പരാജയ ഭീതിപൂണ്ട കോൺഗ്രസ്സ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു; എൽഡിഎഫ്
പരാജയ ഭീതിപൂണ്ട കോൺഗ്രസ്സ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു; എൽഡിഎഫ്
കട്ടപ്പന: പരാജയം ഉറപ്പായതോടെ എൽഡിഎഫ് പ്രകടന പത്രിക ദുർവ്യാഖ്യാനം ചെയ്‌ത് കള്ളം പ്രചരിപ്പിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നതെന്ന് എൽഡിഎഫ് ജില്ലാ നേതൃത്വം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പൊട്ടൻ ആനയെ കണ്ടതുപോലെയാണ് കോൺഗ്രസ്സ് നേതാക്കൾ എൽഡിഎഫ് പ്രകടന പത്രികയെ വ്യാഖ്യാനിക്കുന്നത്. ഗാഡ്‌ഗിൽ റിപ്പോർട്ട് നടപ്പാക്കണമെങ്കിൽ കോൺഗ്രസ്സ് അധികാരത്തിൽ വരണമെന്ന് പശ്ചിമഘട്ട സംരക്ഷണ സമിതി പ്രഖ്യാപിച്ചതോടെ പ്രതിരോധത്തിലായ കോൺഗ്രസ്സ് തടിയൂരാനായി പ്രകടന പത്രികയെ തെറ്റായ രീതിയിൽ വ്യാഖ്യാനിക്കുകയാണ്. മലയോര കർഷകരെ കുടിയിറക്കാൻ കോൺഗ്രസ്സ് കൊണ്ടുവന്ന ഗാഡ്‌ഗിൽ റിപ്പോർട്ട് വീണ്ടും കൊണ്ടുവരാനുള്ള നീക്കമാണ് ചിലരുടെ സ്ഥാനാർത്ഥിത്വത്തിലൂടെ ഇടുക്കിയിൽ ലക്ഷ്യമിടുന്നത്. ഇടുക്കിയിലെ 80 ശതമാനം സ്ഥലങ്ങളും വാസയോഗ്യമല്ലെന്നും ഇവിടം വിട്ടു പോകണമെന്നുമാണ് പരോക്ഷമായി ഇടുക്കി മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി മാധ്യമങ്ങൾക്ക് മുമ്പിൽ പറഞ്ഞിട്ടുള്ളത്. പരിസ്ഥിതിവാദികൾക്കൊപ്പം നിന്ന് ഇടുക്കിയിലെ ഭൂ പ്രശ്‌നങ്ങളെ കേസിൽ കുരുക്കുന്ന കോൺഗ്രസ്സിൻ്റെ പ്രവൃത്തികൾക്കെതിരെ മലയോരത്താകെ ജനരോക്ഷം ജ്വലിച്ചുയരുകയും ഇടത് സ്ഥാനാർത്ഥികൾക്ക് അനുകൂലമായി ജനങ്ങൾ വോട്ട് രേഖപ്പെടുത്താൻ തീരുമാനം എടുത്തു കഴിഞ്ഞതായും നേതാക്കൾ പറഞ്ഞു.
സംസ്ഥാനത്താകെയുള്ള വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ ഉരുൾപൊട്ടൽ മേഖലയിലെ തദ്ദേശവാസികൾക്ക് അപകട സാധ്യതകൾ ഒഴിവാക്കാൻ ശാസ്ത്രീയ പരിശീലനങ്ങളും മുന്നറിയിപ്പുകളും ബോധവൽക്കരണവും നടത്തുമെന്നാണ് പ്രകടന പത്രികയിൽ പറയുന്നത്. ഇതിനെയാണ് പൊതുശല്യമായി മാറിയിട്ടുള്ള കോൺഗ്രസ്സിലെ ചില നേതാക്കൾ തെറ്റായി വ്യാഖ്യാനിക്കുന്നത്. സംരക്ഷിത വനങ്ങളുടെ സംരക്ഷണം കാലങ്ങളായി തുടർന്നു വരുന്ന ഒന്നാണ്. വനത്തിനുള്ളിൽ ബഫർസോൺ നിശ്ചയിച്ച് എക്കോ ടൂറിസവും വന വിഭവ ശേഖരണവും നടത്തുകയും വനത്തിന് പുറത്തേക്ക് വന്യജീവികൾ കൃഷിയിടങ്ങളിലേക്ക് വരാതെ തടയുകയും ചെയ്യുക എന്ന ലക്ഷ്യമാണ് വന സംരക്ഷണം കൊണ്ട് പ്രകടനപത്രികയിൽ ഉദ്ദേശിച്ചിട്ടുള്ളത്. ഇതിനെയാണ് തെറ്റായി വ്യാഖ്യാനിച്ച് ബഫർസോൺ വനത്തിന് പുറത്തേക്കാണെന്ന് കള്ളപ്രചരണം നടത്തി വരുന്നത്. വനത്തിനുള്ളിലെ ഏകവിളത്തോട്ടങ്ങൾ അതായത് സോഷ്യൽ ഫോറസ്ട്രി വനവൽക്കരണത്തിൻ്റെ ഭാഗമായി സൃഷ്ടിച്ചിട്ടുള്ള യൂക്കാലി പോലെയുള്ള ഏകവിളത്തോട്ടങ്ങൾ സ്വാഭാവിക വനമാക്കി വനത്തിനുള്ളിൽ വർദ്ധിച്ചുവരുന്ന വന്യജീവികളുടെ വംശവർദ്ധന ഉള്ള സാഹചര്യത്തിൽ വനത്തിൻ്റെ അളവ് പുറത്തേക്ക് വർദ്ധിപ്പിക്കാതെ വനത്തിനുള്ളിൽ തന്നെ ജീവികൾക്കിടം നൽകി കൃഷിപ്രദേശത്തേക്ക് വരാതെ തടയുന്നതിനാണ് ഈ നടപടി സ്വീകരിക്കുന്നത്. വനത്തിനുള്ളിലെ ഏകവിളത്തോട്ടം എന്ന് വ്യക്തമായി പ്രതിപാദിച്ചിരിക്കെ കർഷകരുടെ ഏകവിളത്തോട്ടമെന്ന കുറ്റകരമായി തെറ്റിദ്ധാരണയാണ് നുണമാത്രം പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന കോൺഗ്രസ്സ് ഇവിടെയും ആവർത്തിക്കുന്നത്. ദുഷ്ടലാക്കോടെ അത്യന്തം ഹീനമായ രീതിയിൽ എംപിയും കൂട്ടരും നടത്തുന്ന വ്യാജപ്രചരണങ്ങളെ ജനങ്ങൾ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയും.
ഭൂമി പ്രശ്‌നങ്ങളിലും വനവൽക്കരണത്തിലും എൽഡിഎഫിന് വ്യക്തവും സുചിന്തിതവുമായ നിലപാടുകളുണ്ട്. കോൺഗ്രസ്സ് കൊണ്ടുവന്ന കാണാച്ചതികളെ മുൻകൂട്ടി തിരിച്ചറിഞ്ഞ് പ്രതിരോധിക്കുകയും ഇടുക്കിയിൽ ജനങ്ങൾക്ക് സ്വതന്ത്രമായി ജീവിക്കുന്നതിനാവശ്യമായ മുഴുവൻ നിയമ നിർമ്മാണങ്ങളും സർക്കാർ ഉത്തരവുകളും ഇറക്കി ഇടുക്കിയിലെ കർഷകരെ നെഞ്ചോട് ചേർത്താണ് എൽഡിഎഫ് സർക്കാർ നിലകൊണ്ടത്. 45000 പേർക്ക് പട്ടയം നൽകി, നിർമ്മാണ നിരോധനം നീക്കി, നിലവിലുള്ള കെട്ടിടങ്ങൾക്ക് നിയമസാധുത ഉറപ്പാക്കി യഥേഷ്‌ടം നിർമ്മാണത്തിനും ജീവനോപാധി കണ്ടെത്തുന്നതിനും പൂർണ സ്വാതന്ത്ര്യം പ്രദാനം ചെയ്ത‌് ആവശ്യമായ നിയമ നടപടികൾ മുഴുവൻ പൂർത്തീകരിച്ചാണ് ഈ സർക്കാർ കാലാവധി പൂർത്തിയാക്കുന്നത്. സംസ്ഥാനത്ത് എൽഡിഎഫിന് അനുകൂലമായ രാഷ്ട്രീയ തരംഗം സമസ്‌ത മേഖലകളിലും ഉയർന്നു വന്നിരിക്കുകയാണ്. ഇടുക്കിയിലെ 5 സീറ്റും എൽഡിഎഫ് ഉറപ്പിച്ചു കഴിഞ്ഞുവെന്നും നേതാക്കൾ പറഞ്ഞു.
വാർത്താസമ്മേളനത്തിൽ സിപിഐഎം ജില്ലാ സെക്രട്ടറി സി വി വർഗീസ്, കേരള കോൺഗ്രസ് എം ജില്ലാ പ്രസിഡൻ്റ് ജോസ് പാലത്തിനാൽ, സിപിഐ എം ജില്ലാ കമ്മിറ്റിയംഗം വി ആർ സജി, ഏരിയ സെക്രട്ടറി മാത്യു ജോർജ്, എൽഡിഎഫ് മുനിസിപ്പൽ കമ്മിറ്റി കൺവീനർ സി എസ് അജേഷ് എന്നിവർ പങ്കെടുത്തു
What's Your Reaction?