ചൊക്രമുടിയിലെ തര്‍ക്ക ഭൂമിയില്‍ റവന്യു വകുപ്പിന്റെ 'പൂട്ടുവീണു': പൊതുജനങ്ങള്‍ക്കും വാഹനങ്ങള്‍ക്കും പ്രവേശനം നിഷേധിച്ച് വില്ലേജ് ഓഫീസര്‍ ഉത്തരവിറക്കി
ചൊക്രമുടിയിലെ തര്‍ക്ക ഭൂമിയില്‍ റവന്യു വകുപ്പിന്റെ 'പൂട്ടുവീണു': പൊതുജനങ്ങള്‍ക്കും വാഹനങ്ങള്‍ക്കും പ്രവേശനം നിഷേധിച്ച് വില്ലേജ് ഓഫീസര്‍ ഉത്തരവിറക്കി
ഇടുക്കി: വ്യാജ പട്ടയം റദ്ദാക്കി റവന്യു വകുപ്പ് കൈയേറ്റക്കാരില്‍നിന്ന് തിരിച്ചുപിടിച്ച ചൊക്രമുടിയിലെ പത്തേക്കര്‍ ഭൂമിയില്‍ നീലക്കുറിഞ്ഞി പൂത്തു. എന്നാല്‍ ഈ സ്ഥലത്തേക്ക് പൊതുജനങ്ങള്‍ക്കും വാഹനങ്ങള്‍ക്കും പ്രവേശനം പൂര്‍ണമായി വിലക്കിക്കൊണ്ട് വില്ലേജ് ഓഫീസര്‍ ഉത്തരവിറക്കി. ദിവസവും ആയിരത്തിലേറെ സഞ്ചാരികളാണ് നീലക്കുറിഞ്ഞി കാണാന്‍ ഇവിടേയക്ക് എത്തുന്നത്.
എന്നാല്‍ കുറിഞ്ഞിവസന്തത്തിന്റെ മനോഹരക്കാഴ്ചകള്‍ക്കിടയിലും റവന്യു വകുപ്പും ബൈസണ്‍വാലി പഞ്ചായത്തും തമ്മിലുള്ള അധികാരത്തര്‍ക്കവും പ്രദേശവാസികളുടെ പ്രതിഷേധവും ചൊക്രമുടിയില്‍ പുകയുകയാണ്. സന്ദര്‍ശകര്‍ക്കായി ഉദ്യാനം തുറന്നുകൊടുത്ത് ആറ് ദിവസം പിന്നിടുമ്പോള്‍ ഏഴായിരത്തിലേറെ സഞ്ചാരികളാണ് ചൊക്രമുടിയിലെത്തിയത്. ഇതുവരെ ഏഴ് ലക്ഷത്തോളം രൂപയുടെ വരുമാനം ഇതിലൂടെ വനംവകുപ്പിന് ലഭിച്ചു. നിലവില്‍ പെയ്യുന്ന മഴ പൂര്‍ണമായും മാറിനില്‍ക്കുകയാണെങ്കില്‍ അടുത്ത പത്ത് ദിവസത്തിനുള്ളില്‍ ചൊക്രമുടി മലനിരകള്‍ പൂര്‍ണമായും കുറിഞ്ഞിപ്പൂക്കളാല്‍ നിറയും. സെപ്റ്റംബര്‍ 30 വരെ നീലക്കുറിഞ്ഞി വസന്തം തുടരുമെന്നാണ് വനംവകുപ്പ് അധികൃതരുടെ വിലയിരുത്തല്‍. ഈ പ്രദേശത്ത് അനിയന്ത്രിതമായി ജീപ്പ് സ്റ്റണ്ടിങ്ങിനും ഓഫ് റോഡ് ട്രക്കിങ്ങിനായി വാഹനങ്ങള്‍ കടത്തിവിടുന്നതും വന്‍ അപകടങ്ങള്‍ക്ക് വഴിവയ്ക്കുമെന്ന നിലപാടിലാണ് റവന്യു വകുപ്പ്. തന്നെയുമല്ല, സര്‍ക്കാര്‍ തിരിച്ചുപിടിച്ച ഈ ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസ് നിലവില്‍ കോടതിയുടെ പരിഗണനയിലുമാണ്.
ഫീസ് ഈടാക്കല്‍ തര്‍ക്കവും പ്രദേശവാസികള്‍ക്കുള്ള ഇളവും റവന്യു ഭൂമിയില്‍ നീലക്കുറിഞ്ഞി കാണാനെത്തുന്നവരില്‍നിന്ന് ഫീസ് ഈടാക്കാന്‍ ബൈസണ്‍വാലി പഞ്ചായത്ത് അധികൃതര്‍ അനുമതി തേടി ജില്ലാ ഭരണകൂടത്തെ സമീപിച്ചിരുന്നെങ്കിലും റവന്യു വകുപ്പ് ഈ ആവശ്യം തള്ളി. ഇതിനിടെ, തദ്ദേശീയരില്‍നിന്ന് ഫീസ് ഈടാക്കാന്‍ നീക്കം നടക്കുന്നതായി നാട്ടുകാര്‍ ആരോപണമുന്നയിച്ചു.
എന്നാല്‍ ആരോപണങ്ങള്‍ നിഷേധിച്ച വനംവകുപ്പ് അധികൃതര്‍, പ്രദേശവാസികള്‍ക്ക് ടിക്കറ്റ് നിരക്കില്‍ പ്രത്യേക ഇളവ് അനുവദിച്ചിട്ടുണ്ടെന്നും ആദിവാസി വിഭാഗത്തില്‍പ്പെട്ട തദ്ദേശീയരെ പൂര്‍ണമായും സൗജന്യമായാണ് കടത്തിവിടുന്നതെന്നും വ്യക്തമാക്കി. പ്രകൃതിയുടെ അപൂര്‍വ ചാരുത നുകരാന്‍ എത്തുന്ന സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം റവന്യു ഭൂമിയുടെ സംരക്ഷണവും മുന്‍നിര്‍ത്തി കര്‍ശന സുരക്ഷാ മാനദണ്ഡങ്ങളോടെയാണ് ചൊക്രമുടിയില്‍ നിലവില്‍ വനം-റവന്യു വകുപ്പുകള്‍ മുന്നോട്ടുപോകുന്നത്.
What's Your Reaction?