ക്രൂരതയ്ക്ക് തൂക്കുകയർ
ക്രൂരതയ്ക്ക് തൂക്കുകയർ

എറണാകുളം: ആലുവയില്‍ അഞ്ച് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ .പ്രതി അസ്‌ഫാക് ആലത്തിന് തൂക്കുകയർ വിധിച്ചു കോടതി. എറണാകുളം പോക്‌സോ കോടതി ജഡ്‌ജി കെ സോമനാണ് ശിക്ഷ വിധിച്ചത്.
ശിശുദിനത്തിലാണ് ശിക്ഷ വിധിച്ചതും എന്നതും പ്രത്യേകതയാണ്. വിധി കേൾക്കാൻ കുട്ടിയുടെ മാതാപിതാക്കളും കോടതിയില്‍ എത്തിയിരുന്നു. ഇന്ന് രാവിലെ 11 മണിയോടെ കോടതി നടപടികൾ ആരംഭിച്ചയുടൻ കേസില്‍ ശിക്ഷ വിധിക്കുകയായിരുന്നു. കേസില്‍ പ്രതി അസ്‌ഫാക് ആലം കുറ്റക്കാരനാണെന്ന് നവംബർ നാലിന് കോടതി കണ്ടെത്തിയിരുന്നു. അപൂർവങ്ങളില്‍ അപൂർവമായ കേസാണ് ഇതെന്ന് കോടതിയെ ബോധ്യപ്പെടുത്താൻ കഴിഞ്ഞെന്ന് വിശ്വസിക്കുന്നതായി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടർ അഡ്വ ജി. മോഹൻ രാജ് പറഞ്ഞിരുന്നു. ഇരുപത്തിയേഴുകാരനായ പ്രതിക്ക് സ്വയം തിരുത്താൻ അവസരം നല്‍കണമെന്നായിരുന്നു പ്രതിഭാഗത്തിന്‍റെ വാദം. പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന വാദമാണ് പ്രോസിക്യൂഷൻ കോടതിയില്‍ സ്വീകരിച്ചത്. ഇന്ത്യൻ ശിക്ഷ നിയമത്തിലെയും പോക്‌സോ നിയമത്തിലെയും വിവിധ വകുപ്പുകൾ പ്രകാരമാണ് കോടതി പ്രതിയെ കുറ്റക്കാരനെന്ന് കണ്ടെത്തിയത്. 36 ദിവസം കൊണ്ട് കുറ്റപത്രം സമർപ്പിച്ച് 26 ദിവസം കൊണ്ടാണ് വിചാരണ പൂർത്തിയാക്കിയത്.
ദൃക്‌സാക്ഷികളില്ലാത്ത കേസില്‍ സാഹചര്യ തെളിവുകളും സാക്ഷിമൊഴികളും ശാസ്ത്രീയ തെളിവുകളും അടക്കമാണ് വിചാരണ നടന്നത്. കൊലപാതകം, ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍, മൃതദേഹത്തോട് അനാദരവ് കാണിക്കല്‍, തെളിവ് നശിപ്പിക്കല്‍ എന്നിവയാണ് പ്രധാന കുറ്റങ്ങൾ. 2023 ജൂലൈ 28നാണ് ആലുവയില്‍ താമസിക്കുന്ന ബിഹാർ സ്വദേശികളുടെ അഞ്ച് വയസുള്ള മകളെ ബിഹാർ സ്വദേശി അസ്‌ഫാക് ആലം തട്ടിക്കൊണ്ടുപോയത്. ആലുവ മാർക്കറ്റിലെ ആളൊഴിഞ്ഞ പറമ്പിലെത്തിച്ച് മദ്യപിച്ച ശേഷം ക്രൂരമായ പീഡനത്തിനിരയാക്കി. അതിനുശേഷം കഴുത്തുഞ്ഞെരിച്ചു കൊലപ്പെടുത്തി ചാക്കില്‍ കെട്ടി ചതുപ്പില്‍ കുഴിച്ചിടുകയായിരുന്നു
What's Your Reaction?






