നഗരംപാറ ഫോറസ്റ്റ് റേഞ്ച് ഓഫീസിലേക്ക് കര്‍ഷക സംഘത്തിന്റെ മാര്‍ച്ച് ജൂലൈ 16ന് 

നഗരംപാറ ഫോറസ്റ്റ് റേഞ്ച് ഓഫീസിലേക്ക് കര്‍ഷക സംഘത്തിന്റെ മാര്‍ച്ച് ജൂലൈ 16ന് 

Jul 14, 2026 - 10:47
Jul 14, 2026 - 14:20
 0
നഗരംപാറ ഫോറസ്റ്റ് റേഞ്ച് ഓഫീസിലേക്ക് കര്‍ഷക സംഘത്തിന്റെ മാര്‍ച്ച് ജൂലൈ 16ന് 
This is the title of the web page

ഇടുക്കി: വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള കര്‍ഷക സംഘം ഇടുക്കി ഏരിയ കമ്മിറ്റി നഗരംപാറ ഫോറസ്റ്റ് റേഞ്ച് ഓഫീസിലേക്ക് 16ന് രാവിലെ 10ന് മാര്‍ച്ച് നടത്തും. മുന്‍ മന്ത്രി എംഎം മണി ഉദ്ഘാടനം ചെയ്യും. കഞ്ഞിക്കുഴി വില്ലേജില്‍ റവന്യു ഭൂമി കൈയേറുന്ന വനംവകുപ്പിന്റെ നടപടി അവസാനിപ്പിക്കുക, കാട്ടാന ആക്രമണം തടയാന്‍ അടിയന്തര നടപടി സ്വീകരിക്കുക, കൃഷിക്കാര്‍ക്കെതിരെ വനംവകുപ്പ് എടുത്ത കള്ളക്കേസുകള്‍ പിന്‍വലിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ച് നടത്തുന്നത്. 1902 ല്‍ തിരുവിതാംകൂര്‍ ഭരണകൂടത്തിന്റെ വിജ്ഞാപന പ്രകാരം കഞ്ഞിക്കുഴി വില്ലേജും ഇടുക്കി വില്ലേജിന്റെ ഭൂരിപക്ഷം പ്രദേശങ്ങളും നഗരംപാറ റിസര്‍വ് വനത്തിനുള്ളിലാണെന്നാണ് വനം വകുപ്പിന്റെ വാദം. റവന്യു ഭൂമിയും വന ഭൂമിയും കൃത്യമായ അതിരുകളുടെ അടിസ്ഥാനത്തില്‍ വേര്‍തിരിഞ്ഞാണ് നിലനില്‍ക്കുന്നത്. വനാതിര്‍ത്തി ജണ്ടയിട്ട് വനം വകുപ്പ് തിരിച്ചിട്ടുള്ളതുമാണ്. 6 പതിറ്റാണ്ടിലധികമായി കുടിയേറി പാര്‍ത്തവരും സര്‍ക്കാര്‍ വിവിധ ഘട്ടങ്ങളില്‍ കുടിയിരുത്തിയവരുമാണ് വനാതിര്‍ത്തിക്ക് പുറത്ത് കൃഷി ചെയ്ത് ജീവിച്ച് വരുന്നത്. എന്നാല്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ കാലങ്ങളായി കഞ്ഞിക്കുഴി പഞ്ചായത്തിലെ കര്‍ഷകരെ ഭീഷണിപ്പെടുത്തുകയും കള്ളക്കേസുകളില്‍ കുടുക്കയും ചെയ്തു വരികയാണ്. ബിടിആര്‍ രജിസ്റ്ററില്‍ റവന്യു പുറമ്പോക്കെന്ന് രേഖപ്പെടുത്തിയിരിക്കുന്ന സ്ഥലങ്ങള്‍ വനം വകുപ്പ് കൈവശപ്പെടുത്തുകയാണ്. പാല്‍ക്കുളംമേട് മുതല്‍ മക്കുവള്ളി വരെയുള്ള ജനവാസ കേന്ദ്രങ്ങളില്‍ പലയിടത്തും കൈവശ ഭൂമിക്കുള്ളിലുള്ള പാറ ജണ്ടയിട്ട് വനം വകുപ്പ് കൈവശപ്പെടുത്തിയിരിക്കുന്നു. ഇത് തികച്ചും നിയമ വിരുദ്ധമായ കൈയേറ്റമാണ്. ഇടുക്കി, മലയാറ്റൂര്‍ റിസര്‍വുകള്‍ക്കിടയില്‍ കിടക്കുന്ന കഞ്ഞിക്കുഴി പഞ്ചായത്ത് മുഴുവന്‍ വൈല്‍ഡ് ലൈഫ് കോറിഡോര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിക്കൊണ്ട് (ഇടുക്കി - മലയാറ്റൂര്‍ വന്യജീവി ഇടനാഴി) വനമാക്കി മാറ്റാന്‍ ഗൂഢനീക്കം നടത്തുകയാണ്. വീട് വയ്ക്കുന്നതിന് തറ വലിച്ചതിന്റെ പേരിലാണ് അജീഷ് എന്ന യുവാവിന്റെ ജെസിബി വനം വകുപ്പ് കണ്ടുകെട്ടിയത്. ഈ പ്രദേശത്ത് എവിടെ മരം മുറിച്ചാലും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തി പണം വാങ്ങുകയാണ്. പണം നല്‍കാത്തവര്‍ക്കെതിരെ കള്ളക്കേസുകള്‍ എടുക്കുകയാണെന്നും നേതാക്കാള്‍ പറഞ്ഞു. 1961 ലെ കേരള വനം വകുപ്പ് നിയമം സെക്ഷന്‍ 27 പ്രകാരമാണ് വനം വകുപ്പ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സംരക്ഷിത വനപ്രദേശത്ത് അതിക്രമിച്ച് കടന്നതുമായി ബന്ധപ്പെട്ട ഈ സെക്ഷനാണ് കൃഷി ഭൂമിയില്‍ പണിയുന്ന കര്‍ഷകനെതിരെ കേസെടുക്കുന്നതിന് ഉപയോഗിക്കുന്നത്. 1964 ലെ ചട്ട പ്രകാരം പട്ടയം ലഭിച്ചിട്ടുള്ള സ്ഥലങ്ങളിലും പട്ടയത്തിന് അപേക്ഷ നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പട്ടയം ലഭിച്ചുകൊണ്ടിരിക്കുന്ന പ്രദേശങ്ങളിലും അന്യായമായി അവകാശവാദം ഉന്നയിച്ച് കൃഷിക്കാരുടെ ജീവിതം താറുമാറാക്കുകയാണ് വനം വകുപ്പ് ചെയ്യുന്നത്.  കേരള കര്‍ഷക സംഘം സംസ്ഥാന വര്‍ക്കിങ് കമ്മിറ്റിയംഗം സി വി വര്‍ഗീസ്, സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍ വി ബേബി, ജില്ലാ സെക്രട്ടറി റോമിയോ സെബാസ്റ്റ്യന്‍, കര്‍ഷക ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ ലിസി ജോസ്, ചെയര്‍മാന്‍ സിബി ആറക്കാട്ട്, പി ബി സബീഷ് തുടങ്ങിയവര്‍ സംസാരിക്കും. വാര്‍ത്താസമ്മേളനത്തില്‍ കര്‍ഷക സംഘം ജില്ലാ സെക്രട്ടറി റോമിയോ സെബാസ്റ്റ്യന്‍, നേതാക്കളായ പി ബി സബീഷ്, ഇ എന്‍ ചന്ദ്രന്‍, എം വി ബേബി, ജോഷി മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow