ക്യാന്‍സറിനെ തോല്‍പ്പിച്ച് മണ്ണിലേക്ക്: ഏലം കൃഷിയില്‍ നൂറ് മേനി വിജയവുമായി നെടുങ്കണ്ടം സ്വദേശി രാജു ദിവാകരന്‍
ക്യാന്‍സറിനെ തോല്‍പ്പിച്ച് മണ്ണിലേക്ക്: ഏലം കൃഷിയില്‍ നൂറ് മേനി വിജയവുമായി നെടുങ്കണ്ടം സ്വദേശി രാജു ദിവാകരന്‍
ഇടുക്കി: ജീവിതത്തില്‍ ചില പോരാട്ടങ്ങള്‍ ജയിച്ചാലും മുറിവുകള്‍ ബാക്കിയാകും. എന്നാല്‍ ചില വിജയങ്ങള്‍ മറ്റുള്ളവര്‍ക്ക് പ്രതീക്ഷയുടെ വിത്താകുകയും ചെയ്യും. നെടുങ്കണ്ടം താന്നിമൂട് കാനത്തില്‍ രാജു ദിവാകരന്‍ അത്തരമൊരു ജീവിതകഥയുടെ ഉടമയാണ്. ബ്ലഡ് ക്യാന്‍സറിന്റെ വേദനയും നീണ്ട കീമോ തെറാപ്പിയുടെ ക്ഷീണവും പിന്നിലാക്കി ഇന്ന് ഏലത്തിന്റെ സുഗന്ധത്തില്‍ ജീവിതം വീണ്ടും പടുത്തുയര്‍ത്തുകയാണ് അദ്ദേഹം. 2019ലാണ് രാജു ദിവാകരന് ബ്ലഡ് ക്യാന്‍സര്‍ സ്ഥിരീകരിച്ചത്. തുടര്‍ച്ചയായ കീമോ തെറാപ്പി ചികിത്സകളും ശാരീരിക ബുദ്ധിമുട്ടുകളും ജീവിതത്തെ ഏറെ തളര്‍ത്തി. എന്നാല്‍ മനോധൈര്യം കവര്‍ന്നെടുക്കാന്‍ അനുവദിക്കാതെ ചികിത്സകള്‍ക്കുശേഷം വെറുതെയിരുന്നില്ല. ജീവിതത്തിലേക്ക് തിരികെ നടക്കാന്‍ അദ്ദേഹം തിരഞ്ഞെടുത്ത വഴി കൃഷിയായിരുന്നു. ആരംഭം വെറും 50 സെന്റ് സ്ഥലത്ത് ഏലം കൃഷിയിലൂടെയായിരുന്നു. പലരും കൃഷിക്ക് അനുയോജ്യമല്ലെന്ന് വിലയിരുത്തിയ സി സോണിലെ ഭൂമിയിലായിരുന്നു പരീക്ഷണം. എന്നാല്‍ ആത്മവിശ്വാസവും ശാസ്ത്രീയ കൃഷിരീതികളും ആ പരീക്ഷണത്തെ വന്‍ വിജയമാക്കി. ഇന്ന് അദ്ദേഹത്തിന്റെ ഏലം കൃഷി നാലര ഏക്കറിലേക്ക് വളര്‍ന്നു. ഈ യാത്രയില്‍ ഭാര്യ സരസ രാജുവും എന്നും ഒപ്പമുണ്ട്. ഞള്ളാനി ഇനത്തില്‍പ്പെട്ട ഏലത്തൈകളാണ് കൃഷിക്കായി ഉപയോഗിക്കുന്നത്. പൂര്‍ണമായും ജൈവസൗഹൃദ സമീപനമാണ് ഇവര്‍ പിന്തുടരുന്നത്. പുതയിടല്‍, ഷേഡ് റെഗുലേഷന്‍, ശക്തമായ കാറ്റിനെ പ്രതിരോധിക്കാനുള്ള സംവിധാനങ്ങള്‍, കൃത്യമായ ജലസേചനം, അഴുകല്‍ രോഗ നിയന്ത്രണം എന്നിവയില്‍ പ്രത്യേക ശ്രദ്ധയാണ് നല്‍കുന്നത്. ഓരോ ഘട്ടവും ശാസ്ത്രീയമായി ആസൂത്രണം ചെയ്യുന്നതാണ് മികച്ച വിളവിന്റെ രഹസ്യമെന്ന് രാജു പറയുന്നു. ക്യാന്‍സറിനെ തോല്‍പ്പിച്ചത് മരുന്നുകള്‍ മാത്രമായിരുന്നില്ല. മണ്ണിനോടുള്ള സ്‌നേഹവും അധ്വാനവും ആത്മവിശ്വാസവും കൂടിയായിരുന്നു. രോഗത്തിന്റെ ഇരുണ്ട ദിനങ്ങളില്‍നിന്ന് പ്രതീക്ഷയുടെ പച്ചപ്പിലേക്ക് നടന്നുകയറിയ രാജു ദിവാകരന്റെ ജീവിതം ഇന്ന് നിരവധി രോഗികള്‍ക്കും കര്‍ഷകര്‍ക്കും ഒരുപോലെ പ്രചോദനമാണ്. ഏലത്തിന്റെ ഓരോ കതിരിലും നിറയുന്നത് വിളവിന്റെ സുഗന്ധം മാത്രമല്ല, തോല്‍വി സമ്മതിക്കാത്ത ഒരു മനുഷ്യന്റെ വിജയഗാഥ കൂടിയാണ്.
What's Your Reaction?