കെ സ്മാര്‍ട്ട് കേരളത്തില്‍ വിപ്ലവകരമായ മാറ്റമുണ്ടാക്കി: മന്ത്രി എം ബി രാജേഷ്
കെ സ്മാര്‍ട്ട് കേരളത്തില്‍ വിപ്ലവകരമായ മാറ്റമുണ്ടാക്കി: മന്ത്രി എം ബി രാജേഷ്
ഇടുക്കി: കെ സ്മാര്‍ട്ട് കേരളത്തില്‍ സൃഷ്ടിച്ചത് വിപ്ലവകരമായ മാറ്റമെന്ന് മന്ത്രി എം ബി രാജേഷ്. നെടുങ്കണ്ടം പഞ്ചായത്ത് മാര്‍ക്കറ്റ് ഷോപ്പിങ് കോംപ്ലക്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യയില്‍ വീഡിയോ കെവൈസി വഴി വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ സൗകര്യമുള്ള ഏക സംസ്ഥാനം കേരളമാണ്. ഒരു വര്‍ഷത്തിനിടെ ലഭ്യമാക്കിയ 1.6 ലക്ഷം വിവാഹ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകളില്‍ 70,937 എണ്ണം വീഡിയോ കെവൈസി വഴിയാണ്. 30 സെക്കന്‍ഡില്‍ താഴെ സമയത്തിനുള്ളില്‍ 82,212 ബില്‍ഡിങ് പെര്‍മിറ്റുകള്‍ നല്‍കി. പഞ്ചായത്ത്, നഗരസഭ വഴിയുള്ള സേവനങ്ങള്‍ക്ക് ഓഫീസ് കയറിയിറങ്ങേണ്ടതില്ല. ലോകത്ത് എവിടെയിരുന്നും അപേക്ഷിക്കാം. എല്ലാ സേവനങ്ങളും ഓണ്‍ലൈനില്‍ ലഭ്യമാണ്. അഞ്ചുവര്‍ഷത്തിനിടെ 70,000 കോടി രൂപയാണ് പഞ്ചായത്തുകള്‍ക്ക് സര്‍ക്കാര്‍ അനുവദിച്ചത്. അര്‍ഹമായ നികുതി, വായ്പാ വിഹിതങ്ങള്‍ ഗണ്യമായി വെട്ടിക്കുറച്ച് കേന്ദ്രസര്‍ക്കാര്‍ അടിച്ചേല്‍പ്പിച്ച സാമ്പത്തിക പ്രതിസന്ധിക്കിടെയാണിത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള വിഹിതം ഓരോ വര്‍ഷവും 0.5 ശതമാനം വീതം വര്‍ധിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
നെടുങ്കണ്ടം സഹ്യദര്‍ശന്‍ പാര്‍ക്കും ഗ്യാസ് ക്രിമീറ്റോറിയവും മന്ത്രി ഉദ്ഘാടനംചെയ്തു. പടിഞ്ഞാറെക്കവലയില്‍ ആരംഭിക്കുന്ന ഓപ്പണ്‍ മാര്‍ക്കറ്റിന്റെ നിര്‍മാണോദ്ഘാടനവും നിര്‍വഹിച്ചു. എം എം മണി എംഎല്‍എ അധ്യക്ഷനായി. നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ടി കുഞ്ഞ്, നെടുങ്കണ്ടം പഞ്ചായത്ത് പ്രസിഡന്റ് പ്രീമി ലാലിച്ചന്‍, വൈസ് പ്രസിഡന്റ് ഡി ജയകുമാര്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ സുരേഷ് പള്ളിയാടിയില്‍, ബിന്ദു സഹദേവന്‍, വിജിമോള്‍ വിജയന്‍, വിജയകുമാരി എസ്. ബാബു, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ റാണി തോമസ്, വനജകുമാരി സജീവ്‌ലാല്‍, പഞ്ചായത്ത് മുന്‍ പ്രസിഡന്റുമാരായ ശോഭന വിജയന്‍, ലേഖ ത്യാഗരാജന്‍, പഞ്ചായത്തംഗങ്ങളായ എം എസ് മഹേശ്വരന്‍, കുഞ്ഞുമോന്‍, ലിസി ദേവസ്യ, പത്മ അശോകന്‍, രമ്യ ഷിജു, ജോജി ഇടപ്പള്ളിക്കുന്നേല്‍, ഷിബു ചെരികുന്നേല്‍, രാജേഷ് ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?

