സഞ്ചാരികളെ കാത്ത് കാന്തല്ലൂരിലെ ആപ്പിള്‍ തോട്ടങ്ങള്‍
സഞ്ചാരികളെ കാത്ത് കാന്തല്ലൂരിലെ ആപ്പിള്‍ തോട്ടങ്ങള്‍
ഇടുക്കി: ഓണക്കാലത്ത് മൂന്നാറിലെ തേയില കാഴ്ചകള്‍ പിന്നിട്ട് കാന്തല്ലൂരിലേക്ക് ഒരുയാത്ര പോയാലോ. ചുവപ്പ് അണിഞ്ഞ, പഴുത്തു തുടുത്ത ആപ്പിളുകള്‍ കാന്തല്ലൂര്‍ സഞ്ചാരികള്‍ക്കായി കാത്തുവച്ചിട്ടുണ്ട്. മരങ്ങളില്‍നിന്ന് നേരിട്ട് പറിച്ച് കഴിക്കാവുന്ന മധുരമൂറുന്ന ആപ്പിള്‍ വിസ്മയം ആസ്വദിക്കാന്‍ സഞ്ചാരികള്‍ എത്തി തുടങ്ങി. നീലക്കുറിഞ്ഞിയുടെ നീല വസന്തം കാണാന്‍ മൂന്നാറിലേക്ക് മല കയറുന്നവര്‍ക്ക് കാന്തല്ലൂരിലെത്തി ആപ്പിളും കഴിച്ചുമടങ്ങാം. കേരളത്തിന്റെ സ്വന്തം 'ആപ്പിള്‍ ഗ്രാമമാ'യ കാന്തല്ലൂര്‍ പഴുത്തുതുടുത്ത ആപ്പിളുകള്‍ മരങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന കാഴ്ചയ്‌ക്കൊപ്പം തോട്ടത്തില്‍നിന്ന് നേരിട്ട് പറിച്ചുകഴിക്കാനുള്ള അവസരവുമാണ് സഞ്ചാരികള്‍ക്കായി ഒരുക്കിയിരിക്കുന്നത്. സംസ്ഥാനത്ത് വ്യാവസായികാടിസ്ഥാനത്തില്‍ ആപ്പിള്‍ കൃഷി ചെയ്യുന്ന ഏക സ്ഥലമാണ് കാന്തല്ലൂര്‍. മറയൂര്‍ മലനിരകള്‍ പിന്നിട്ട് കാന്തല്ലൂരിലേക്ക് എത്തുമ്പോഴുള്ള തണുത്ത കാലാവസ്ഥയും ഫലഭൂയിഷ്ഠമായ മണ്ണുമാണ് ആപ്പിള്‍ കൃഷിക്ക് അനുയോജ്യം. 15 വര്‍ഷം മുമ്പ് ആരംഭിച്ച പരീക്ഷണങ്ങളാണ് ഇന്ന് കാന്തല്ലൂരിനെ ദക്ഷിണേന്ത്യയിലെ അപൂര്‍വ ഫാം ടൂറിസം കേന്ദ്രമാക്കി മാറ്റിയത്. അധികം മഞ്ഞുവീഴ്ച ആവശ്യമില്ലാത്ത എച്ച്ആര്‍എംഎന്‍ 90, ട്രോപിക്കല്‍ ബ്യൂട്ടി, ട്രോപിക്കല്‍ റെഡ് ഡിലീഷ്യസ് എന്നീ മികച്ച ട്രോപ്പിക്കല്‍ ഇനങ്ങളാണ് ഇവിടെ പ്രധാനമായും കൃഷി ചെയ്യുന്നത്. രാസവളങ്ങളോ വിഷകീടനാശിനികളോ ഉപയോഗിക്കാതെ പൂര്‍ണമായും ജൈവവളങ്ങള്‍ മാത്രമാണ് കൃഷിക്കായി ഉപയോഗിക്കുന്നത്. അതിനാല്‍ തന്നെ രുചിയിലും ഗുണനിലവാരത്തിലും ഇവിടുത്തെ ആപ്പിളുകള്‍ വിപണിയിലെ മറ്റ് ആപ്പിളുകളേക്കാള്‍ ബഹുദൂരം മുന്നിലാണ്. ഒരു മരത്തില്‍ നിന്ന് ശരാശരി 30 കിലോയോളം ആപ്പിള്‍ ലഭിക്കുന്നു. സെപ്റ്റംബര്‍ പകുതിയോടെയോ ഈ വര്‍ഷത്തെ വിളവെടുപ്പ് പൂര്‍ണമായും അവസാനിക്കും. ആപ്പിളിന് പുറമേ ഓറഞ്ച്, പ്ലംസ്, പാഷന്‍ ഫ്രൂട്ട്, സബര്‍ജല്ലി (പിയര്‍), സ്‌ട്രോബെറി തുടങ്ങിയ അപൂര്‍വ ഫലവൃക്ഷങ്ങളും ഇവിടുത്തെ കൃഷിയിടങ്ങളെ സമ്പന്നമാക്കുന്നു. പ്രതികൂല കാലാവസ്ഥയും മഴയിലെ വ്യതിയാനങ്ങളും ഇത്തവണ കൃഷിയെ ഭാഗികമായി ബാധിച്ചിരുന്നെങ്കിലും ആപ്പിളുകളുടെ രുചിയിലോ മധുരത്തിലോ യാതൊരു കുറവുമില്ലെന്ന് കര്‍ഷകര്‍ സാക്ഷ്യപ്പെടുത്തുന്നു. ദിനംപ്രതി നൂറുകണക്കിന് സഞ്ചാരികളാണ് കാര്‍ഷിക വിശേഷങ്ങള്‍ തേടിയും പ്രകൃതിഭംഗി ആസ്വദിക്കാനും ഇവിടേക്ക് എത്തിച്ചേരുന്നത്. ഈ ഓണാവധിക്കാലത്ത് കുടുംബസമേതം വേറിട്ടൊരു യാത്രാനുഭവം സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന ഏതൊരു സഞ്ചാരിയെയും കാന്തല്ലൂരിലെ ഈ ചുവപ്പണിഞ്ഞ ആപ്പിള്‍ തോട്ടങ്ങള്‍ തീര്‍ച്ചയായും വിസ്മയിപ്പിക്കും.
What's Your Reaction?