മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ മഴ ലഭിക്കാന്‍ കര്‍ഷകര്‍ സര്‍വമത പ്രാര്‍ഥന നടത്തി
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ മഴ ലഭിക്കാന്‍ കര്‍ഷകര്‍ സര്‍വമത പ്രാര്‍ഥന നടത്തി
ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ മഴ ലഭിക്കണമെന്ന പ്രാര്‍ഥനയുമായി തമിഴ്‌നാട്ടിലെ കര്‍ഷകര്‍. വിവിധ മതവിഭാഗങ്ങളുടെ നേതൃത്വത്തില്‍ തേക്കടിയില്‍ സര്‍വമത പ്രാര്‍ഥനയും പ്രത്യേക പൂജകളും നടന്നു. ജലനിരപ്പ് കുറഞ്ഞതോടെ ഒന്നാം കൃഷി അനിശ്ചിതത്വത്തിലായ സാഹചര്യത്തിലാണ് ഈ ചടങ്ങുകള്‍ സംഘടിപ്പിച്ചത്. കമ്പം-ചിന്നമന്നൂര്‍ കര്‍ഷക സംഘടനകളുടെ ആഭിമുഖ്യത്തില്‍ തേക്കടിയിലെ തമിഴ്‌നാട് പൊതുമരാമത്ത് വകുപ്പ് ഓഫീസിന് സമീപമുള്ള ക്ഷേത്രത്തില്‍ പ്രത്യേക പൂജകള്‍ നടത്തി. തുടര്‍ന്ന്, പെരിയാര്‍ അണക്കെട്ടില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക് വെള്ളം തുറന്നുവിടുന്ന തേക്കടി ഷട്ടര്‍ പരിസരത്ത് ഹിന്ദു, മുസ്ലിം, ക്രൈസ്തവ മതനേതാക്കളുടെ നേതൃത്വത്തില്‍ സര്‍വമത പ്രാര്‍ഥനയും നടന്നു. കമ്പം വാവേര്‍ പള്ളി ചീഫ് ഇമാം മൗലവി അലാവുദ്ദീന്‍ മിസ്ബാഹി, റെമ റിവൈവല്‍ ചര്‍ച്ച് ബിഷപ്പ് ജ്ഞാനപ്രകാശം, കമ്പം വേലപ്പര്‍ ക്ഷേത്രം അര്‍ച്ചകന്‍ രവി എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. തമിഴ്‌നാട്ടിലെ തേനി ജില്ലയിലെ പതിനാലായിരത്തിലധികം കര്‍ഷകര്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലത്തെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. എല്ലാ വര്‍ഷവും ജൂണ്‍ ആദ്യവാരത്തില്‍ ഒന്നാം കൃഷിക്കായി 120 ദിവസത്തേക്ക് 200 ഘനയടി വെള്ളം തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോകാറുണ്ട്. എന്നാല്‍ ഇത്തവണ കാലവര്‍ഷം ദുര്‍ബലമായതും അണക്കെട്ടിലെ ജലനിരപ്പ് ഗണ്യമായി കുറഞ്ഞതും മൂലം ഒന്നാം കൃഷി ആരംഭിക്കുന്നതില്‍ ആശങ്ക ഉയര്‍ന്നിരിക്കുകയാണ്. നിലവില്‍ അണക്കെട്ടിലെ ജലനിരപ്പ് 112.90 അടിയാണ്. ജലനിരപ്പ് 118 അടി പിന്നിട്ട ശേഷമേ ഒന്നാം കൃഷിക്കായി വെള്ളം തമിഴ്‌നാട്ടിലേക്ക് തുറന്നുവിടാനാകൂ. 2019-ലും സമാന സാഹചര്യത്തില്‍ തമിഴ്‌നാട് ഇവിടെ സര്‍വമത പ്രാര്‍ത്ഥന സംഘടിപ്പിച്ചിരുന്നുവെന്നും, തുടര്‍ന്ന് നല്ല മഴ ലഭിച്ചതായും കര്‍ഷകര്‍ ചൂണ്ടിക്കാട്ടി. ജില്ലാ കര്‍ഷക സംഘം വര്‍ക്കിങ് പ്രസിഡന്റ് എസ്. മനോഹരന്‍ അധ്യക്ഷനായി. കമ്പം വാവേര്‍ പള്ളി ജമാഅത്ത് പ്രസിഡന്റ് ഹാജി സൈനുലാബുദീന്‍ അമ്പ, വ്യവസായി രായപ്പന്‍പട്ടി ആനന്ദന്‍, ചെന്നൈ ശെല്‍വം, തമിഴ്‌നാട് പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ രാജഗോപാല്‍, അസിസ്റ്റന്റ് എന്‍ജിനീയര്‍ മഹേന്ദ്രന്‍ എന്നിവരുള്‍പ്പെടെ നിരവധിപ്പേര്‍ പങ്കെടുത്തു.
What's Your Reaction?