ശക്തമായ മഴയിൽ വശങ്ങളിടിഞ്ഞ് ശാന്തിഗ്രാം ഇടിഞ്ഞമല റോഡ്
ശക്തമായ മഴയിൽ വശങ്ങളിടിഞ്ഞ് ശാന്തിഗ്രാം ഇടിഞ്ഞമല റോഡ്

ഇന്നലെ രാത്രി പെയ്ത ശക്തമായ മഴയെ തുടർന്നാണ് ഇരട്ടയാർ ഗ്രാമപഞ്ചായത്തിലെ പതിനാലാം വാർഡ് ഇടിഞ്ഞമല ശാന്തിഗ്രാം ഇല്ലിക്കപ്പടിക്ക് സമീപം ബേവർകരോട്ട് പടി ഭാഗത്ത് മണ്ണിടിഞ്ഞ് റോഡ് അപകടാവസ്ഥയിലായത്. മണ്ണിടിച്ചിലിൽ കൃഷി നാശവും ഉണ്ടായി. ചേറാടിയിൽ മോഹനൻ്റെ കൃഷിയിടത്തിലേക്കാണ് മണ്ണിടിഞ്ഞത്.മഴയത്ത് റോഡിലൂടെ വെള്ളം കുത്തിയൊഴുകിയെത്തിയതാണ് മണ്ണിടിയാൻ കാരണം. എടുത്തിട്ട മണ്ണിനു മുകളിൽ സംരക്ഷണഭിത്തി കെട്ടാതെ കോൺക്രീറ്റ് ചെയ്തതും റോഡിലൂടെ ഒഴുകുന്ന വഴി തിരിച്ചു വിടാനുള്ള സൗകര്യമൊരുക്കാത്തതും ഐറിഷ് ഓട ഉൾപ്പെടെ റോഡിൻ്റെ അശാസ്ത്രീയ നിർമ്മാണവുമാണ് റോഡ് തകരാനിടയാക്കിയതെന്നാണ് പരാതി ഉയരുന്നത്.
മണ്ണിടിഞ്ഞ് സമീപത്തുകൂടി ഒഴുകിയിരുന്ന തോട്ടിലേക്ക് പതിക്കുകയും തോടിന്റെ ഗതി മാറി ഒഴുകിയതിനെ തുടർന്ന് ബേവർ കരോട്ട് ശിവപ്രസാദിൻ്റെ അര ഏക്കറോളം വരുന്ന ഏലകൃഷി നശിക്കുകയും ചെയ്തു.റീബിൽഡ് കേരളയിൽ ഉൾപ്പെടുത്തി ശാന്തിഗ്രാം - തമ്പാൻസിറ്റി -പള്ളിക്കാനം ഏഴ് കിലോമീറ്റർ റോഡിൻ്റെ ടാറിംഗ് അഞ്ചരക്കോടിയോളം രൂപ ചെലവഴിച്ച് നിർമ്മിച്ച് കഴിഞ്ഞ ജൂലൈയിലാണ് ഉദ്ഘാടനം ചെയ്തത്. റോഡ് നിർമ്മിച്ച് ഒരു മാസത്തിനുള്ളിൽ തന്നെ ചില ഭാഗങ്ങളിൽ ടാറിംഗ് ഇളകിയതും ഐറിഷ് ഓടയിലെ വിള്ളലും പ്രതിഷേധത്തിനിടയാക്കിയിരുന്നു.
പുതിയ ടാറിംഗ് നടത്തിയപ്പോൾ മുകളിൽ നിന്നും ഒലിച്ചിറങ്ങുന്ന വെള്ളം ഒഴുകി പോകാനുള്ള സൗകര്യം ഒരുക്കിയിട്ടില്ലെന്ന് അന്നേ പരാതി ഉയർന്നിരുന്നു. ഈ സാഹചര്യം നിലനിൽക്കെയാണ് കഴിഞ്ഞ ദിവസത്തെ ശക്തമായ മഴയിൽ റോഡിനടി ഭാഗത്തെ മണ്ണിടിഞ്ഞ് റോഡ് അപകടാവസ്ഥയിലായത്. ഉടനടി ഇതിന് പരിഹാരം കണ്ടില്ലെങ്കിൽ അടുത്ത മഴയത്ത് റോഡ് പൂർണമായും തകരാൻ സാധ്യതയുണ്ടെന്നും അടിയന്തിരമായി അധികൃതർ പരിഹാരം ഉണ്ടാക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
What's Your Reaction?






