍പ്പെടുത്തുന്നുണ്ടോയെന്ന് 15 ദിവസം നിരീക്ഷിക്കും. അതിനുശേഷം നിര്‍മാണ പുരോഗതി വിലയിരുത്തും. ഫെബ്രുവരിയോടെ ഒരു ബ്ലോക്ക് നിര്‍മാണം പൂര്‍ത്തീകരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി. എം എം മണി എംഎല്‍എ അധ്യക്ഷനായി. നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ടി കുഞ്ഞ്, പഞ്ചായത്ത് പ്രസിഡന്റ് പ്രീമി ലാലിച്ചന്‍ എന്നിവര്‍ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow