ചിന്നക്കനാല്‍ 301 ഉന്നതിയിലെ പ്രശ്നത്തിന് പരിഹാരം കാണാന്‍ ചേര്‍ന്ന യോഗം ജനപ്രതിനിധികളെ അറിയിച്ചില്ലെന്ന് സിപിഐഎം
ചിന്നക്കനാല്‍ 301 ഉന്നതിയിലെ പ്രശ്നത്തിന് പരിഹാരം കാണാന്‍ ചേര്‍ന്ന യോഗം ജനപ്രതിനിധികളെ അറിയിച്ചില്ലെന്ന് സിപിഐഎം
ഇടുക്കി: ചിന്നക്കനാലില്‍ റവന്യു വകുപ്പിന്റെ നടപടികള്‍ക്കെതിരെ പരസ്യവിമര്‍ശനവുമായി സിപിഐഎം പ്രാദേശിക നേതൃത്വം. ആനത്താരകളിലെ അനധികൃത വേലികള്‍ നീക്കം ചെയ്യുന്നതടക്കമുള്ള നടപടികളില്‍ ജനപ്രതിനിധികളെയും രാഷ്ട്രീയ നേതൃത്വത്തെയും വിശ്വാസത്തിലെടുക്കുന്നില്ല. കലക്ടര്‍ നേരിട്ടെത്തി യോഗം വിളിച്ചിട്ടും ജനപ്രതിനിധികളെ അറിയിച്ചില്ലെന്നും ഏകപക്ഷീയമായ ഇത്തരം ഇടപെടലുകള്‍ പ്രദേശത്ത് വലിയ പ്രതിഷേധത്തിനും വിഭാഗീയതയ്ക്കും കാരണമാകുന്നുവെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി. ആനത്താരകളിലെ അനധികൃത വേലികള്‍ നീക്കം ചെയ്തതുമായി ബന്ധപ്പെട്ടും 301 ഉന്നതി നിവാസികളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനുവേണ്ടിയുമാണ് യോഗം ചേര്‍ന്നത്. എന്നാല്‍ പ്രദേശത്തെ ഗൗരവകരമായ പ്രശ്നങ്ങള്‍ വേണ്ടവിധം പഠിക്കാതെയാണ് ജില്ലാ ഭരണകൂടം നടപടികളുമായി മുമ്പോട്ടുപോകുന്നതെന്നാണ് ആരോപണം. തമിഴ് സംസാരിക്കുന്നവര്‍ക്ക് ഭൂരിപക്ഷമുള്ള മേഖലയില്‍ തങ്ങളെ ബോധപൂര്‍വം മാറ്റിനിര്‍ത്തുകയാണെന്ന തരത്തിലുള്ള ആരോപണങ്ങള്‍ പോലും ഉയരുന്നുണ്ട്. ഇത്തരം സാഹചര്യങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ അവിശ്വാസവും പ്രതിഷേധവും വര്‍ധിപ്പിക്കും. വിഷയത്തില്‍ മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ നടത്തുന്ന പ്രതികരണങ്ങളും വസ്തുതകള്‍ കൃത്യമായി പരിശോധിക്കാതെയാണെന്നാണ് വിമര്‍ശനം. ഉദ്യോഗസ്ഥര്‍ നല്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമാണ് പല പ്രതികരണങ്ങളുമെന്നും പ്രദേശത്തെ യഥാര്‍ഥ സാഹചര്യം നേരിട്ട് മനസിലാക്കാന്‍ ശ്രമിക്കുന്നില്ലെന്നും നേതൃത്വം കുറ്റപ്പെടുത്തുന്നു. മഹേന്ദ്ര റിസോര്‍ട്ട് സ്ഥിതി ചെയ്യുന്നത് ആനത്താരയിലാണെന്ന വനംവകുപ്പ് മന്ത്രി ഷിബു ബേബി ജോണിന്റെ നിയമസഭയിലെ പരാമര്‍ശം ഇതിന് ഉദാഹരണമായി സിപിഐഎം ചൂണ്ടിക്കാട്ടുന്നു. ആനത്താരകള്‍, അനധികൃത കൈയേറ്റങ്ങള്‍, ഭൂമിയുടെ അവകാശം, ആദിവാസി പുനരധിവാസം തുടങ്ങി നിരവധി വിഷയങ്ങള്‍ ഒരേസമയം ചര്‍ച്ചയാകുന്ന ചിന്നക്കനാലില്‍ ഭരണകൂടത്തിന്റെ ഓരോ നീക്കവും നിര്‍ണായകമാണ്. എന്നാല്‍ ഇത്തരം വിഷയങ്ങളില്‍ ജനപ്രതിനിധികളെയും രാഷ്ട്രീയ നേതൃത്വത്തെയും വിശ്വാസത്തിലെടുക്കണമെന്ന ആവശ്യമാണ് സിപിഐഎം മുമ്പോട്ടുവയ്ക്കുന്നത്.
What's Your Reaction?