അടിമാലി ടൗണില്‍ ഭിക്ഷാടകര്‍ വര്‍ധിക്കുന്നു
അടിമാലി ടൗണില്‍ ഭിക്ഷാടകര്‍ വര്‍ധിക്കുന്നു
ഇടുക്കി: അടിമാലി ടൗണില്‍ ഭിക്ഷാടകര്‍ വര്‍ധിക്കുന്നത് വ്യാപാരികള്‍ക്കും യാത്രക്കാര്‍ക്കും തലവേദനയാകുന്നു. ഒന്നിലധികം ആളുകള്‍ പല സമയങ്ങളിലായി വ്യാപാരസ്ഥാപനങ്ങളില്‍ പണം ചോദിച്ചെത്തുന്നതും പണം ലഭിക്കാതെ വ്യാപാര സ്ഥാപനങ്ങളില്‍നിന്ന് പോകാന്‍ തയാറാകാതെ വരുന്നതും കടയുടമകള്‍ക്ക് പ്രതിസന്ധിയാകുന്നുണ്ട്. സ്‌കൂള്‍, കോളേജ് സമയങ്ങളില്‍ വിദ്യാര്‍ഥികളോടുവരെ പണം ചോദിച്ചെത്തുന്ന ഭിക്ഷാടകര്‍ പണം ലഭിക്കാതെ വരുമ്പോള്‍ ശാപവാക്കുകള്‍ പറയുന്ന കാഴ്ചയും പതിവാണ്. ബസ് സ്റ്റാന്‍ഡ് പരിസരം, സെന്‍ട്രല്‍ ജങ്ഷന്‍, താലൂക്ക് ആശുപത്രി പരിസരം തുടങ്ങിയ മേഖലകളിലാണ് ഇവരുടെ സാന്നിധ്യം കൂടുതലായുള്ളത്. അതിരാവിലെ ടൗണിലെത്തുന്ന ഇവര്‍ രാത്രിയാകുന്നതോടെ ടൗണില്‍നിന്ന് അപ്രത്യക്ഷരാകും. വൃദ്ധരും വികലാംഗരുമാണ് കൂടുതല്‍. ഭിക്ഷാടകരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ വിഷയത്തില്‍ ബന്ധപ്പെട്ടവരുടെ ശ്രദ്ധപതിയണമെന്നാണ് ഉയരുന്ന ആവശ്യം. ബസ് സ്റ്റാന്‍ഡ് പരിസരത്ത് സംഘമായി എത്തുന്ന ഭിക്ഷാടകര്‍ പിന്നീട് ഒറ്റതിരിഞ്ഞ് ടൗണിന്റെ വിവിധ ഭാഗങ്ങളില്‍ ഭിക്ഷ യാചിക്കും. ഭിക്ഷാടകരെ കൂട്ടമായി ടൗണിലെത്തിച്ച് പണം സ്വരൂപിക്കുന്ന സംഘം പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന സംശയവും ഉയരുന്നുണ്ട്.
What's Your Reaction?