ചിന്നക്കനാലിലെ കൈയേറ്റ ഭൂമി പിടിച്ചെടുത്ത് തിരികെ നല്‍കണമെന്ന് ആദിവാസികള്‍
ചിന്നക്കനാലിലെ കൈയേറ്റ ഭൂമി പിടിച്ചെടുത്ത് തിരികെ നല്‍കണമെന്ന് ആദിവാസികള്‍
ഇടുക്കി: ചിന്നക്കനാലിലെ ഭൂമി കൈയേറ്റക്കാര്‍ക്കെതിരെ പ്രതിഷേധം ശക്തമാക്കി ആദിവാസി ജനത. ഇത് പിടിച്ചെടുത്ത് യഥാര്‍ഥ അവകാശികളായ ആദിവാസികള്‍ക്ക് തിരികെ നല്‍കണമെന്ന് ആവശ്യം. പ്രദേശത്തെ അനധികൃത നിര്‍മാണങ്ങളും കൈയേറ്റങ്ങളുമാണ് കാട്ടാന ആക്രമണങ്ങള്‍ വര്‍ധിക്കാന്‍ പ്രധാന കാരണമെന്ന് ചിന്നക്കനാല്‍ വിദഗ്ധ സമിതിയിലെ ആദിവാസി പ്രതിനിധി മുരുകേശന്‍ പറഞ്ഞു. ചിന്നക്കനാല്‍ വില്ലേജില്‍ അഞ്ച് ആദിവാസി പുനരധിവാസ നഗറുകളാണുള്ളത്. 2002ല്‍ സര്‍ക്കാര്‍ പന്തടിക്കുളം, 80 ഏക്കര്‍, വിലക്ക്, സൂര്യനെല്ലി, 301 നഗര്‍ എന്നിവിടങ്ങളിലായി അറുന്നൂറോളം കുടുംബങ്ങളെ കുടിയിരുത്തിയിരുന്നു. എന്നാല്‍, ഇന്ന് ഇരുനൂറോളം ആദിവാസി കുടുംബങ്ങള്‍ മാത്രമാണ് ഇവിടെ അവശേഷിക്കുന്നത്. ആദിവാസികള്‍ക്ക് അവകാശപ്പെട്ട ഭൂമിയുടെ ഭൂരിഭാഗവും ഏലം കൃഷിയുടെ മറവില്‍ കൈയേറ്റക്കാര്‍ കൈവശപ്പെടുത്തിക്കഴിഞ്ഞു. കാട്ടാന ആക്രമണത്തിന്റെ പേരില്‍ തങ്ങളെ ഈ പ്രദേശത്തുനിന്ന് ഒഴിപ്പിക്കാന്‍ നീക്കം നടക്കുന്നുണ്ടെന്നും ഇതിനുപിന്നില്‍ ദുഷ്ടലാക്കുണ്ടെന്നും ആദിവാസികള്‍ ആരോപിക്കുന്നു. കാട്ടാന ആക്രമണത്തെക്കുറിച്ച് വിശദമായി പഠിക്കാന്‍ കലക്ടര്‍ നിയോഗിച്ച വിദഗ്ധസമിതി ആദിവാസികളുടെ ഭാഗം കൂടി കൃത്യമായി രേഖപ്പെടുത്തിയായിരിക്കും റിപ്പോര്‍ട്ട് തയ്യാറാക്കുക. വന്യജീവി സംഘര്‍ഷം പരിഹരിക്കാനുള്ള സമഗ്രമായ നിര്‍ദേശങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് അടുത്ത മാസം ആദ്യം സര്‍ക്കാരിന് സമര്‍പ്പിക്കും.
What's Your Reaction?