ഇഎസ്എ കരട് വിജ്ഞാപനം: യുഡിഎഫ് എംപിമാര്‍ ഗുരുതര വീഴ്ച വരുത്തിയതായി സിപിഐ എം  

ഇഎസ്എ കരട് വിജ്ഞാപനം: യുഡിഎഫ് എംപിമാര്‍ ഗുരുതര വീഴ്ച വരുത്തിയതായി സിപിഐ എം  

Jul 30, 2026 - 18:04
 0
ഇഎസ്എ കരട് വിജ്ഞാപനം: യുഡിഎഫ് എംപിമാര്‍ ഗുരുതര വീഴ്ച വരുത്തിയതായി സിപിഐ എം   
This is the title of the web page

ഇടുക്കി: കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്റെ പരിധിയില്‍നിന്നും കൃഷി-തോട്ടം-ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കുന്നത് സംബന്ധിച്ച് എല്‍ഡിഎഫ് സര്‍ക്കാര്‍ നല്‍കിയ ശുപാര്‍ശകളിന്‍മേല്‍ കേന്ദ്രത്തില്‍ ആവശ്യമായ ഇടപെടല്‍ നടത്തുന്നതിന് കേരളത്തില്‍നിന്നുള്ള എംപിമാര്‍ ഗുരുതരമായ വീഴ്ച വരുത്തിയെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 19 എംപിമാരാണ് യുഡിഎഫിന് കേരളത്തില്‍നിന്നുള്ളത്. അതില്‍ തന്നെ പരിസ്ഥിതി ലോല പ്രഖ്യാപനം ഏറ്റവും കൂടുതല്‍ ജനജീവിതത്തെ ബാധിക്കുന്ന ഇടുക്കിയില്‍നിന്നുള്ള പാര്‍ലമെന്റംഗം 7 വര്‍ഷമായി യാതൊരു ഉത്തരവാദിത്വവും ഡെല്‍ഹിയില്‍ നിര്‍വ്വഹിക്കാത്തതിന്റെ പരിണിത ഫലമാണ് ഇപ്പോള്‍ സംഭവിച്ചതെന്നും അദ്ദേഹം പറഞ്ഞു.
അന്തിമ വിജ്ഞാപനത്തില്‍ കേരളം സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങള്‍ ഒഴിവാക്കി മഹാരാഷ്ട്ര, ഗുജറാത്ത്, ഗോവ സംസ്ഥാനങ്ങള്‍ക്ക് അനുകൂലമായി കരട് വിജ്ഞാപനമാണ് ഇപ്പോള്‍ പുറത്തിറങ്ങിയിട്ടുള്ളത്. യുപിഎ സര്‍ക്കാര്‍ അധികാരത്തിലിരിക്കെ അന്നത്തെ വനം പരിസ്ഥിതി മന്ത്രി ജയറാം രമേശാണ് പശ്ചിമഘട്ടത്തെ കുറിച്ച് പഠിക്കുന്നതിനായി 2010ല്‍ മാധവ് ഗാഡ്ഗില്‍ അധ്യക്ഷനായ സമിതിയെ നിയോഗിക്കുന്നത്. പശ്ചിമഘട്ടം ഉള്‍പ്പെടുന്ന മുഴുവന്‍ സംസ്ഥാനങ്ങളിലും പ്രത്യേകിച്ച് കേരളത്തില്‍ ഇടതുപക്ഷ കര്‍ഷക പ്രസ്ഥാനങ്ങളും ഹൈറേഞ്ച് സംരക്ഷണ സമിതിയും ചേര്‍ന്ന് പ്രക്ഷോഭങ്ങള്‍ ഉയര്‍ത്തിയതിനെ തുടര്‍ന്ന് ഇത് പഠിക്കുന്നതിനായി കസ്തൂരി രംഗന്‍ അധ്യക്ഷനായ ഹൈ ലെവല്‍ വര്‍ക്കിങ് കമ്മിറ്റിയെ യുപിഎ സര്‍ക്കാര്‍ നിയമിച്ചു. കസ്തൂരി രംഗന്‍ കമ്മീഷന്‍ ശുപാര്‍ശയില്‍ കേരളത്തിലെ 131 വില്ലേജുകള്‍ ഇഎസ്എ ആയി ഉള്‍പ്പെടുത്തിയിരുന്നു. ഇതനുസരിച്ച് കേരളത്തില്‍ 13108 ചതുരശ്ര കിലോമീറ്റര്‍ പരിസ്ഥിതി ലോലമായി പ്രഖ്യാപിച്ചാണ് മന്‍മോഹന്‍ സിംഗ് സര്‍ക്കാര്‍ 2013 നവംബര്‍ 13ന് ഉത്തരവ് പുറപ്പെടുവിച്ചത്. അതില്‍ ഉണ്ടായിരുന്ന ജില്ലയിലെ അണക്കര, ആനവിലാസം, അയ്യപ്പന്‍കോവില്‍, ചക്കുപള്ളം, ചതുരംഗപ്പാറ, ഇരട്ടയാര്‍, കല്‍ക്കൂന്തല്‍, കാന്തിപ്പാറ, കരുണാപുരം, കൊക്കയാര്‍, കൊന്നത്തടി, കുഞ്ചിത്തണ്ണി, കട്ടപ്പന, പാമ്പാടുംപാറ, പാറത്തോട്, രാജാക്കാട്, രാജകുമാരി, തങ്കമണി, ഉടുമ്പന്‍ചോല, ഉപ്പുതോട്, വണ്ടന്‍മേട്, വാത്തിക്കുടി എന്നീ വനാതിര്‍ത്തി പങ്കിടാത്ത 23 വില്ലേജുകളെ സമ്പൂര്‍ണമായി ഒഴിവാക്കിയാണ് കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കിയത്. സംസ്ഥാന സര്‍ക്കാരിന്റെ അഭിപ്രായം പരിഗണിക്കാതെ കരട് വിജ്ഞാപനം പുറത്തിറങ്ങിയതോടെ ഈ വില്ലേജുകള്‍ വീണ്ടും ഉള്‍പ്പെട്ടു. 2016 മുതല്‍ 2026 വരെ 10 വര്‍ഷക്കാലം റിപ്പോര്‍ട്ടിന്റെ ദോഷവശങ്ങള്‍ കേരളത്തെ ബാധിക്കാതിരിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ആവശ്യമായ ഇടപെടല്‍ നടത്തുകയും വനം പരിസ്ഥിതി മന്ത്രാലയത്തില്‍ നിരന്തരം ഇടപെടുകയും ചെയ്തിരുന്നു.
ഹരിത എംഎല്‍എമാരുടെ നേതാവും പരിസ്ഥിതിവാദിയുമായ വി ഡി സതീശന്‍ മുഖ്യമന്ത്രിയായതോടെ അവസരം കാത്തിരുന്ന കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം എല്‍ഡിഎഫ് സര്‍ക്കാര്‍ നല്‍കിയ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് വിജ്ഞാപനത്തിന് തയ്യാറാകാതെ ഇളവുകള്‍ നല്‍കുന്നതില്‍നിന്നും കേരളത്തെ ഒഴിവാക്കുന്ന ആസൂത്രിത നീക്കമാണ് നടത്തുന്നത്. എംപിയും കോണ്‍ഗ്രസും നടത്തുന്ന ഇത്തരം ചതികള്‍ക്കെതിരെ കക്ഷി- രാഷ്ട്രീയത്തിനതീതമായി ജനങ്ങളെ അണിനിരത്തി വന്‍ പ്രക്ഷോഭത്തിന് സിപിഐ എം നേതൃത്വം നല്‍കുമെന്നും അറിയിച്ചു.
പശ്ചിമഘട്ട മേഖലയില്‍ അധിവസിക്കുന്ന ലക്ഷക്കണക്കായ മനുഷ്യരെ ചേര്‍ത്തുപിടിക്കുന്നതിനും സംസ്ഥാന താല്‍പര്യം സംരക്ഷിക്കുന്നതിനും കക്ഷി- രാഷ്ട്രീയ ഭേദമെന്യേ ജാഗ്രതയോടെയുള്ള സമീപനമാണ് ഈ വിഷയത്തില്‍ ഉണ്ടാകേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വാര്‍ത്താസമ്മേളനത്തില്‍ കട്ടപ്പന ഏരിയ സെക്രട്ടറി മാത്യു ജോര്‍ജ്, നേതാക്കളായ കെ എന്‍ വിനീഷ് കുമാര്‍, ലിജോബി ബേബി എന്നിവരും പങ്കെടുത്തു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow