44 വര്‍ഷമായി കൃഷിയെ കൂട്ടുപിടിച്ച് കൃഷ്ണന്‍ കണ്ടമംഗലം: 5ഏക്കറില്‍ വിളയുന്നത് 56 ഇനം പച്ചക്കറികള്‍
44 വര്‍ഷമായി കൃഷിയെ കൂട്ടുപിടിച്ച് കൃഷ്ണന്‍ കണ്ടമംഗലം: 5ഏക്കറില്‍ വിളയുന്നത് 56 ഇനം പച്ചക്കറികള്‍
ഇടുക്കി: ജില്ലയിലെ മാതൃകാകര്‍ഷകനായ രാജാക്കാട് കൃഷ്ണന്‍ കണ്ടമംഗലത്തിന്റെ കൃഷിയിടം ഇപ്പോള്‍ സമൃദ്ധമായ വിളനിലം മാത്രമമല്ല. ഒരു കാര്‍ഷിക സര്‍വകലാശാലകൂടിയാണ്. തൊണ്ണൂറിലധികം ഇനം പച്ചക്കറികളാണ് കഴിഞ്ഞ 44 വര്‍ഷക്കാലമായി ഇദ്ദേഹം നട്ടുപരിപാലിക്കുന്നത്. വ്യത്യസ്തമായ കൃഷി രീതികള്‍ കാണാനും പഠിക്കാനുമായി നിരവധിയാളുകളാണ് കൃഷ്ണന്റെ കൃഷിയിടത്തിലേക്ക് എത്തുന്നത്. 5 ഏക്കര്‍ പാടത്തെ കൃഷികള്‍ക്കൊപ്പം ജമന്തി പൂക്കള്‍ നിറഞ്ഞു നില്‍ക്കുന്നതും ഏറെ ആകര്‍ഷിക്കുന്നു. തന്നാണ്ട് വിളകളാണെങ്കിലും ഏതെങ്കിലുമൊരു കൃഷി മാത്രം നടത്തിയാല്‍ അത് പരാജയപ്പെടാന്‍ സാധ്യതയുണ്ടെന്ന തിരിച്ചറിവാണ് കൃഷ്ണന്‍ കണ്ടമംഗലത്തിന്റെ വ്യത്യസ്ഥമായ ഈ കൃഷി രീതി. കപ്പയും വാഴയും പാവലും പരിപാലിക്കുന്നതിനൊപ്പം ഇടവിളയായി 56 ഇനം പച്ചക്കറികളും സമൃദ്ധമായി നട്ടുപരിപാലിക്കുന്നു. മുന്‍ വര്‍ഷങ്ങളില്‍ 96 ഇനം വരെ നട്ട് പരിപാലിച്ചിരുന്നു. കൃഷി പരിപാലനത്തിനും ചിലവിനുമുള്ള പണം ഇടവിളയില്‍നിന്ന് ലഭിക്കും. അതുകൊണ്ട് തന്നെ വിലയിടിവ് നേരിടുന്ന സമയത്തും ഇദ്ദേഹത്തിന് കൃഷി ലാഭകരമാണെന്നാണ് പറയുന്നത്. നെല്‍കൃഷി നഷ്ടത്തിലേയ്ക്ക് കൂപ്പ് കുത്തിയതോടെയാണ് ഹൈറേഞ്ചിലെ കര്‍ഷകര്‍ പാടശേഖരങ്ങളില്‍ കപ്പയും വാഴയും ഉള്‍പ്പടെയുള്ള തന്നാണ്ട് വിളകള്‍ നട്ട് പരിപാലിക്കാന്‍ തുടങ്ങിയത്. എന്നാല്‍ വിളവെടുപ്പ് സമയത്തുണ്ടാകുന്ന വിലയിടിവ് വാഴ, പാവല്‍ തുടങ്ങിയ കൃഷികള്‍ക്കും പലപ്പോഴും വെല്ലുവിളിയാകാറുണ്ട്. ഈ സാഹചര്യത്തിലാണ് സ്ഥലം പാഴാക്കാതെയുള്ള ഇടവിള കൃഷിയുമായി കൃഷ്ണന്‍ കണ്ടമംഗലത്ത് രംഗത്തെത്തിയത്. വാഴയ്ക്ക് ഇടവിളയായി കൂര്‍ക്ക, പയറ്, ബീന്‍സ് ,എന്നിവയാണെങ്കില്‍. പാവല്‍ തോട്ടത്തില്‍ സമൃദ്ധമായ വിളയുന്നത് കാബേജും, കെയില്‍, ലെറ്റിയൂസ്, ചൈനീസ് ക്യാബേജ് ഒക്കെയാണ്. ഒപ്പം ജമന്തി കൃഷിയും പാവല്‍ തോട്ടത്തില്‍ സജീവമാണ്. ഇടുക്കി ജില്ലയിലെ വട്ടവട, മറയൂര്‍ കാന്തല്ലൂര്‍ പ്രദേശങ്ങള്‍ കഴിഞ്ഞാല്‍ ശീതകാല പച്ചക്കറി കൃഷി ഇത്രയും വിപുലമായി നടത്തുന്ന ജില്ലയിലെ ഏക കര്‍ഷകന്‍ കൂടിയാണ് കൃഷ്ണന്‍ കണ്ടമംഗലം. കൃഷ്ണന് കട്ട സപ്പോര്‍ട്ടുമായി ഒപ്പമുള്ളത് ഭാര്യ രാധയാണ്. രാവിലെ ആറുമണിക്ക് കൃഷിയിടത്തിലെത്തിയാല്‍ വൈകിട്ട് ആറുമണിക്കാണ് തിരിച്ച് മടക്കം. വ്യത്യസ്ഥമായ കൃഷി രീതിക്കൊപ്പം കഠിനമായ പരിശ്രമം കൂടി വേണമെന്നാണ് ഇവരുടെ അഭിപ്രായം. ഇടവിള കൃഷി പരിപാലനത്തിലൂടെ കിട്ടുന്ന വിളവില്‍ നിന്നും കൃഷി പരിപാലനത്തിനുള്ള മുഴുവന്‍ തുകയും കണ്ടെത്താനാകുമെന്നാണ് ഇവര്‍ പറയുന്നത്. മാര്‍ഗനിര്‍ദ്ദേശങ്ങളും പ്രോത്സാഹനങ്ങളും നല്‍കി കൃഷിവകുപ്പും ഇവര്‍ക്കൊപ്പമുണ്ട്. കൃഷി വകുപ്പിന്റെ നിര്‍ദ്ദേശ പ്രകാരമാണ് വളപ്രയോഗങ്ങളും കീട പ്രതിരോധവും. അതുകൊണ്ടുതന്നെ വിഷവിമുക്തമായ മികച്ച പച്ചക്കറികള്‍ വിപണിയില്‍ എത്തിക്കാനും ഈ കര്‍ഷകന് കഴിയുന്നു.
What's Your Reaction?