ഇഎസ്എ കരടുവിജ്ഞാപനം: ജനവാസ മേഖലകളെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് കോണ്‍ഗ്രസ്
ഇഎസ്എ കരടുവിജ്ഞാപനം: ജനവാസ മേഖലകളെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് കോണ്‍ഗ്രസ്
ഇടുക്കി: ഇഎസ്എ കരട് വിജ്ഞാപനവുമായി ബന്ധപ്പെട്ട ആശങ്ക പരിഹരിക്കാനായി സുപ്രീംകോടതിയേയും ഹൈക്കോടതിയേയും സമീപിക്കുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍. മലയോര മേഖലയുടെ വികസനത്തിന് മരണമണി മുഴക്കുന്നതാണ് കരട് വിജ്ഞാപനം. ഇഎസ്എ പ്രദേശങ്ങള്‍ നിശ്ചയിക്കുംമുമ്പ് പ്രാദേശിക നിരീക്ഷണങ്ങള്‍ക്കായി പഞ്ചായത്തുതലത്തില്‍ അഞ്ചംഗ സമിതിയെ ചുമതലപ്പെടുത്തണമെന്നും വിവിധ മേഖലകളിലുള്ള ഉദ്യോഗസ്ഥ സംഘത്തിന്റെ നേതൃത്വത്തില്‍ ഇഎസ്എ നിശ്ചയിക്കണമെന്നും കഡസ്ട്രല്‍ മാപ്പ് തയാറാക്കി അവര്‍ അതില്‍ ഒപ്പുവയ്ക്കണമെന്നും ആവശ്യപ്പെട്ടതുപ്രകാരം അവ തയാറാക്കി നല്‍കിക്കഴിഞ്ഞാണ് 2014ല്‍ ഇഎസ്എ മേഖല 13,108 ചതുരശ്രകിലോമീറ്ററില്‍ നിന്ന് 9993.7 ആക്കി കുറച്ചത്.
ഈ ശുപാര്‍ശകള്‍ അവഗണിക്കുകയും പുതിയ കരട് വിജ്ഞാപനത്തില്‍ കട്ടപ്പന അടക്കമുള്ള ജനവാസ മേഖലകളെ ഉള്‍പ്പെടുത്തുകയുംചെയ്തു. 12 വര്‍ഷത്തിനിടെ ഏഴുതവണ ഇതേ വിജ്ഞാപനം ആവര്‍ത്തിക്കുന്നതല്ലാതെ യാതൊരുതിരുത്തലും വരുത്താന്‍ കേന്ദ്രം തയാറായിട്ടില്ല. ഇഎസ്എ മേഖല കുറയ്ക്കണമെന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ പലതവണ ആവശ്യപ്പെട്ടിരുന്നെങ്കിലും കൃത്യമായ കണക്കും കഡസ്ട്രല്‍ മാപ്പും നല്‍കാത്തതിനാലാണ് കേന്ദ്രം വഴങ്ങാത്തതെന്നാണ് സൂചന. ഉമ്മന്‍ വി ഉമ്മന്‍ കമ്മിറ്റി മുഖേന നല്‍കിയിട്ടുള്ള റിപ്പോര്‍ട്ട് പരിഗണിക്കുന്നതിലും ഗുരുതരമായ അനാസ്ഥയും അവഗണനയും ഉണ്ടായി. ഒരുസെന്റുപോലും വനഭൂമി ഇല്ലാത്ത ഒട്ടേറെ വില്ലേജുകള്‍ ഇഎസ്എയുടെ പരിധിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഒരു ചതുരശ്ര കിലോമീറ്ററിന് നൂറിലധികം ജനസാന്ദ്രതയുള്ള പ്രദേശം ഒഴിവാക്കുമെന്ന ഗാഡ്ഗില്‍-കസ്തൂരിരംഗന്‍ ശുപാര്‍ശകള്‍ പൂര്‍ണമായി അവഗണിച്ചാണ് കട്ടപ്പന നഗരസഭയെപ്പോലും ഇഎസ്എയുടെ പരിധിയിലാക്കിയിരിക്കുന്നത്. വില്ലേജ് പരിധിയിലുള്ള വനം-റവന്യു-കൃഷി ഉദ്യോഗസ്ഥരുടെ സംയുക്ത പരിശോധനാ റിപ്പോര്‍ട്ട് തള്ളിക്കൊണ്ട് ഹൈലെവല്‍ വര്‍ക്കിങ് ഗ്രൂപ്പ് തയാറാക്കിയ റിപ്പോര്‍ട്ടിനെതിരെയും കേന്ദ്ര പരിസ്ഥിതി-വനം-കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിനെതിരെയും പരാതി നല്‍കും. അന്തിമ വിജ്ഞാപനത്തില്‍ ഇത്തരം വില്ലേജുകളെ പൂര്‍ണമായി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മേല്‍ക്കോടതിയെ സമീപിക്കാനുമാണ് തീരുമാനമെന്ന് നേതാക്കള്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ കട്ടപ്പന നഗരസഭ മുന്‍ ചെയര്‍പഴ്സന്‍ ജോണി കുളംപള്ളില്‍, ഡിസിസി സെക്രട്ടറി കെ ജെ ബെന്നി, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് തോമസ് മൈക്കിള്‍, മണ്ഡലം പ്രസിഡന്റ് സിജു ചക്കുംമൂട്ടില്‍, സണ്ണി കോലോത്ത്, ജോസ് കലയത്തിനാല്‍, റൂബി വേഴമ്പത്തോട്ടം, ജോസ് ആനക്കല്ലില്‍, സി എം തങ്കച്ചന്‍, രാജു വെട്ടിക്കല്‍, അലന്‍ സി മനോജ്, നന്ദന്‍ മേനോന്‍, സിബി കൊല്ലംകുടിയില്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?