നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: സജിയെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി: പ്രതിക്കെതിരെ ലൈംഗികാതിക്രമ പരാതിയും
നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: സജിയെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി: പ്രതിക്കെതിരെ ലൈംഗികാതിക്രമ പരാതിയും
ഇടുക്കി: നെടുങ്കണ്ടം പച്ചടി ഇരട്ടക്കൊലപാതക കേസില്‍ പ്രതി സജിയെ കൂടുതല്‍ ചോദ്യംചെയ്യലിനും തെളിവെടുപ്പിനുമായി അന്വേഷണ സംഘം കസ്റ്റഡിയില്‍ വാങ്ങി. പ്രതി രണ്ട് സ്ത്രീകള്‍ക്കുനേരെ ലൈംഗികാതിക്രമം നടത്തിയതായും പൊലീസിന് വിവരം ലഭിച്ചു. തോട്ടുവാക്കട പൊന്നിട്ടയില്‍ മേരിക്കുട്ടി(70), മകന്‍ റെജി(54) എന്നിവരെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ കേസിലാണ് മേരിക്കുട്ടിയുടെ ഇളയമകന്‍ സജി(43)യെ പൊലീസ് അറസ്റ്റ് ചെയ്തത്.
മൃതദേഹങ്ങള്‍ കുഴിച്ചിടാന്‍ ഉപയോഗിച്ച ആയുധങ്ങളും പ്രതിയുടെ മൊബൈല്‍ ഫോണും കണ്ടെത്താനുണ്ട്. ഒളിവില്‍ കഴിഞ്ഞ മലമുകളില്‍ ഫോണ്‍ ഉപേക്ഷിച്ചെന്നാണ് സജി പൊലീസിനോട് പറഞ്ഞത്. ഇത് കണ്ടെത്താന്‍ തെരച്ചില്‍ നടത്തും. അമ്മയേയും സഹോദരനെയും കൊലപ്പെടുത്താന്‍ മറ്റെന്തെങ്കിലും കാരണമുണ്ടോയെന്നും 2018ല്‍ പിതാവ് മാത്യുവിനെ കാണാതായതിനുപിന്നില്‍ ഇയാള്‍ക്ക് ബന്ധമുണ്ടോയെന്നു അന്വേഷിക്കും.
ഇതിനിടെ രണ്ട് സ്ത്രീകളെ സജി ലൈംഗിക ചൂഷണത്തിനിരയാക്കിയതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഈസംഭവങ്ങളില്‍ അന്വേഷണം നടത്തി തെളിവുകള്‍ ശേഖരിച്ചശേഷം കേസുകള്‍ രജിസ്റ്റര്‍ ചെയ്യും. തുടര്‍ന്ന് വീണ്ടും കസ്റ്റഡിയില്‍ വാങ്ങാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്.
ഏപ്രില്‍ നാലിന് രാത്രി അമ്മയേയും മൂത്തസഹോദരനെയും കൊലപ്പെടുത്തിയെന്നാണ് സജിയുടെ മൊഴി. രാത്രി മദ്യപിച്ച് വീട്ടിലെത്തിയ റെജി ഭക്ഷണം വിളമ്പിക്കൊടുത്തപ്പോള്‍ സജിയുടെ മുഖത്തേക്ക് തട്ടിത്തെറിപ്പിച്ചു. ഇതില്‍ പ്രകോപിതനായ സജി, റെജിയെ പലതവണ മര്‍ദിച്ചു. അടിയേറ്റ് റെജി നിലത്തുവീണതുകണ്ട് തടസംപിടിക്കാനെത്തിയ മേരിക്കുട്ടിയെയും സജി ക്രൂരമായി മര്‍ദിച്ചു. നിലത്ത് തലയിടിച്ചുവീണ മേരിക്കുട്ടി തല്‍ക്ഷണം മരിച്ചു. തുടര്‍ന്ന്, നിലത്തുവീണുകിടന്ന റെജിയെ കൊലപ്പെടുത്താന്‍ കരുതിക്കൂട്ടി ഷൂസ് ധരിച്ച കാലുകൊണ്ട് സജി കഴുത്തില്‍ ചവിട്ടിഞെരിച്ചു. റെജി മരിച്ചെന്നുകരുതിയെങ്കിലും അല്‍പ്പസമയത്തിനുശേഷം ഞരക്കംകേട്ടതോടെ തോര്‍ത്ത് ഉപയോഗിച്ച് കഴുത്തില്‍ ചുറ്റി മുറുക്കി മരണം ഉറപ്പാക്കി.
അന്നുരാത്രി ഇരുവരുടെയും മൃതദേഹങ്ങള്‍ കട്ടിലിനടിയില്‍ ഒളിപ്പിച്ചു. തൊട്ടടുത്തദിവസം രാവിലെ മൃതദേഹങ്ങള്‍ വീടിന്റെ പിന്‍വശത്തുള്ള ഷെഡ്ഡില്‍ എത്തിച്ച് കൃഷിയിടങ്ങളില്‍ ഉപയോഗിക്കുന്ന നെറ്റില്‍ പൊതിഞ്ഞ് സാധനങ്ങള്‍ ഉപയോഗിച്ച് മൂടിയിട്ടു. അടുത്തദിവസം മൃതദേഹങ്ങള്‍ ജീര്‍ണിച്ച് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് പട്ടിക്കൂടിനുസമീപം കുഴിയെടുത്ത് മറവുചെയ്തു. അതിനുമുകളില്‍ ചപ്പുചവറുകള്‍ ഇട്ടുമൂടി. തുടര്‍ന്ന് മുറിയിലും പരിസരത്തുമുണ്ടായിരുന്ന രക്തം പുരണ്ട വസ്ത്രങ്ങള്‍ കത്തിച്ചുകളഞ്ഞു. തൊട്ടടുത്തദിവസം മുതല്‍ പതിവുപോലെ ജോലിക്കുപോയതായും സജി പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു.
What's Your Reaction?