പകല്‍ച്ചൂടേറിയതോടെ കരിക്ക് വില്‍പ്പന തകൃതി: വില തോന്നുംപടിയെന്ന് പരാതി
പകല്‍ച്ചൂടേറിയതോടെ കരിക്ക് വില്‍പ്പന തകൃതി: വില തോന്നുംപടിയെന്ന് പരാതി
ഇടുക്കി: പകല്‍ച്ചൂട് വര്‍ധിച്ചതോടെ ജില്ലയില്‍ കരിക്ക് വില്‍പ്പന പൊടിപൊടിക്കുന്നു. 60 മുതല്‍ 80 രൂപ വരെയാണ് വില. മണ്ഡലകാലമാരംഭിച്ചതോടെ തീര്‍ഥാടകരില്‍നിന്ന് കൂടുതല്‍ തുക ഈടാക്കുന്നതായും പരാതിയുണ്ട്. പഴവര്‍ഗ സ്ഥാപനങ്ങള്‍ക്ക് പുറമേ ദേശീയ, സംസ്ഥാനപാതയോരങ്ങളിലടക്കം കച്ചവടക്കാര്‍ സജീവമായിക്കഴിഞ്ഞു. ആഭ്യന്തര ഉല്‍പാദനം കുറവായതിനാല്‍ തമിഴ്നാട്ടില്‍നിന്നാണ് പ്രധാനമായും ജില്ലയിലേക്ക് ഇറക്കുമതി ചെയ്യുന്നത്. അതിര്‍ത്തി ജില്ലയായ തേനിയില്‍നിന്ന് പ്രതിദിനം നിരവധി ലോഡ് എത്തുന്നുണ്ട്. സാധാരണയായി ആറുമാസത്തിലൊരിക്കലാണ് കരിക്കിന്റെ വിളവെടുപ്പ്. എന്നാല്‍ സീസണില്‍ ആവശ്യക്കാര്‍ കൂടുതലായതിനാല്‍ നാലുമാസമായി കുറച്ചു.
ശബരിമല തീര്‍ഥാടകര്‍ കടന്നുപോകുന്ന പാതകളില്‍ ഉന്തുവണ്ടികളിലും വഴിയോരക്കടകളിലുമായി കരിക്ക് കച്ചവടക്കാര്‍ വര്‍ധിച്ചിട്ടുണ്ട്. പമ്പയിലും പരിസരപ്രദേശങ്ങളിലും ദിവസവും നിരവധി ലോഡ് ഇറക്കുമതി ചെയ്യുന്നു. വേനല്‍ച്ചൂടില്‍ ആശ്വാസം തേടിയെത്തുന്ന വിനോദസഞ്ചാരികള്‍ക്കും കൂടുതല്‍ പ്രിയം കരിക്കാണ്. കൂടാതെ തണ്ണിമത്തന്‍, കരിമ്പിന്‍ ജ്യൂസ് വില്‍പ്പനയും വര്‍ധിച്ചിട്ടുണ്ട്. ഒരുഗ്ലാസ് ജ്യൂസിന് 40 മുതല്‍ 60 രൂപ വരെയാണ് വില. വഴിയോര ജ്യൂസ് കടകളും സജീവമായിക്കഴിഞ്ഞു. എന്നാല്‍ കരിക്കിനും ജ്യൂസിനും തോന്നുംപടി വില ഈടാക്കുന്നത് ആളുകളെ ബുദ്ധിമുട്ടിക്കുന്നു. വില ഏകീകരിക്കണമെന്ന് ആവശ്യമുയര്‍ന്നു.
What's Your Reaction?