ഉപ്പുതോട്ടിലെ ഫര്‍ണിച്ചര്‍ വര്‍ക്ക്‌ഷോപ്പില്‍ വന്‍ തീപിടിത്തം: 15 ലക്ഷം രൂപയുടെ നഷ്ടം
ഉപ്പുതോട്ടിലെ ഫര്‍ണിച്ചര്‍ വര്‍ക്ക്‌ഷോപ്പില്‍ വന്‍ തീപിടിത്തം: 15 ലക്ഷം രൂപയുടെ നഷ്ടം
ഇടുക്കി: ഉപ്പുതോട് പള്ളിക്കവലയില്‍ പ്രവര്‍ത്തിക്കുന്ന ഫര്‍ണിച്ചര്‍ വര്‍ക്ക്‌ഷോപ്പില്‍ വന്‍ തീപിടുത്തം. 15 ലക്ഷം രൂപയുടെ നാശനഷ്ടം. ഉപ്പുതോട് ഇട്ടുകുന്നേല്‍ ജോണിയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലാണ് ബുധനാഴ്ച 4ഓടെ തീപിടിത്തമുണ്ടായത്. തീ ആളിപ്പടര്‍ന്ന് തടിയും ഉപകരണങ്ങളും പൊട്ടിത്തെറിക്കുന്നതിന്റെ ശബ്ദം കേട്ടാണ് ജോണിയും ഭാര്യയും ഉണര്‍ന്നത്. ശബ്ദം കേട്ട് സമീപവാസികളും ഓടിക്കൂടി. വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഇടുക്കിയില്‍നിന്ന് അഗ്‌നിശമനസേന വിഭാഗം എത്തിയെങ്കിലും തടിയും ഉപകരണങ്ങളും ഉള്‍പ്പെടെ വര്‍ക്ക്‌ഷോപ്പ് പൂര്‍ണമായും കത്തി നശിച്ചിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. രണ്ട്‌ലക്ഷം രൂപ മുതല്‍മുടക്കുള്ള ആധുനിക രീതിയിലുള്ള പ്ലെയിനര്‍, വിവിധ വലിപ്പത്തിലും മാതൃകയിലുമുള്ള ചെറിയ പ്ലെയിനറുകള്‍, പലതരം ഡ്രില്ലുകള്‍, കട്ടറുകള്‍ ഗ്രൈന്‍ഡിങ് മെഷീനുകള്‍, റൂട്ടര്‍, വലുതും ചെറുതുമായ ജിപ്‌സോ, മെഷീനുകളുമായി ബന്ധിക്കുന്ന വൈദ്യുതി ഉപകരണങ്ങള്‍, ഫര്‍ണിച്ചര്‍ നിര്‍മാണാവശ്യത്തിനായി സൂക്ഷിച്ചിരുന്ന വിവിധ തരം തടികള്‍, പണികള്‍ പൂര്‍ത്തീകരിച്ചുവച്ച ഫര്‍ണിച്ചറുകള്‍ ഉള്‍പ്പെടെ എല്ലാ സാധനങ്ങളും കത്തിനശിച്ചു. പ്രാഥമിക നിഗമനത്തില്‍ 15 ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടെന്ന് പറയുമ്പോഴും നഷ്ടകണക്ക് ഇനിയും ഉയരുമെന്നാണ് ജോണി പറയുന്നത്. ഏറെക്കാലമായി ഫര്‍ണിച്ചര്‍ നിര്‍മാണ ജോലികള്‍ ഏറ്റെടുത്ത് ചെയ്തിരുന്ന ജോണി പലയിടങ്ങളില്‍നിന്ന് വന്‍ തുക വായ്പ എടുത്താണ് വീടിനോട് ചേര്‍ന്ന് ആധുനിക സജ്ജീകരണങ്ങളോടെ ഫര്‍ണിച്ചര്‍ വര്‍ക്ക്‌ഷോപ്പ് ആരംഭിച്ചത്. കുടുംബത്തിന്റെ ജീവിതമാര്‍ഗമായ വര്‍ഷോപ്പ് കത്തി നശിച്ചതോടെ വായ്പ ബാധ്യതകള്‍ എങ്ങനെ തിരിച്ചടയ്ക്കുമെന്ന ചിന്തയിലാണ് ജോണിയും കുടുംബവും.
What's Your Reaction?