നെടുങ്കണ്ടം താലൂക്ക് ആശുപത്രിക്കെതിരായ ആരോപണം അടിസ്ഥാനരഹിതമെന്ന് ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി: ആശുപത്രിയില്‍ 23 ഡോക്ടര്‍മാരുടെ സേവനം ലഭ്യം
നെടുങ്കണ്ടം താലൂക്ക് ആശുപത്രിക്കെതിരായ ആരോപണം അടിസ്ഥാനരഹിതമെന്ന് ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി: ആശുപത്രിയില്‍ 23 ഡോക്ടര്‍മാരുടെ സേവനം ലഭ്യം
ഇടുക്കി: നെടുങ്കണ്ടം താലൂക്ക് ആശുപത്രിക്കെതിരായ അപവാദ പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി. ആശുപത്രിയില്‍നിന്ന് ആകെ രണ്ട് ഡോക്ടര്‍മാര്‍ മാത്രമാണ് സ്ഥലംമാറിയത്. ഫിസിഷ്യന്‍ ഡോക്ടറായിരുന്ന ഡോ. കരോള്‍ ജോസഫിന് കാര്‍ഡിയോളജിസ്റ്റായി സ്ഥാനക്കയറ്റം ലഭിച്ചതിനെ തുടര്‍ന്നാണ് സ്ഥലംമാറ്റം ഉണ്ടായത്. സര്‍വീസില്‍ പ്രവേശിച്ചതിനുശേഷം ഉപരിപഠനത്തിനായി പോയ മൂന്ന് വര്‍ഷം ഒഴികെ ബാക്കിയുള്ള ഏഴ് വര്‍ഷവും അദ്ദേഹം നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലാണ് സേവനമനുഷ്ഠിച്ചത്. കാത്ത് ലാബ് സൗകര്യമുള്ള ആശുപത്രികളിലാണ് കാര്‍ഡിയോളജി വിദഗ്ധരുടെ സേവനം കൂടുതല്‍ ആവശ്യമായതിനാല്‍ അദ്ദേഹത്തെ അടിമാലിയിലേക്ക് നിയമിക്കുകയായിരുന്നു. ത്വക്ക് രോഗവിദഗ്ധന്റെ സ്ഥലംമാറ്റം പൊതുസ്ഥലംമാറ്റ നടപടികളുടെ ഭാഗമായി ഡോക്ടര്‍ സ്വയം ആവശ്യപ്പെട്ട് നേടിയതാണെന്നും ഭരണസമിതി വ്യക്തമാക്കി. നിലവില്‍ ആശുപത്രിയില്‍ അസ്ഥിരോഗ വിദഗ്ധന്‍(1), ഫിസിഷ്യന്‍ (2), ജനറല്‍ സര്‍ജന്‍ (1), ഗൈനക്കോളജി വിഭാഗം (2), അനസ്‌തേഷ്യ വിഭാഗം (2), സൈക്യാട്രി വിഭാഗം (1), നേത്രരോഗ വിദഗ്ധന്‍(1), ശിശുരോഗ വിദഗ്ധര്‍ (2), ഇഎന്‍ടി(2), എന്‍എച്ച്എം ഡോക്ടര്‍(1) , ക്യാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍മാര്‍ (3), ഈവനിങ് ഡോക്ടര്‍ (1), താല്‍ക്കാലിക ഡോക്ടര്‍മാര്‍ (4) എന്നിവരുള്‍പ്പെടെ ആകെ 23 ഡോക്ടര്‍മാരുടെ സേവനം ലഭ്യമാണെന്നും അറിയിച്ചു.
യുഡിഎഫ് ഭരണസമിതി അധികാരത്തിലെത്തിയ ശേഷം ആശുപത്രിയില്‍ ഡയാലിസിസ് യൂണിറ്റിന്റെ പ്രവര്‍ത്തനം ആരംഭിച്ചതായും നിലവില്‍ ദിവസേന മൂന്ന് പേര്‍ക്ക് ഡയാലിസിസ് സേവനം ലഭിക്കുന്നുണ്ടെന്നും ഭരണസമിതി ചൂണ്ടിക്കാട്ടി. വര്‍ഷങ്ങളായുള്ള ജനങ്ങളുടെ ആവശ്യമായിരുന്ന ഈവനിങ് ഒപി സേവനവും ഈ ഭരണസമിതിയാണ് ആരംഭിച്ചതെന്നും അറിയിച്ചു. ആശുപത്രിയിലെ ജീവനക്കാരുടെ കുറവ് പരിഹരിക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യമന്ത്രിയെ നേരില്‍ കണ്ട് നിവേദനം നല്‍കിയിട്ടുണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ അടുത്ത മാസം ആശുപത്രി സന്ദര്‍ശിച്ച് കെട്ടിടനിര്‍മാണം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ വിലയിരുത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് എംഎല്‍എയുടെ സാന്നിധ്യത്തില്‍ മന്ത്രി ഉറപ്പ് നല്‍കിയതായും ഭരണസമിതി അറിയിച്ചു. 2022-ല്‍ ആശുപത്രി നിര്‍മാണം പൂര്‍ത്തിയാക്കി പ്രവര്‍ത്തനം ആരംഭിക്കുമെന്ന വ്യാപക പ്രചാരണം നടത്തിയ മുന്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെയും എംഎല്‍എയുടെയും കാലാവധി അവസാനിച്ചിട്ടും ആശുപത്രിയുടെ നിര്‍മാണം പൂര്‍ത്തിയായിരുന്നില്ലെന്നും അന്ന് ഏകദേശം 50 ശതമാനം മാത്രം പൂര്‍ത്തിയായ കെട്ടിടമാണ് ഉദ്ഘാടനം ചെയ്തതെന്നും, ആവശ്യത്തിന് ഡോക്ടര്‍മാര്‍ ഇല്ലാതിരുന്നതും മറച്ചുവെച്ചാണ് ഇപ്പോള്‍ അപവാദ പ്രചാരണങ്ങള്‍ നടത്തുന്നതെന്നും ഭരണസമിതി ആരോപിച്ചു. യുഡിഎഫ് സര്‍ക്കാരും ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയും നെടുങ്കണ്ടം താലൂക്ക് ആശുപത്രിയുടെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുള്ള നടപടികളുമായി മുന്നോട്ടുപോകുന്നതിനിടെയാണ് ഇത്തരം അടിസ്ഥാനരഹിതമായ പ്രചാരണങ്ങള്‍ നടക്കുന്നതെന്നും ഭരണസമിതി ചൂണ്ടികാട്ടി. വാര്‍ത്താസമ്മേളനത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിനി ടോമി, അംഗങ്ങളായ മുകേഷ് മോഹന്‍, സോണിയ മാര്‍ട്ടിന്‍, ഷൈജ സണ്ണി, ജിഷ ജോര്‍ജ്, ഷിംല ബീവി എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?