ഉപ്പുതറ വില്ലേജിലെ 12 സര്‍വേ നമ്പരുകളിലെ പട്ടയഭൂമിയുടെ പോക്കുവരവ് തടഞ്ഞു
ഉപ്പുതറ വില്ലേജിലെ 12 സര്‍വേ നമ്പരുകളിലെ പട്ടയഭൂമിയുടെ പോക്കുവരവ് തടഞ്ഞു
ഇടുക്കി: ഉപ്പുതറ വില്ലേജിലെ 12 സര്‍വേ നമ്പരുകളിലെ പട്ടയഭൂമിയുടെ ആധാരം പോക്കുവരവ് ചെയ്യരുതെന്ന് വില്ലേജ് ഓഫീസര്‍ക്ക് പീരുമേട് ഭൂരേഖാ തഹസില്‍ദാര്‍ നിര്‍ദേശം നല്‍കി. രാജമാണിക്യം കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. സര്‍വേ നമ്പരുകളായ 338 പൂര്‍ണമായും 274/1, 274/2, 274/3, 274/4, 274/58, 274/5, 274/6, 214/7, 274/9, 274/10, 274/11 എന്നീ സര്‍വേ നമ്പരുകളിലെ ഭൂമിയാണ് ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ പോക്കുവരവ് നടത്തരുതെന്ന് വാക്കാല്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. രാജമാണിക്യം കമ്മിഷന്‍ റിപ്പോര്‍ട്ടുപ്രകാരം വില്ലേജിലെ 6 സര്‍വേ നമ്പരിലെ ഭൂമിക്ക് കരം സ്വീകരിക്കുന്നത് തടഞ്ഞിരുന്നു. 917, 800, 798, , 799, 274 എന്നീ സര്‍വേ നമ്പരുകള്‍ പുതിയ നിര്‍ദേശത്തില്‍ ഉള്‍പ്പെട്ടിട്ടില്ല. പകരം 338നൊപ്പം 274 നമ്പരിലെ 11 സബ് ഡിവിഷനകളിലെ ഭൂമി ഉള്‍പ്പെടുത്തി. ഏറ്റവും കൂടുതല്‍ പട്ടയഭൂമിയുള്ള സര്‍വേ നമ്പര്‍ 330 രണ്ടിലും ഉള്‍പ്പെട്ടിട്ടുണ്ട്. പീരുമേട് ടീ കമ്പനിയുടെ അടിയാധാരത്തില്‍ ഉള്‍പ്പെട്ട സ്ഥലങ്ങളാണ് ഇതെന്നും തോട്ടംഭൂമി തരംമാറ്റിയതാണെന്നും തോട്ടമുടമകളില്‍നിന്ന് കര്‍ഷകര്‍ വിലയ്ക്ക് വാങ്ങിയതാണെന്നും തോട്ടവും തോട്ടം തരംമാറ്റിയ ഭൂമിയും സര്‍ക്കാര്‍ തിരിച്ചുപിടിക്കണമെന്നും രാജമാണിക്യം കമ്മിഷന്‍ റിപ്പോര്‍ട്ടിലുണ്ട്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് കുടിയേറിയ കര്‍ഷകരാണ് ഇവിടെ താമസിക്കുന്നവരില്‍ ഏറെയും. രാജഭരണ കാലത്തെ ചെമ്പ് പട്ടയങ്ങളും ഈ പ്രദേശത്തുണ്ട്. രാജമാണിക്യം റിപ്പോര്‍ട്ടിനെ തുടര്‍ന്ന് വിവിധ സര്‍വേ നമ്പരുകളില്‍ ഉള്‍പ്പെട്ട ഭൂമിയുടെ കരം സ്വീകരിക്കുന്നത് തടഞ്ഞ് 2015 ഫെബ്രുവരി 22ന് ലാന്‍ഡ് റവന്യു സെക്രട്ടറി ഉത്തരവിട്ടിരുന്നു. ഇതോടെ ഭൂമിയുടെ ക്രയവിക്രയങ്ങള്‍ നിലച്ചു. ബാബു മേച്ചേരി എന്നയാള്‍ നല്‍കിയ ഹര്‍ജിയില്‍ മനുഷ്യാവകാശ കമ്മിഷന്‍ ഇടപെട്ടിരുന്നു. തുടര്‍ന്ന്, 338 ഉള്‍പ്പെടെ സര്‍വേ നമ്പരുകളിലെ ഭൂമി, കോടതി വ്യവഹാരത്തില്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന് കലക്ടര്‍ മനുഷ്യാവകാശ കമ്മിഷന് മറുപടിയും നല്‍കിയിരുന്നു.
What's Your Reaction?

