കനത്ത മഴ: ചെല്ലാര്‍കോവില്‍ റോഡില്‍ വെള്ളക്കെട്ട്: വീടുകളിലും വെള്ളം കയറി
കനത്ത മഴ: ചെല്ലാര്‍കോവില്‍ റോഡില്‍ വെള്ളക്കെട്ട്: വീടുകളിലും വെള്ളം കയറി
ഇടുക്കി: കുമളി, അണക്കര മേഖലകളില്‍ വെള്ളിയാഴ്ച പെയ്ത് കനത്ത മഴയില്‍ ഗ്രാമീണ റോഡുകളില്‍ പലയിടത്തും വെള്ളക്കെട്ടും ചെളികുഴികളും രൂപപ്പെട്ടു. വര്‍ഷങ്ങള്‍ക്കുമുമ്പ് നിര്‍മിച്ച കലിങ്കുകള്‍ പലയിടത്തും അടഞ്ഞുപോയതും സ്വകാര്യ വ്യക്തികള്‍ മണ്ണിട്ട് മൂടിയതും മൂലം മഴയെത്തൊഴുകി വരുന്ന വെള്ളവും കല്ലുകളും അടക്കം റോഡില്‍ പലയിടത്തും നിരന്ന് കിടക്കുന്ന സ്ഥിതിയാണ്. ഇതോടൊപ്പം റോഡിനേക്കാള്‍ താഴ്ന്നുകിടക്കുന്ന വീട്ടുമുറ്റങ്ങളിലേക്കും മലിനജലവും ചെളിയും അടക്കം അടിഞ്ഞുകൂടിയ നിലയിലാണ്. ചെല്ലാര്‍കോവില്‍ മറ്റപ്പള്ളില്‍ ജിജി എബ്രഹാമിന്റെ റോഡിലൂടെ ഒലിച്ചെത്തിയ മലിനജലവും ചാണകവും അടക്കം വീട്ടുമുറ്റത്തും പോര്‍ച്ചിലുമായി കെട്ടി കിടക്കുകയാണ്. മലിനജലത്തിലൂടെയല്ലാതെ വീട്ടിലേക്ക് കയറാന്‍ മാര്‍ഗമില്ല. അണക്കര മുതല്‍ ചെല്ലാര്‍കോവില്‍ വരെ മഴവെള്ളം ഒഴുകിപ്പോകുന്നതിനായി മുമ്പ് നിര്‍മിച്ചിരുന്ന കലുങ്കുകള്‍ പലതും കാലക്രമേണ ഇല്ലാതായി. ഇതോടെ ശക്തമായി മഴപെയ്താല്‍ ഒഴുകിയെത്തുന്ന മഴവെള്ളവും റോഡിലെ മാലിന്യങ്ങളും ഉള്‍പ്പെടെ റോഡരികിലും റോഡിനോട് ചേര്‍ന്നുള്ള വീട്ടുമുറ്റങ്ങളിലും കെട്ടിനില്‍ക്കുകയാണ്. പലയിടത്തും റോഡിന്റെ അശാസ്ത്രീയമായ നിര്‍മാണ രീതി മൂലവും മഴവെള്ളം റോഡില്‍ തന്നെ കെട്ടിനില്‍ക്കുന്ന അവസ്ഥയുണ്ട്. അടഞ്ഞുപോയ കലുങ്കുകള്‍ പൂര്‍വാവസ്ഥയില്‍ സംരക്ഷിച്ചുനിര്‍ത്താന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
What's Your Reaction?