മൂന്നാറിലെ ഗതാഗതക്കുരുക്കിനും മാലിന്യപ്രശ്വത്തിനും പരിഹാരം കാണുന്നതിനായി യോഗം ചേര്‍ന്നു
മൂന്നാറിലെ ഗതാഗതക്കുരുക്കിനും മാലിന്യപ്രശ്വത്തിനും പരിഹാരം കാണുന്നതിനായി യോഗം ചേര്‍ന്നു
ഇടുക്കി: വിനോദസഞ്ചാര സീസണില്‍ മൂന്നാര്‍ മേഖലയില്‍ രൂക്ഷമാകുന്ന ഗതാഗതക്കുരുക്കിനും മാലിന്യപ്രശ്‌നത്തിനും ശാശ്വത പരിഹാരം കാണുന്നതിനായി യോഗം ചേര്‍ന്നു. ദേവികുളം എംഎല്‍എ എഫ് രാജ അധ്യക്ഷനായി. ആദ്യഘട്ടമെന്നോണം 500 മില്ലിലിറ്റര്‍ വരെ ശേഷിയുള്ളതും 100 മൈക്രോണില്‍ താഴെ കട്ടിയുള്ളതുമായ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പഞ്ചായത്തിന്റെ പരിധിയില്‍ നിരോധിക്കാന്‍ തീരുമാനിച്ചു. മാലിന്യ നിര്‍മാര്‍ജനത്തിനും പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുന്നതിനുമായി ശക്തമായ നടപടികളും സ്വീകരിക്കും. ഗതാഗതക്കുരുക്ക് നിയന്ത്രിക്കുന്നതിനായി വിനോദസഞ്ചാര സീസണില്‍ മാട്ടുപ്പെട്ടി, കുണ്ടള, ടോപ്പ് സ്റ്റേഷന്‍ ഉള്‍പ്പെടെയുള്ള പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് വലിയ ടൂറിസ്റ്റ് ബസുകളുടെ പ്രവേശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തും. സഞ്ചാരികളുടെ യാത്രാസൗകര്യം ഉറപ്പാക്കുന്നതിനായി ജീപ്പ് സര്‍വീസ് ക്രമീകരിക്കാന്‍ പ്രത്യേക ഉപസമിതി രൂപീകരിച്ചു. ഇതിനായി പ്രത്യേക യാത്ര നിരക്ക് നിശ്ചയിക്കും. വലിയ ടൂറിസ്റ്റ് ബസുകള്‍ക്കായി പ്രത്യേക പാര്‍ക്കിങ് സൗകര്യം ഒരുക്കുകയും റോഡരികിലെ അനിയന്ത്രിത പാര്‍ക്കിങ് ഒഴിവാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്യും.
ഓട്ടോറിക്ഷ ഉള്‍പ്പെടെയുള്ള മറ്റ് ഗതാഗത സംവിധാനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിലും ഘട്ടംഘട്ടമായി കൂടുതല്‍ പരിഷ്‌കാരങ്ങളും നിയന്ത്രണങ്ങളും നടപ്പാക്കാനും യോഗത്തില്‍ തീരുമാനമായി. വിവിധ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, പഞ്ചായത്തംഗങ്ങള്‍, ജനപ്രതിനിധികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, വ്യാപാരി-തൊഴിലാളി സംഘടനകളുടെ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?