മതികെട്ടാന്‍ചോലയിലെ ആനകളെ മറ്റൊരിടത്തേയ്ക്ക് മാറ്റിയേക്കും: വനംവകുപ്പ് പഠനം തുടങ്ങി
മതികെട്ടാന്‍ചോലയിലെ ആനകളെ മറ്റൊരിടത്തേയ്ക്ക് മാറ്റിയേക്കും: വനംവകുപ്പ് പഠനം തുടങ്ങി
ഇടുക്കി: ചിന്നക്കനാല്‍, ശാന്തന്‍പാറ മേഖലകളിലെ വന്യജീവി ആക്രമണത്തിന് ശാശ്വത പരിഹാരം കാണുന്നതിനായി മതികെട്ടാന്‍ചോല ദേശീയോദ്യാനത്തിലെ മുഴുവന്‍ കാട്ടാനകളെയും വിശാലമായ വനമേഖലയിലേയ്ക്ക് മാറ്റിപാര്‍പ്പിക്കാന്‍ ആലോചന. മേഖലയിലെ മുഴുവന്‍ ആനകളെയും പെരിയാര്‍, പറമ്പികുളം പോലുള്ള വിശാലമായ വനമേഖലയിലേയ്ക്ക് മാറ്റിപാര്‍പ്പിക്കുന്ന പദ്ധതിയുമായി ബന്ധപ്പെട്ട് വനംവകുപ്പ് പഠനം തുടങ്ങിതായി ഉടുമ്പന്‍ചോല എംഎല്‍എ അഡ്വ. സേനാപതി വേണു അറിയിച്ചു. ദിവസങ്ങള്‍ക്കുമുമ്പ് ചിന്നക്കനാല്‍ സൂര്യനെല്ലി സ്വദേശിയായ മാരി മക്കളുടെ മുന്നില്‍വെച്ച് കാട്ടാന ആക്രമണത്തില്‍ കൊല്ലപെട്ടിരുന്നു. ഇതോടെ ഉയര്‍ന്ന ജനകീയ പ്രതിഷേധത്തിന്റെ സാഹചര്യത്തില്‍ ചേര്‍ന്ന ഉന്നത തല യോഗത്തിലാണ് മേഖലയിലെ കാട്ടാന അക്രമണത്തിന് ശാശ്വത പരിഹാരം കാണാന്‍ ഉള്ള നിര്‍ദേശങ്ങള്‍ ഉയര്‍ന്നത്. താരതമ്യേന ചെറിയ വനമേഖലയായ മതികെട്ടാന്‍ചോലയില്‍ നിലവില്‍ 17 ആനകളാണുള്ളത്. പ്രദേശത്തെ കാട്ടാനകളില്‍ അധികവും ജനവാസ മേഖലയോട് ചേര്‍ന്നുള്ള വിശാലമായ പുല്‍മേടുകളിലണ് കൂടുതലായും കഴിയുന്നത്. ഇത് മനുഷ്യ-വന്യജീവി അക്രമണത്തിന് ഇടയാക്കുന്നതയാണ് വിലയിരുത്തല്‍. വന്‍ സമ്പത്തിക മുതല്‍ മുടക്കും നിരവധി വെല്ലുവിളികളും നിറഞ്ഞ പദ്ധതി ഘട്ടംഘട്ടമായി നടപ്പിലാക്കാനാണ് തീരുമാനം.
What's Your Reaction?