രാജകുമാരിയില്‍ കോണ്‍ഗ്രസ് നേതാവിനെ മര്‍ദിച്ച 3 സിപിഐഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍
രാജകുമാരിയില്‍ കോണ്‍ഗ്രസ് നേതാവിനെ മര്‍ദിച്ച 3 സിപിഐഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍
ഇടുക്കി: രാജകുമാരിയില്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിനെ മര്‍ദിച്ച മൂന്ന് സിപിഐഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍. സേനാപതി ആവണക്കുംചാല്‍ ബ്രാഞ്ച് കമ്മിറ്റിയംഗം ആലാനിക്കല്‍ ബേബി, രാജകുമാരി തളിയച്ചിറയില്‍ ഷേബി, ആവണക്കുംചാല്‍ ലക്ഷംവീട് ഉന്നതിയിലെ അജിത്ത് എന്നിവരെയാണ് രാജാക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ചയാണ് മണ്ഡലം പ്രസിഡന്റ് റോയി ചാത്തനാട്ടിനെ മൂന്നംഗം സംഘം ആക്രമിച്ചത്. അക്രമി സംഘത്തിന്റെ പക്കല്‍നിന്ന് വടിവാള്‍ ഉള്‍പ്പെടെയുള്ള മാരക ആയുധങ്ങളും കണ്ടെടുത്തു. എല്‍ഡിഎഫ് പ്രകടനപത്രിയിലെ കര്‍ഷക വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് യുഡിഎഫ് രാജകുമാരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം പ്രകടനപത്രിക കത്തിച്ചിരുന്നു. ഇതിന് നേതൃത്വം നല്‍കിയതാണ് റോയി ചാത്തനാട്ടിനെ സിപിഐഎം പ്രവര്‍ത്തകര്‍ ആക്രമിക്കാനുള്ള കാരണമെന്നാണ് പൊലീസ് പറയുന്നത്. ഒന്നാം പ്രതി ബേബിയുടെ ജീപ്പില്‍ എത്തിയ സംഘം മദ്യ ലഹരിയില്‍ ആയിരുന്നുവെന്ന് മര്‍ദനമേറ്റ റോയി ചാത്തനാട് പറഞ്ഞു. പോളിങ് ദിനത്തില്‍ രാവിലെ ഇവര്‍ റോയിയെ അന്വേഷിച്ച് രാജകുമാരിയിലെ പോളിങ് ബൂത്തിന് സമീപം എത്തിയെങ്കിലും കണ്ടെത്തിയില്ല. പോളിങ് അവസാനിച്ചതിന് ശേഷം റോയിയെ ഫോണില്‍ വിളിച്ച് എവിടെയാണെന്ന് സ്ഥിരീകരിച്ച ശേഷമാണ് രാജകുമാരിയിലെ തോട്ടം മേഖലയായ കജനാപാറയിലെത്തി അക്രമം നടത്തിയത്. കൊല്ലുമെന്ന് ആക്രോശിച്ച ഒന്നാംപ്രതി ബേബി റോയിക്ക് നേരെ വടിവാള്‍ വീശിയെങ്കിലും റോയി ഒഴിഞ്ഞുമാറി. തുടര്‍ന്ന് അജിത്തും ഷേബിയും ചേര്‍ന്ന് റോയിയുടെ മുഖത്ത് ഇടിക്കുകയും കൊളുത്തുപോലുള്ള ഇരുമ്പിന്റെ ആയുധം ഉപയോഗിച്ച് റോയിയുടെ തലയില്‍ അടിക്കുകയുമായിരുന്നു.
What's Your Reaction?