കമ്പംമെട്ട് റോഡ് നിര്‍മാണം: അണക്കരയില്‍ വാഹനങ്ങള്‍ നിയന്ത്രണാധീതം
കമ്പംമെട്ട് റോഡ് നിര്‍മാണം: അണക്കരയില്‍ വാഹനങ്ങള്‍ നിയന്ത്രണാധീതം
ഇടുക്കി: അറ്റകുറ്റപ്പണികള്‍ക്കായി കമ്പംമെട്ട് റോഡ് അടച്ചതോടെ അണക്കര മേഖലയില്‍ വന്‍ ഗതാഗതക്കുരുക്കും അപകടഭീഷണിയും ഉയരുന്നു. കമ്പംമെട്ട് പാത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു മാസത്തേക്ക് അടച്ചതോടെ, തമിഴ്നാട്ടില്‍നിന്ന് തോട്ടം തൊഴിലാളികളുമായി എത്തുന്ന വാഹനങ്ങളും ഭാരവാഹനങ്ങളും ഉള്‍പ്പെടെ നൂറുകണക്കിന് വാഹനങ്ങളാണ് ഇപ്പോള്‍ അണക്കര മേഖലയിലൂടെ ചീറിപ്പായുന്നത്. കുമളി, ആറാംമൈല്‍, ചക്കുപള്ളം, അണക്കര, ചെല്ലാര്‍കോവില്‍ വഴിയാണ് ഈ വാഹനങ്ങള്‍ തിരിച്ചുവിട്ടിരിക്കുന്നത്. രണ്ട് സ്‌കൂളുകള്‍ സ്ഥിതിചെയ്യുന്ന അണക്കരപുറ്റടി ബൈപാസ് റോഡിലൂടെ സ്‌കൂള്‍ സമയങ്ങളിലടക്കം വാഹനങ്ങള്‍ അമിതവേഗതയില്‍ കടന്നുപോകുന്നത് വിദ്യാര്‍ഥികളുടെയും കാല്‍നടയാത്രക്കാരുടെയും ജീവന് കടുത്ത ഭീഷണിയാകുകയാണ്. തമിഴ്നാട്ടില്‍നിന്ന് എത്തുന്ന വാഹനങ്ങളില്‍ ഇരുപതിലധികം തൊഴിലാളികളെയാണ് നിയമം ലംഘിച്ച് കുത്തിനിറച്ച് കൊണ്ടുവരുന്നത്. രാവിലെ 5.30 മുതല്‍ 7.30 വരെയുള്ള സമയങ്ങളില്‍ വാഹനങ്ങള്‍ തമ്മില്‍ മത്സരയോട്ടമാണ് നടത്തുന്നത്. നിലവില്‍ മഴ ശക്തമായതിനാല്‍ റോഡില്‍നിന്ന് വാഹനങ്ങള്‍ തെന്നിമാറി വലിയ അപകടങ്ങള്‍ക്ക് സാധ്യതയേറിയിട്ടുണ്ട്. വൈകുന്നേരങ്ങളില്‍ സ്‌കൂള്‍ വിടുന്ന സമയത്ത് കുട്ടികളും വാഹനങ്ങളും ഒരുമിച്ചെത്തുന്നതോടെ അപകടസാധ്യത ഇരട്ടിക്കുകയാണ്. തൊഴിലാളികളുമായി എത്തുന്ന പല വാഹനങ്ങള്‍ക്കും കൃത്യമായ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റുകള്‍ ഇല്ലെന്ന ആക്ഷേപവുമുണ്ട്. കുമളിയില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ ചെക്ക് പോസ്റ്റുകള്‍ ഉണ്ടെങ്കിലും ഇവരുടെ പരിശോധനകള്‍ ഫലപ്രദമല്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. തിരക്കേറിയ ഭാഗങ്ങളില്‍ അടിയന്തരമായി മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്നും പൊലീസിന്റെയും മോട്ടോര്‍ വാഹന വകുപ്പിന്റെയും കര്‍ശന പരിശോധന ഉറപ്പാക്കണമെന്നുമാണ് പ്രദേശവാസികളുടെ ആവശ്യം.
What's Your Reaction?
