ഒടുങ്ങാത്ത കാട്ടാനക്കലി: ഇടുക്കി ജില്ലയില്‍ രണ്ടരവര്‍ഷത്തിനിടെ കൊല്ലപ്പെട്ടത് 13 പേര്‍

ഒടുങ്ങാത്ത കാട്ടാനക്കലി: ഇടുക്കി ജില്ലയില്‍ രണ്ടരവര്‍ഷത്തിനിടെ കൊല്ലപ്പെട്ടത് 13 പേര്‍

Aug 30, 2026 - 13:05
 0
ഒടുങ്ങാത്ത കാട്ടാനക്കലി: ഇടുക്കി ജില്ലയില്‍ രണ്ടരവര്‍ഷത്തിനിടെ കൊല്ലപ്പെട്ടത് 13 പേര്‍
This is the title of the web page

ഇടുക്കി: ജില്ലയില്‍ രണ്ടരവര്‍ഷത്തിനിടെ കാട്ടാനക്കലിയില്‍ പൊലിഞ്ഞത് 13 ജീവനുകള്‍. ഇതില്‍ 5 പേര്‍ കൊല്ലപ്പെട്ടത് ദേവികുളം ഫോറസ്റ്റ് റേഞ്ചിന്റെ പരിധിയില്‍. വന്യജീവിശല്യം രൂക്ഷമായി തുടരുമ്പോഴും ശാശ്വത പരിഹാരം ഇനിയുമകലെ. കാട്ടാനയാക്രമണത്തിന് ഇരയായവര്‍ തോട്ടം തൊഴിലാളികളും സാധാരണക്കാരുമാണ്. കഴിഞ്ഞ ജൂണ്‍ എട്ടിനാണ് ചിന്നക്കനാല്‍ സിങ്കുകണ്ടം സ്വദേശിനി മാരി(36), മക്കളെ സ്‌കൂള്‍ ബസില്‍ കയറ്റിവിടാന്‍ പോകുന്നതിനിടെ കാട്ടാനയാക്രമണത്തില്‍ കൊല്ലപ്പെട്ടത്. മാരിയുടെ മരണത്തിനുപിന്നാലെ കാട്ടാനശല്യത്തിന് അടിയന്തര പരിഹാരമുണ്ടാക്കുമെന്ന് വനംമന്ത്രി പ്രഖ്യാപിച്ചെങ്കിലും തുടര്‍നടപടി ഉണ്ടായില്ല. മനുഷ്യജീവനും കൃഷിക്കും ഒരുപോലെ ഭീഷണിയായ 18 കാട്ടാനകളുള്ള ചിന്നക്കനാലില്‍ പ്രത്യേക ദ്രുതപ്രതികരണ സേനയായ ആര്‍ആര്‍ടി യൂണിറ്റ് സ്ഥാപിക്കുമെന്ന മന്ത്രിയുടെ വാഗ്ദാനവും സര്‍ക്കാര്‍ ഉത്തരവില്‍ ഒതുങ്ങി. 2023ല്‍ പീരുമേട്ടില്‍ പ്രഖ്യാപിച്ച ആര്‍ആര്‍ടി യൂണിറ്റുപോലും ഇതുവരെ യാഥാര്‍ഥ്യമായിട്ടില്ല.
കാട്ടാനകള്‍ ജനവാസമേഖലകളിലേക്ക് ഇറങ്ങുന്നത് തടയാന്‍ അടിമാലി കാഞ്ഞിരവേലി, ചിന്നക്കനാല്‍, ശാന്തന്‍പാറ, മറയൂര്‍, കാന്തല്ലൂര്‍ എന്നിവിടങ്ങളില്‍ സൗരോര്‍ജ തൂക്കുവേലികള്‍ സ്ഥാപിക്കുമെന്ന പ്രഖ്യാപനവും ജലരേഖയായി.
മാരിയുടെ മരണശേഷം ചിന്നക്കനാലിലെ അക്രമകാരികളായ കാട്ടാനകളെ പിടികൂടി മാറ്റണമെന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ആവശ്യപ്പെട്ടിട്ടും വനംവകുപ്പ് ഫലപ്രദമായ ഇടപെടല്‍ നടത്തിയില്ല. വന്യജീവി ശല്യം പരിഹരിക്കാന്‍ നിയമനിര്‍മാണം വേണമെന്ന ആവശ്യത്തിനും പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. പ്രഖ്യാപനങ്ങളും വാഗ്ദാനങ്ങളും തുടരുമ്പോഴും കാട്ടാന ഭീഷണിയില്‍ ജീവിക്കേണ്ടിവരുന്നത് സാധാരണക്കാരാണ്.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow